ഗ്രീസ്/യവനദേശം (Greece)
സത്യവേദപുസ്തകത്തിൽ ഗ്രീസിന്റെ സ്ഥാനത്ത് യവനദേശം (സെഖ, 9:3), യവനരാജ്യം (ദാനീ, 11:2) എന്നീ പ്രയോഗങ്ങളാണുള്ളത്. യവനരാജാവ് (ദാനീ, 8:21), യവനപ്രഭു (ദാനീ, 10:20 എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. യാഫെത്തിന്റെ നാലാമത്തെ പുത്രനാണ് യാവാൻ. (ഉല്പ, 10:2, 4; 1ദിന, 1:5, 7; യെശ, 66:19; യെഹെ, 27:13). യാവാന്റെ സന്തതികളാണ് യവനർ അഥവാ ഗ്രീക്കുകാർ. യവനർ എന്ന പദം വ്യത്യസ്ത ആശയങ്ങളിലാണ് ബൈബിളിൽ പയോഗിച്ചിട്ടുള്ളത്. ഹെല്ലെന്യ വംശത്തിലുള്ളവരെ കുറിക്കുന്ന ഭാഗങ്ങളാണ് പ്രവൃത്തി 16:1; 18:4; യോഹന്നാൻ 12:20 എന്നിവ. യെഹൂദരല്ലാത്ത വിദേശീയരെ കുറിക്കുവാനും യവനനെന്ന പദം പ്രയോഗിച്ചിട്ടുണ്ട്. (റോമ, 1:16). ചിതറിപ്പാർത്ത യെഹൂദന്മാരിൽ ഗ്രീക്കു ഭാഷ സംസാരിക്കുന്നവരെയും യവന ഭാഷക്കാർ എന്നു വിളിച്ചു. (പ്രവൃ, 6’1; 9:29). പ്രവൃത്തി 9:29-ൽ യവനഭാഷക്കാരായ യെഹൂദന്മാർ എന്നു വിവേചിച്ചു പറഞ്ഞിട്ടുണ്ട്.
ദക്ഷിണ യൂറോപ്പിൽ തെക്കുകിഴക്കെ അറ്റത്തു കിടക്കുന്ന ദ്വീപസമൂഹമാണു ഗ്രീസ്. മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു ഉന്തിനില്ക്കുന്ന ചുറ്റുമുള്ള ദ്വീപുകളും ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരവും ചേർന്നതാണു് ഗ്രീസ്. ഉപദ്വീപാണു ഗ്രീസിന്റെ വൻകര. ഗ്രീസിന്റെ കിഴക്കു വശത്ത് ഈജിയൻ കടലും തെക്കു ക്രീറ്റൻ കടലും പടിഞ്ഞാറു അയോണിയൻ കടലും കിടക്കുന്നു. ഗ്രീക്കുകാർ സ്വയം ഹെല്ലനെർ എന്നും ദേശത്തെ ഹെല്ലാസ് എന്നും വിളിച്ചു. റോമാക്കാർ നല്കിയ പേരാണ് ഗ്രീസ്. പൗരാണിക ഗ്രീസിന്റെ സിംഹഭാഗവും മലമ്പ്രദേശമായിരുന്നു. ഓരോ പട്ടണത്തിനും അക്രൊപൊലിസും (കോട്ട) അഗോറയും (സമ്മേളനസ്ഥലം) ഉണ്ടായിരുന്നു. ചന്തസ്ഥലമായും സമ്മേളനസ്ഥലമായും അഗോറ പ്രയോജനപെട്ടു. ഗീസിലെ ജനങ്ങളിൽ രണ്ടു പ്രധാന വർഗ്ഗങ്ങളാണ് ഡോറിയരും (Dorians), അയോണിയരും (lonians).
