ചുവടു മറക്കരുത്
ജീവിതയാത്രയിൽ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും അവഗണനയുടെയും ഇടുങ്ങിയ ഇടനാഴികളിൽനിന്ന് കാരുണ്യവാനായ ദൈവം അനേകരെ കരംപിടിച്ചുയർത്തി, സമ്പത്തിന്റെയും സമുന്നതമായ സാമൂഹിക ബന്ധങ്ങളുടെയും ഭൗതിക സുഖങ്ങളുടെയും രാജവീഥികളിലേക്കു നയിക്കുമ്പോൾ, പലരും തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തെയും അവിടെനിന്നു തങ്ങളെ രക്ഷിച്ച ദൈവത്തെയും മറന്നുപോകുന്നു. പാലും തേനും ഒഴുകുന്ന കനാൻ ദേശത്തിന്റെ പടിവാതിൽക്കൽ എത്തിയ യിസ്രായേൽമക്കളോട് മോശെ: “നീ മിസ്രയീംദേശത്ത് അടിമയായിരുന്നു” എന്ന് നാലു പ്രാവശ്യവും (ആവ, 15:15; 16:12; 24:18, 22), “നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തുവെന്നു ഓർക്കണം” എന്നു രണ്ടു പ്രാവശ്യവും (ആവ, 15:15; 24:18) ആവർത്തന പുസ്തകത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്. കഷ്ടതകളും ക്ലേശങ്ങളും കൂരമായ പീഡനങ്ങളും നിറഞ്ഞ അടിമജീവിതമെന്തെന്ന് 430 വർഷക്കാലം അനുഭവിച്ചറിഞ്ഞ അവർ തങ്ങളുടെ സമസൃഷ്ടികളോടു സ്നേഹത്തോടും കരുണയോടും പെരുമാറണമെന്ന് മോശെ ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, മിസ്രയീമിലെ ക്രൂരമായ അടിമത്തത്തിൽനിന്നു തങ്ങളെ വിമോചിപ്പിക്കുന്നതിനായി അവർ നിലവിളിച്ചപ്പോൾ തന്റെ ജനത്തിന്റെ കഷ്ടതകണ്ട്, അവരുടെ നിലവിളി കേട്ട് (പുറ, 3:7) യഹോവയാം ദൈവം അവരെ വീണ്ടെടുക്കുകയും വിമോചിപ്പിക്കുകയും ചെയ്തുവെന്ന വസ്തുത മറന്നുപോകരുതെന്നും മോശെ യിസ്രായേൽമക്കളെ ഉപദേശിക്കുന്നു. അത്യുന്നതനായ ദൈവം നമ്മെ അനുഗ്രഹത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തുമ്പോഴും, നമ്മെ കടത്തിവിട്ട കഷ്ടതയുടെ താഴ്വരകളെയും അവിടെയുള്ള മനുഷ്യരുടെ അവസ്ഥകളെയും സർവ്വോപരി ഒന്നുമില്ലായ്മയിൽനിന്നു നമ്മെ കോരിയെടുത്ത ദൈവത്തെയും മറക്കരുതെന്ന് ആവർത്തന പുസ്തകത്തിൽ ദൈവപുരുഷനായ മോശെ ആവർത്തിച്ചു നൽകുന്ന ശ്രേഷ്ഠമായ കല്പന ദൈവമക്കളുടെ ജീവിതവ്രതമാകണം.