ക്ലോഡിയസ് ബുക്കാനൻ
ഇംഗ്ലീഷ് വേദ പ്രചാരകനായിരുന്നു ഡോ. ക്ലോഡിയസ് ബുക്കാനൻ (12 മാർച്ച് 1766 – 9 ഫെബ്രുവരി 1815). ഇദ്ദേഹത്തിന്റെ ഉത്സാഹത്താലാണ് മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിൾ ‘റമ്പാൻ ബൈബിളിന്റെ’ വിവർത്തനം നിർവഹിക്കപ്പെട്ടത്. ബുക്കാനൻ പ്രിൻറ് ചെയ്തതിനാൽ ബുക്കാനൻ ബൈബിളെന്നും കുറിയർ പ്രസിൽ അച്ചടിച്ചതിനാൽ കുറിയർ ബൈബിളെന്നും വിളിക്കുന്നുണ്ട്. ‘പുതിയനിയമ’ത്തിന്റെ ഈ പരിഭാഷ മുംബൈയിലെ കൂറിയർ പ്രസിലാണ് 1811-ൽ അച്ചടിച്ചത്.
ബുക്കാനൻ ബൈബിൾ: ഈസ്റ്റ് ഇന്ത്യകമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ആംഗ്ലിക്കൻ സഭയാണ് ബുക്കാനനെ 1797-ൽ ചാപ്ലയിനായി കൽക്കട്ടയിലേക്ക് അയച്ചത്. 1800-ൽ ഫോർട്ട് വില്യം കോളേജ് തുടങ്ങിയപ്പോൾ അതിന്റെ ഉപാദ്ധ്യക്ഷനായി. കോളേജിന്റെ പ്രവർത്തനത്തിലിരിക്കുമ്പോൾ ഭാരതീയ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികൾ ബുക്കാനൻ ആരംഭിച്ചു. തുടക്കത്തിൽ പതിനഞ്ച് ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികളാണാരംഭിച്ചത്.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി ക്രിസ്ത്യാനികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 1805-ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ബുക്കാനനെ ചുമതലപ്പെടുത്തി അതനുസരിച്ചാണ് 1806-ൽ അദ്ദേഹം കേരളത്തിലെത്തിയത്. മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) ബുക്കാനൻ സന്ദർശിച്ചപ്പോൾ, മെത്രാപ്പോലീത്ത ആയിരത്തിലധികം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷ കാണാനിടയായ ബുക്കാനൻ മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു. 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. തിരുവിതാംകൂറിൽ നിന്നു തന്നെയുള്ള വിജ്ഞരായ നാട്ടുകാരാണ് അച്ചടി മേൽനോട്ടം നടത്തിയത്. ഈ ‘പുതിയ നിയമ’ത്തിന്റെ അച്ചടിയെപ്പറ്റി, ‘ക്രിസ്ത്യൻ റിസെർച്ചസ് ഇൻ ഇന്ത്യ’ (1814) എന്ന പുസ്തകത്തിൽ ബുക്കാനൻ എഴുതിയിട്ടുണ്ട് ‘അതിനടുത്ത വർഷം (നാലു സുവിശേഷങ്ങളുടെ പരിഭാഷ പൂർത്തിയായശേഷം) ഞാൻ രണ്ടാമതും തിരുവിതാംകൂർ സന്ദർശിക്കുകയും കൈയെഴുത്തുപ്രതി ബോംബെയിലേക്ക്, അടുത്തകാലത്ത് അവിടെ ഉണ്ടാക്കിയ ഒന്നാന്തരം മലബാർ അച്ചുകൾ ഉപയോഗിച്ചു മുദ്രണം ചെയ്യാനായി കൊണ്ടുപോവുകയും ചെയ്തു.’
One thought on “ക്ലോഡിയസ് ബുക്കാനൻ”