ഗ്രീസിന്റെ പ്രദേശത്ത് ആദ്യം ഉദയം ചെയ്ത നാഗരികത ഈജിയൻ കടലിലെ ക്രേത്ത (Crete) ദ്വീപിലായിരുന്നു. ക്രേത്ത ഭരിച്ചിരുന്ന ഐതിഹാസിക ചക്രവർത്തിയായ മിനോസിൽനിന്നും സംസ്കാരത്തിന് മിനോയൻ എന്ന പേർ ലഭിച്ചു. അവർക്ക് ഒരു ലേഖനവ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അത് ആർക്കും വായിക്കുവാൻ കഴിഞ്ഞിട്ടില്ല. ബി.സി. 1450 വരെ മിനോയൻ അധീശത്വം പ്രബലമായിരുന്നു. അനന്തരം ഈ പ്രദേശത്തിന്റെ നിയന്ത്രണം മൈസീനിയരുടെ കൈകളിലായി. ബി.സി. പന്ത്രണ്ടാം ശതകത്തിൽ ട്രോയിക്കെതിരെയുള്ള യുദ്ധത്തിൽ മൈസീനിയർ വിജയികളായി. ഉത്തരഗ്രീസിൽ നിന്നും ഡോറിയർ ഈ പ്രദേശത്തേക്കു തള്ളിക്കയറി. മൈസീനിയരിലധികം പേരും ഏഷ്യാമൈനറിലേക്ക് (തുർക്കി) പലായനം ചെയ്തു. അതോടുകൂടി ബി.സി. 800 വരെ നീണ്ടുനിന്ന അന്ധകാരയുഗത്തിലേക്കു ഗ്രീസ് പ്രവേശിച്ചു.
ബി.സി. ഏഴാം നൂറ്റാണ്ടോടുകൂടി നഗരരാഷ്ട്രങ്ങൾ ഉയർന്നുവന്നു. ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങളായിരുന്നു ആതൻസും സ്പാർട്ടയും. നഗരരാഷ്ട്രങ്ങൾ പരസ്പരം കലഹിച്ചും മത്സരിച്ചും കഴിഞ്ഞുവന്നു. ബി.സി. 499-494-ലെ പേർഷ്യൻ യുദ്ധം ഗ്രീസിനെ വല്ലാതെ ഉലച്ചു. ചില നഗരരാഷ്ട്രങ്ങൾ പേർഷ്യയ്ക്ക് കീഴടങ്ങിയെങ്കിലും ആതൻസും സ്പാർട്ടായും ചെറുത്തുനിന്നു. പേർഷ്യയിലെ രാജാവായ ദാര്യാവേശ് ഒന്നാമൻ (Darius I) വിപ്ലവം അടിച്ചമർത്തിയശേഷം ആതൻസിനെ ദണ്ഡിപ്പിക്കുന്നതിനായി സൈന്യത്തെ നിയോഗിച്ചു. ബി.സി. 490-ൽ മാരത്തോണിൽ വച്ച് ആതൻസ് പേർഷ്യൻ സൈന്യത്തെ പരാജയപ്പെടുത്തി. ദാര്യാവേശിന്റെ പുത്രനായ കസെർക്സസ് ബി.സി. 480-ൽ ഗ്രീസിനെതിരെ ഒരു വലിയ ആക്രമണം ആസൂത്രണം ചെയ്തു. സ്പാർട്ടയുടെ നേതൃത്വത്തിൽ ഒത്തുചേർന്ന നഗരരാഷ്ട്രങ്ങൾ ആതൻസിനു വടക്കുള്ള തെർമോപൈലെയിൽ വച്ചു പേർഷ്യയെ ചെറുത്തു. ആതൻസിലെ രാഷ്ട്രതന്ത്രജ്ഞനായ തെമിസ്റ്റോക്ലീസ് സലാമിസിലേക്കു പിൻവാങ്ങി, പേർഷ്യയെ കഠിനമായി പരാജയപ്പെടുത്തി അവരുടെ പകുതി നാവികപ്പടയെ മുക്കി. ശേഷിച്ച പേർഷ്യൻ സൈന്യത്തെ ബി.സി. 479-ൽ തോല്പിച്ചു.
