കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും

“കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:” (വെളി, 1:10)

“ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 5:5)

“കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊസ് 3:10)

പുതിയനിയമത്തിൽ വെളിപ്പാട് 1:10-ൽ മാത്രമുള്ള പ്രയോഗമാണ് കർത്തൃദിവസം (The Lord’s day). കർത്താവിൻ്റെ ദിവസം (The day of the Lord) എന്ന പ്രയോഗം അഞ്ചിടത്ത് കാണാം. (പ്രവൃ, 2:20; 1കൊരി, 5:5; 2കൊരി, 1:14; 1തെസ്സ, 5:2; 2പത്രൊ, 3:10). കർത്തൃദിവസം ഞായറാഴ്ച ആണെന്നും, കർത്തൃദിവസവും കർത്താവിൻ്റെ ദിവസവും ഒന്നാണെന്നും കരുതുന്നവരും ഉണ്ട്. കർത്തൃദിവസം ഗ്രീക്കിൽ “ഹി കുറിയാകി ഹിമെറ” (he kuriake hemera – τη κυριακη ημερα – The Lord’s day) ആണ്. (വെളി, 1:10). കർത്താവിൻ്റെ ദിവസം “ഹി ഹിമെറ കുറിയു” (he hemera kuriou – η ημερα κυριου – The day of the Lord) എന്നുമാണ്. (2 പത്രൊ, 3:10). World Bible translation center (ERV) പരിഭാഷയിൽ വെളിപ്പാട് 1:10-നെ “കർത്താവിൻ്റെ ദിവസം” എന്നും, 2പത്രൊസിസ് 3:10-നെ “കര്‍ത്താവ് തിരികെ വരുന്ന ആ ദിവസം” എന്നും വേർതിരിച്ച് പരിഭാഷ ചെയ്തിട്ടുണ്ട്. അർത്ഥമൊന്നുതന്നെ ആണെങ്കിലും ഇംഗ്ലീഷിൽ The Lord’s day എന്നും The day of the Lord എന്നും പ്രയോഗത്തിൽ വ്യത്യാസമുണ്ട്.

കർത്തൃദിവസം

നമ്മുടെ കർത്താവായ ക്രിസ്തു ഉയിർത്തെഴുന്നേറ്റത് എ.ഡി. 33 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ചയാണ്. എന്നേക്കും നമ്മോടുകൂടെ വസിക്കേണ്ടതിന് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തതും ദൈവസഭ സ്ഥാപിതമായതും മറ്റൊരു ഞായറാഴ്ചയാണ്; എ.ഡി. 33 മെയ് 24 ഞായറാഴ്ച. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു.” എന്നൊരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. (പ്രവൃ, 20:7). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്തണമെന്ന് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചതും കാണാം. (1കൊരി, 16:1-3). അതിനാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചദിവസത്തിന് ആദിമസഭ പ്രത്യേകത കല്പിച്ചിരുന്നു എന്നു മനസ്സിലാക്കിയാൽ, യേശു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയാണ് യോഹന്നാൻ കർത്തൃദിവസം എന്നു പറയുന്നതെന്ന് മനസ്സിലാക്കാം. (വെളി, 1:10).

കർത്താവിന്റെ ദിവസം

പുതിയനിയമത്തിൽ കർത്താവിൻ്റെ ദിവസത്തെ (The day of the Lord) രണ്ടുവിധത്തിൽ പ്രയോഗിച്ചിട്ടുണ്ട്. തന്നെ കാത്തുനില്ക്കുന്ന വിശുദ്ധന്മാരുടെ രക്ഷയ്ക്കായി കർത്താവ് വരുന്നതും (എബ്രാ, 9:28), യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കു പ്രതികാരം കൊടുക്കാൻ വരുന്നതും. (2തെസ്സ, 1:7). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന അഞ്ച് വാക്യങ്ങളിൽ രണ്ട് വാക്യങ്ങൾ വിശുദ്ധന്മാർക്കു വേണ്ടി കർത്താവ് വരുന്ന ദിവസത്തെ കുറിക്കുന്നതാണ്: “ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരി, 5:5). “നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ (the day of the Lord Jesus) നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.” (2കൊരി, 1:14).

കർത്താവിൻ്റെ ദിവസം

പുതിയനിയമത്തിലെ കർത്താവിൻ്റെ ദിവസം അഥവാ നാൾ എന്ന മൂന്ന് വാക്യങ്ങൾ പഴയനിയമത്തിൽ പറയുന്ന യഹോവയുടെ ക്രോധദിവസത്തെ കുറിക്കുന്നതാണ്: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2പത്രൊ, 3:10-12). “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.” (1തെസ്സ, 5:2-5). “കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” (പ്രവൃ, 2:20). 

അതായത്, കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന ഒന്നാമത്തെ പ്രയോഗം, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ രക്ഷാദിവസമാണ്. അഥവാ, ദേഹം ദേഹി ആത്മാവ് സമ്പൂർണ്ണമായി രക്ഷിക്കപ്പെടുന്ന ദിവസമാണ്: (1തെസ്സ, 3:13; 5:23). കർത്താവിൻ്റെ ദിവസത്തെ കുറിക്കുന്ന രണ്ടാമത്തെ പ്രയോഗം, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ രക്ഷയ്ക്കായുള്ള ദിവസമാണ്. (2പത്രൊ, 3:10).

യഹോവയുടെ ക്രോധദിവസം അഥവാ കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാളിനെ കുറിക്കുന്ന പഴയപുതിയനിയമ പ്രയോഗങ്ങൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8;), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21),  സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22). 

Leave a Reply

Your email address will not be published. Required fields are marked *