ചമ്മട്ടി

ചമ്മട്ടി (scourge, whip)

ഷോത് എന്ന എബ്രായപദത്തെ ‘ചമ്മട്ടി’ എന്നും (ലേവ്യ, 23:13; 1രാജാ, 12:11, 14; 2ദിന, 10:11, 14; ഇയ്യോ, 5:21; സദൃ, 26:3; യെശ, 10:26; നഹൂം, 3:2), ‘ബാധ’ എന്നും (ഇയ്യോ, 9:23; യെശ, 28:15, 18) വിവർത്തനം ചെയ്തിരിക്കുന്നു. ദൈവാലയം ശുദ്ധിയാക്കുന്നതിന് ക്രിസ്തു ഉപയോഗിച്ച ചെറിയ കയറു കൊണ്ടുള്ള ചമ്മട്ടിയാണ് ‘ഫ്രാഗെല്ലിയൊൻ.’ (യോഹ, 2:15). അതിന്റെ ക്രിയാരൂപമാണു ‘ഫ്രാഗെല്ലൊവോ’ അഥവാ ചമ്മട്ടികൊണ്ടടിക്കുക. പിലാത്തോസിന്റെ കല്പനയാൽ യേശുവിനെ ചമ്മട്ടി കൊണ്ടടിച്ചു: (മത്താ, 27:26; മർക്കൊ, 15:15). റോമൻ രീതിയനുസരിച്ചു ഒരു വ്യക്തിയെ കുനിച്ചു തൂണിനോടു ബന്ധിച്ചാണു് ചമ്മട്ടി കൊണ്ടടിക്കുന്നത്. കൂർത്ത എല്ലിൻ കഷണങ്ങളോ ഈയമോ ചേർത്തു ബന്ധിച്ച തോൽവാറാണ് ചമ്മട്ടി. അടിയേറ്റു മാംസം മുതുകിൽ നിന്നും നെഞ്ചിൽ നിന്നും കീറി വേർപെടും. ”എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം.” (സങ്കീ, 22:17). ചമ്മട്ടികൊണ്ട് അടിക്കുന്നതിനെ കുറിക്കുന്ന മറ്റൊരു ഗ്രീക്കു പദമാണ് ‘മസ്റ്റിഗൊവോ’ യെഹൂദന്മാർ ചമ്മട്ടികൊണ്ട് അടിക്കുന്നതിനെയും (മത്താ, 10:17; 23:34), കർത്താവു സ്നേഹത്തിൽ നല്കുന്ന ബാലശിക്ഷയെയും (എബ്രാ, 12:6) കുറിക്കുന്നതിനു ഈ ധാതുവാണ് പ്രയോഗിച്ചിട്ടുള്ളത്. യെഹൂദന്മാരുടെ ചമ്മട്ടിയടിയെക്കുറിച്ചു വ്യക്തമായ വിവരണം മിഷ്ണായിലുണ്ട്. ചമ്മട്ടിക്ക് മൂന്നുതോൽ വാറുകൾ ഉണ്ടായിരിക്കും. കുറ്റക്കാരൻ്റെ നഗ്നമായ നെഞ്ചിൽ 13 അടിയും ഓരോ തോളിലും 13 അടി വീതവും നല്കും. പൗലൊസ് ഒന്നു കുറയ നാല്പതടി (മുപ്പത്തൊമ്പത്) അഞ്ചു പ്രാവശ്യം അനുഭവിച്ചു. (2കൊരി, 11:24). യെഹൂദാ രാജാവായ രെഹബെയാം ജനത്തെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നു പറഞ്ഞു. (1രാജാ, 12:11, 14; 2ദിന, 10:11, 14). ഇവിടെ തേൾ എന്നത് തേളിന്റെ കൊമ്പിന്റെ (sting) ആകൃതിയിൽ കുരുക്കിട്ടിട്ടുള്ള ചമ്മട്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *