കൊലൊസ്സ്യർക്കു എഴുതിയ ലേഖനം (Book of Colossians)
പുതിയനിയമത്തിലെ പന്ത്രണ്ടാമത്തെ പുസ്തകം. അപ്പൊസ്തലനായ പൌലൊസിന്റെ കാരാഗൃഹ ലേഖനങ്ങളിൽ ഒന്നാണിത്. (കൊലൊ, 4:3, 10, 18). റോമിൽ ആദ്യ കാമാഗ്യഹവാസം അനുഭവിക്കുന്നകാലത്ത് എ.ഡി. 60-62-ൽ എഴുതിയിരിക്കണം. തന്റെ മൂന്നാം മിഷണറി യാത്രയിൽ പൌലൊസ് എഫെസാസിൽ മൂന്നു വർഷം താമസിച്ചു. അക്കാലത്തായിരിക്കണം കൊലൊസ്യസഭ സ്ഥാപിതമായത്. എപ്പഫ്രാസ് ആണ് ഈ സഭയുടെ സ്ഥാപകൻ. (1:7; 4:12). തിഹിക്കൊസാണ് കൊലൊസ്യയിൽ ലേഖനമെത്തിച്ചത്.
ഗ്രന്ഥകർത്താവ്: പൗലൊസിന്റെ കർത്തൃത്വത്തെ സംബന്ധിച്ചുള്ള സംശയം ആദ്യമായി അവതരിപ്പിച്ചതു് 19-ാം നൂറ്റാണ്ടിലാണ്. എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദത്തിന്റെ ആശയങ്ങൾ ഈ ലേഖനത്തിലുണ്ടെന്ന കാരണമാണവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ കുറെക്കൂടി ഗൗരവമായ വാദം, പദസമുച്ചയം ശൈലി, ഉപദേശം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഇവയൊന്നും പൌലൊസിന്റെ കർത്തൃത്വത്തെ നിഷേധിക്കാൻ പര്യാപ്തമായ കാരണങ്ങളായി ഇന്നു പണ്ഡിതന്മാർ കരുതുന്നില്ല.
കൊലൊസ്യ ലേഖനത്തിനു ഫിലേമോനുള്ള ലേഖനവുമായുള്ള ബന്ധം ഇതിന്റെ കർത്താവ് പൗലൊസെന്നു അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. യജമാനനായ ഫിലേമോൻ അടുക്കൽ നിന്നോടിപ്പോയ ഒനേസിമൊസ് എന്ന അടിമ മടങ്ങി യജമാനന്റെ അടുക്കൽ പോകുന്നതിനെ സംബന്ധിക്കുന്ന ലേഖനമാണ് ഫിലേമോൻ. തിഹിക്കൊസിനോടൊപ്പം ഒനേസിമൊസിനെയും കൊലൊസ്യയിലേക്കു മടക്കി അയക്കുന്നുവെന്നു് ഈ ലേഖനം (4:9) പ്രസ്താവിക്കുന്നു. അർഹിപ്പൊസ് ഫിലേമോൻ ഗൃഹവുമായി ബന്ധപ്പെട്ടവനാണെന്ന് ഫിലേമോനിൽ (2) പറയുന്നു. അർഹിപ്പൊസിനു ഒരു പ്രത്യേകസന്ദേശം നല്കുകയാണ് കൊലൊസ്യ ലേഖനത്തിൽ. (4:17). ഫിലേമോനിൽ (23,24) എപ്പഫ്രാസും മർക്കൊസും അരിസ്തർഹൊസും ദേമാസും ലൂക്കൊസും വന്ദനം ചൊല്ലുന്നു. ഇതേ വ്യക്തികളെ കൊലൊസ്യ ലേഖനത്തിലും പരാമർശിക്കുന്നു. (4:10-14). ഒരേ കാലത്ത് ഒരേ എഴുത്തുകാരൻ ഈ രണ്ടു ലേഖനങ്ങളും എഴുതി എന്നു തെളിയിക്കുകയാണിത്.