തുടർന്നു ആതൻസിന്റെ സുവർണ്ണ യുഗമായിരുന്നു. (ബി.സി. 477-431). പെലെപ്പൊണേഷ്യൻ യുദ്ധം (ബി.സി. 431) സുവർണ്ണയുഗത്തിന് അന്ത്യം കുറിച്ചു. ഗ്രീക്കു രാഷ്ട്രങ്ങൾ രണ്ടു ചേരികളായി തിരിഞ്ഞു. കരസൈന്യത്തിൽ പ്രാബല്യം പ്രാപിച്ച സ്പാർട്ടയുടെ കീഴിൽ ഡോറിയൻ രാഷ്ട്രങ്ങളും, നാവികസേനയിൽ ശക്തിയാർജ്ജിച്ച് ആതൻസിന്റെ കീഴിൽ അയോണിയൻ രാഷ്ട്രങ്ങളും ഒന്നിച്ചു ചേർന്നു. ആതൻസും സ്പാർട്ടയും തമ്മിലുണ്ടായ വിനാശകരമായ പെലപ്പൊണേഷ്യൻ യുദ്ധം ബി.സി. 404-ൽ ആതൻസിന്റെ പരാജയത്തിൽ പര്യവസാനിച്ചു. സ്പാർട്ടയുടെ മേൽക്കോയ്മ ക്ഷണികമായിരുന്നു. ബി.സി. 371-ൽ തീബ്സ് സ്പാർട്ടയെ പരാജയപ്പെടുത്തി. ഗ്രീസിന്റെ ഉത്തര ഭാഗത്തുള്ള മക്കദോന്യ (Macedonia) പ്രബലമായി. മക്കദോന്യയിലെ ചക്രവർത്തിയായ ഫിലിപ്പ് രണ്ടാമൻ ബി.സി. 338-ൽ ഗ്രീസിനെ കീഴടക്കി. 334-ൽ അലക്സാണ്ടർ പേർഷ്യയെ ആക്രമിക്കാനിറങ്ങിത്തിരിച്ചു. അലക്സാണ്ടറുടെ മരണം മുതൽ ബി.സി. 146 വരെയുള്ള കാലം ഹെല്ലന്യയുഗം എന്നറിയപ്പെടുന്നു. ബി.സി. 140-ൽ ഗ്രീസും മക്കെദോന്യയും റോമിന്റെ നിയന്ത്രണത്തിൽ വന്നു. എ.ഡി. 395-ൽ റോമാ സാമാജ്യം വിഭജിക്കപ്പെട്ടു. ഗ്രീസ് പൗരസ്ത്യ റോമാസാമാജ്യത്തിന്റെ ഭാഗമായി. പാശ്ചാത്യ റോമാസാമ്രാജ്യം എ.ഡി. 476-ൽ തകർന്നു. എ.ഡി. 1453-ൽ തുർക്കികൾ കീഴടക്കുന്നതുവരെ പൗരസ്ത്യ റോമാസാമ്രാജ്യം നിലനിന്നു.
പാശ്ചാത്യ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് ഗ്രീസ്. ബി.സി. 700 മുതൽ 250 വരെയുള്ള കാലം ഗ്രീസിന്റെ സുവർണ്ണ കാലവും സംസ്കാരത്തിന്റെ പുഷ്ക്കല ദശയുമായിരുന്നു. രാഷ്ട്രമീമാംസ, കല, സാഹിത്യം, തത്വചിന്ത, ശാസ്ത്രം എന്നിങ്ങനെ വിജ്ഞാനത്തിന്റെ വിഭിന്ന ശാഖകളിൽ ഗ്രീസ് സർവ്വതോന്മുഖമായ അഭിവൃദ്ധി നേടി. യൂക്ലിഡ്, പൈതഗോറസ്, ആർക്കിമിഡിസ്, തെയിൽസ് തടങ്ങിയ ശാസ്ത്രജ്ഞന്മാരും; സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ചിന്തകന്മാരും; ഹോമർ, ഹെസിയോഡു, പിണ്ടാർ തുടങ്ങിയ കവികളും; ഈസ്കിലസ്, യൂറിപ്പിഡീസ്, സോഫൊക്ലിസ് മുതലായ നാടകകൃത്തുക്കളും ഗീസിന്റെ മഹത്വം ദിഗന്തങ്ങളിൽ എത്തിച്ചു. വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസും, ചരിത്രത്തിന്റെ പിതാവായ ഹെരോഡോട്ടസും ഗ്രീസിന്റെ സംഭാവനകളാണ്. പൗലൊസ് ആതൻസ് സന്ദർശിച്ച് അവിടെയുള്ള പള്ളിയിലും , അഗോറയിലും അരയോപാഗസിലും പ്രസംഗിച്ചു. പക്ഷേ പൗലൊസവിടെ സഭ സ്ഥാപിച്ചില്ല. (പ്രവൃ, 17:16-34).