കൊർന്നേല്യൊസ് (Cornelius)
പേരിനർത്ഥം – കുഴൽവാദ്യം
കൈസര്യയിലെ ഒരു റോമൻ ശതാധിപനായിരുന്നു കൊർന്നേല്യൊസ്. ദൈവകൃപയുടെ സുവിശേഷത്തിലേക്കു ആദ്യമായി ആകർഷിക്കപ്പെടുന്ന ഒരു വിജാതീയ വ്യക്തിയെന്ന നിലയിൽ കൊർന്നേല്യൊസിന്റെ മാനസാന്തരം പ്രാധാന്യമർഹിക്കുന്നു. ഭക്തി. ദൈവഭയം, ദാനധർമ്മം. പ്രാർത്ഥന മുതലായവ അദ്ദേഹം ഒരു യെഹൂദമതാനുസാരി ആയിരുന്നുവെന്നു സൂചിപ്പിക്കുന്നു: (പ്രവൃ, 10:2). കൊർന്നേല്യൊസിനെ ദൈവം അംഗീകരിച്ചിരുന്നു എങ്കിലും രക്ഷാപ്രാപ്തിക്ക് പത്രൊസിനെ വരുത്തി പ്രസംഗം കേൾക്കുവാൻ അവന് ദർശനത്തിൽ ദൈവം നിർദ്ദേശം നല്കി. വീണ്ടും ജനനം, സ്നാനം, ആത്മനിറവ് എന്നിവയെല്ലാം തന്നെ വിജാതീയർക്കും കൃപായുഗത്തിൽ നല്കിയിരിക്കുകയാണെന്നു വെളിപ്പെടുത്തുകയാണ് കൊർന്നേല്യൊസിൻ്റെ മാനസാന്തരവും പരിശുദ്ധാത്മാഭിഷേകവും. ക്രിസ്തുവിന്റെ ശരീരത്തോടു ആത്മസ്നാനത്താൽ ഏകീഭവിച്ച് യെഹൂദന്മാരോടു കൂട്ടവകാശികളും ദൈവത്തിന്റെ വാഗ്ദത്തത്തിനു പങ്കാളികളുമായി ജാതികൾ മാറിയതിനെ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. ഈ ചരിത്രം യെരുശലേം കൗൺസിലിൽ പത്രൊസ് വിവരിച്ചു. ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കി എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു. പതൊസ് ഒടുവിലായി സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഉപയോഗിച്ചതു് കൊർന്നേല്യൊസിന്റെ ഭവനത്തിലാണ്. (പ്രവൃ, 10;45. ഒ.നോ: 2:14; 8:14,15).