ഗിരിപ്രഭാഷണത്തിൻ്റെ അന്തഃസത്ത
യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ, ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തവർക്കോ മറ്റാർക്കെങ്കിലുമോ ദൈവരാജ്യം അവകാശമാക്കുവാൻ കഴിയണമെങ്കിൽ, ആ വ്യക്തികൾ തങ്ങളുടെ ജീവിതങ്ങളിൽ പ്രാവർത്തികമാക്കേണ്ട അടിസ്ഥാനപ്രമാണങ്ങൾ അടിവരയിട്ടു പ്രഖ്യാപിക്കുന്നു. മത്തായി തന്റെ സുവിശേഷത്തിന്റെ മൂന്ന് അദ്ധ്യായങ്ങളിലായി (5,6,7) യേശു പ്രസ്താവിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു . യഥാർത്ഥ ശിഷ്യത്വത്തിലൂടെ നേടുവാൻ കഴിയുന്ന സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ വിവരണങ്ങളോടെ (മത്താ, 5:3-12) ആരംഭിക്കുന്ന ഗിരിപ്രഭാഷണം, ഒരു ദൈവപൈതൽ ‘ഭൂമിയുടെ ഉപ്പാണെന്നും,’ ‘ലോകത്തിന്റെ വെളിച്ചം’ ആണെന്നും പഠിപ്പിക്കുന്നു. (മത്താ, 5:13-16). അന്നുവരെ ആക്ഷരികമായി അനുഷ്ഠിച്ചുപോരുന്ന പഴയനിയമങ്ങളുടെ അഗാധമായ അന്തഃസത്ത ഉൾക്കൊണ്ട് അവയുടെ വിശദവും വിശാലവുമായ അർത്ഥവ്യാപ്തി വ്യക്തമാക്കുന്ന പുതിയ നിയമങ്ങൾ യേശു ഗിരിപ്രഭാഷണത്തിൽ പ്രഖ്യാപിക്കുന്നു. (മത്താ, 5:17-18). പഴയനിയമം അനുസരിച്ച് ശാരീരികമായി ഒരുവനെ കൊലചെയ്യുന്നവൻ മാത്രമാണ് ന്യായവിധിക്കു വിധേയനാകുന്നത്. എന്നാൽ സഹോദരനോടു ‘കോപിക്കുന്നവരെയും’ സഹോദരനെ ‘നിസ്സാരനാക്കുന്നവരെയും’ സഹോദരനോടു നിരപ്പുപ്രാപിക്കുവാൻ കഴിയാത്തവരെയും കർത്താവ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നു; സഹോദരനെ ‘മൂഢാ’ എന്നു വിളിക്കുന്നവർക്ക് അഗ്നിനരകമാണ് ശിക്ഷ.(മത്താ, 5:21-26). അതുപോലെ വ്യഭിചാരം ചെയ്യരുത് എന്നുള്ള പഴയനിയമ കല്പന അനുസരിച്ച് ദാമ്പത്യത്തിനു പുറത്തുള്ള ശാരീരികവേഴ്ച മാത്രമാണ് വ്യഭിചാരമായി കണക്കാക്കിയിരുന്നത്. എന്നാൽ കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും ഹൃദയംകൊണ്ടു ചെയുന്ന വ്യഭിചാരമാണെന്ന് കർത്താവ് പഠിപ്പിച്ചു. (മത്താ, 5:28). അതോടൊപ്പം വിവാഹമോചനം പഴയനിയമത്തിൽ അനുവദനീയമായിരുന്നു എങ്കിലും വ്യഭിചാരം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുവാനോ വിവാഹമോചനം നടത്തുവാനോ അവകാശമില്ലെന്ന് കർത്താവ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ‘കണ്ണിനു പകരം കണ്ണ് അഥവാ പകരത്തിനു പകരം’ ചെയ്യണമെന്നുള്ള പഴയനിയമത്തെ സ്നേഹത്തിന്റെ അഗാധതയിൽ പൊളിച്ചെഴുതി, ശ്രതുവിനെ സ്നേഹിക്കുവാനും ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും കർത്താവ് ആവശ്യപ്പെടുന്നു. (മത്താ, 5:38-44). മാത്രമല്ല, ആത്മീയമായ അച്ചടക്കത്തിന്റെ വിവിധ തലങ്ങളും കർത്താവ് വിശദീകരി ക്കുന്നു. (മത്താ, 6:1-7:27). ഭിക്ഷ നൽകുന്നതു രഹസ്യമായിട്ടായിരിക്കണമെന്നു കല്പിച്ചശേഷം, എപ്രകാരമാണ് ദൈവത്തോടു പ്രാർത്ഥിക്കേണ്ടതെന്ന് പ്രാർത്ഥനയുടെ മാതൃക നൽകി കർത്താവ് പഠിപ്പിക്കുന്നു. അതോടൊപ്പം ഉപവാസം അനുഷ്ഠിക്കേണ്ടത് മനുഷ്യന്റെ മുമ്പിൽ മാന്യത നേടുവാനല്ല; പ്രത്യുത, രഹസ്യത്തിൽ കാണുന്ന പിതാവിന്റെ പ്രസാദവർഷം നേടുവാനാണെന്നും കർത്താവ് ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരെ വിധിക്കരുതെന്നു പ്രബോധിപ്പിക്കുകയും പ്രാർത്ഥനയിലുടെ എങ്ങനെ മറുപടി ലഭ്യമാകുമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന കർത്താവ് ജീവനിലേക്കുള്ള വാതിൽ തിരഞ്ഞെടുക്കുവാൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തെ അനുസരിക്കുന്നുവെന്നു പറയുന്നതിനെക്കാളുപരി അനുസരണം പ്രവൃത്തികളാൽ പ്രതിഫലിപ്പിക്കുമ്പോഴാണ് സ്വർഗ്ഗീയ അനുഗ്രഹങ്ങൾ അനുഭവമാക്കുവാൻ കഴിയുന്നതെന്ന് ഉപമയിലൂടെ വ്യക്തമായി ഉദ്ബോധിപ്പിച്ചുകൊണ്ട് കർത്താവ് ഗിരിപ്രഭാഷണം ഉപസംഹരിക്കുന്നു.