കോരഹ് (Korah)
പേരിനർത്ഥം – കഷണ്ടി
കെഹാത്തിന്റെ പൗത്രൻ. മോശെയുടെ പിതാവായ അമ്രാമിന്റെ സഹോദരൻ യിസ്ഹാരിന്റെ പുത്രനാണ് കോരഹ്. മോശെയ്ക്കെതിരെ നടന്ന മത്സരത്തിന് നേതൃത്വം നല്കിയതിൽ ഒരുവനായിരുന്നു കോരഹ്: (സംഖ്യാ, 16:1-49). പൗരോഹിത്യ പദവിയിൽനിന്നു തങ്ങളെ ഒഴിവാക്കിയതായിരുന്നു കോരഹിനും കൂട്ടർക്കും മത്സരം സംഘടിപ്പിക്കുവാൻ കാരണമായത്. കോരഹ്, ദാഥാൻ, അബീ രാം എന്നിവർ 250 പ്രധാനികളുമായി മോശെയുടെയും അഹരോൻ്റെയും മുമ്പിൽ വന്നു. മറ്റുളളവരുടെ അവകാശങ്ങളെ അവർ തട്ടിയെടുത്തതായി കുറ്റപ്പെടുത്തി. ഇതു കേട്ട ഉടൻ തന്നെ മോശെ കവിണ്ണുവീണു; പ്രശ്നം ദൈവസന്നിധിയിൽ സമർപ്പിച്ചു. തീരുമാനം യഹോവയ്ക്ക് വിട്ടു: (സംഖ്യാ, 16:5). പിറ്റേദിവസം മത്സരികൾ മോശെ, അഹരോൻ എന്നിവരോടൊപ്പം സമാഗമനകൂടാരത്തിൻ്റെ മുമ്പിൽ സന്നിഹിതരായി. മുഴുവൻ സഭയും വന്നുകൂടി. മോശെയോടും അഹരോനോടും അവരിൽനിന്നും വേർപെടാൻ ദൈവം ആവശ്യപ്പെട്ടു സഭയെ നശിപ്പിക്കാതിരിക്കേണ്ടതിനു അവർ ദൈവത്തോടപേക്ഷിച്ചു. കോരഹ്, ദാഥാൻ, അബീരാം എന്നിവരെ ഭൂമി വായ്പിളർന്നു വിഴുങ്ങി. യഹോവയിൽ നിന്നു അഗ്നി ഇറങ്ങി ധൂപം കാട്ടിയ 250 പേരെയും ദഹിപ്പിച്ചു. പില്ക്കാലത്ത് കോരഹ്യർ ദൈവാലയശുശ്രൂഷയിൽ മുന്നിട്ടു നില്ക്കുന്നതായികാണാം. കോരഹിന്റെ പുത്രന്മാരെ പിതാവിനു സംഭവിച്ച നാശത്തിൽ നിന്നു ഒഴിവാക്കിയിരുന്നു: (സംഖ്യാ, 26:10,11). യൂദയുടെ ലേഖനത്തിൽ കയീൻ, ബിലെയാം എന്നിവരോടൊപ്പം കോരഹിനെയും പറഞ്ഞിട്ടുണ്ട്. (വാ, 11).