എഴുതിയ കാലം: കൊലൊസ്യ ലേഖനം കാരാഗൃഹത്തിൽ വച്ചെഴുതപ്പെട്ടതാണ്. (കൊലൊ, 4:3,10,18). ഈ ലേഖനം എഴുതുമ്പോൾ പൗലൊസ് ഏതു കാരാഗൃഹത്തിലായിരുന്നു എന്നതിനെക്കുറിച്ചു മൂന്നഭിപ്രായങ്ങളുണ്ട്. 1. എഫെസൊസിൽ: എ.ഡി. രണ്ടാം നൂറ്റാണ്ടിൽ കൊലൊസ്യ ലേഖനത്തിനു മാർഷ്യൻ എഴുതിയ മുഖവുരയിൽ ഇതിനനുകൂലമായ വാദഗതിയാണുള്ളത്.. എന്നാൽ കൊലൊസ്യർ 4:7-ഉം എഫെസ്യർ 6:21-ഉം ചൂണ്ടിക്കാണിക്കുന്നതു പോലെ കൊലൊസ്യലേഖനവും എഫെസ്യലേഖനവും ഒരേ കാലത്തെഴുതിയെങ്കിൽ ഈ വാദഗതി വീണ്ടുവിചാരം കൂടാതെ നിരാകരിക്കാവുന്നതേയുളളു. 2. കൈസര്യയിൽ; കൈസര്യയ്ക്ക് അനുകുലമായി പല വാദമുഖങ്ങൾ അവതരിപ്പിക്കുന്നുണ്ട്: കൊലൊസ്യർ 4-ാം അദ്ധ്യായത്തിൽ പറയപ്പെട്ടവരെല്ലാം പൌലൊസ് കൈസര്യയിലെ കാരാഗൃഹത്തിൽ കിടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നിരിക്കാനിടയില്ല. 3. റോമിൽ: റോമിൽ കാരാഗൃഹവാസം അനുഭവിക്കുന്ന കാലത്ത് അപ്പൊസ്തലൻ ഈ ലേഖനം എഴുതി എന്നതിനെ നിഷേധിക്കാവുന്ന തെളിവുകൾ ഇല്ല. ഒളിച്ചോടിയ ഒനേസിമൊസ് ചെന്നിരിക്കാവുന്ന സ്ഥലം റോമത്രേ. ഉളളടക്കവും വ്യക്തിപരാമർശങ്ങളും എല്ലാം പൗലൊസിൻ്റെ റോമൻ ബന്ധനത്തിനു പൊരുത്തപ്പെടുന്നതാണ്. അതിനാൽ ഈ ലേഖനത്തിന്റെ കാലം എ.ഡി.62/63 എന്ന് കണക്കാക്കാം.
പശ്ചാത്തലം: ഈ ലേഖന രചനയ്ക്കു പശ്ചാത്തലമായി രണ്ടുകാര്യങ്ങൾ അപ്പൊസ്തലന്റെ മുന്നിലുണ്ടായിരുന്നു. ഒന്നാമതായി പൌലൊസ് കൊലൊസ്സ്യയിലെ ഫിലേമോന് ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ മടക്കി അയക്കുന്നതിനോടൊപ്പം എഴുതുകയായിരുന്നു. (ഫിലേ, 7-21). ഈ സന്ദർഭത്തെ സഭയ്ക്കു മുഴുവനായി എഴുതുവാൻ വിനിയോഗിച്ചു. രണ്ടാമതായി ക്രിസ്തുവിന്റെ സത്യത്തിൽ നിന്നു വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന വ്യാജോപദേശങ്ങൾ സഭയിൽ നുഴഞ്ഞു കയറിയതായി എപ്പഫ്രാസിൽ നിന്നും അറിഞ്ഞു. അവയെ അപ്പൊസ്തലൻ ഈ ലേഖനത്തിൽ ഖണ്ഡിക്കുന്നു.
പലവിധത്തിലുള്ള വ്യാജോപദേ ശങ്ങളാണ് കൊലൊസ്യസഭയെ ഉലച്ചത്. പ്രധാനമായി മൂന്നു വിധത്തിലുള്ളവ: 1. കൊലൊസ്യ സഭയിൽ ജ്ഞാനവാദത്തിനു സമാനമായ ചിന്താഗതികൾ നുഴഞ്ഞു കയറി. തങ്ങൾക്കു ശ്രേഷ്ഠമായ ജ്ഞാനവും ദർശനവും ലഭിച്ചിട്ടുണ്ടെന്നു ചിലർ അവകാശപ്പെട്ടു: (2:4, 8, 18). വിവേകം, ജ്ഞാനം, പരിജ്ഞാനം, മർമ്മം എന്നീ പദങ്ങൾ പൗലൊസ് അധികം പ്രയോഗിക്കുന്നതു ഈ വാദങ്ങളെ ഖണ്ഡിക്കുവാനാണെന്ന് നമുക്കു കരുതാം. 2. പെരുനാൾ, ഉപവാസം, അമാവാസി, ശബ്ബത്തു, പരിച്ഛേദന എന്നിങ്ങനെ യെഹൂദ്യമായി പഠിപ്പിക്കലുകൾ സഭയിൽ പ്രവേശിച്ചു. (2:16). സ്വയവർജ്ജനപരമായ നിയമങ്ങൾ നല്കി ബ്രഹ്മചര്യത്തിനു പ്രാധാന്യം നല്കി. (2:16, 20 21, 23). 3. ക്രിസ്തുവിനു നല്കിയിരുന്ന സ്ഥാനം ആത്മലോകത്തിനു നല്കി: 2:18-ൽ ദൂതാരാധനയെക്കുറിച്ചു പറയുന്നു. ഈ ദുരുപദേശങ്ങളെ അപ്പൊസ്തലൻ ഖണ്ഡിക്കുന്നു. ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണ് അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുന്നു. (1:19). അവനിൽ ജ്ഞാനത്തിൻ്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:3). സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്നും (1:16), വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ച് ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി (2:15) എന്നും അപ്പൊസ്തലൻ വ്യക്തമാക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” കൊലൊസ്സ്യർ 1:15,16.
2. “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” കൊലൊസ്സ്യർ 1:20 .
3. “അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.” കൊലൊസ്സ്യർ 1:26,27.
4. “തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” കൊലൊസ്സ്യർ 2:8,9.
5. “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ.” കൊലൊസ്സ്യർ 3:12,13.
6. “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” കൊലൊസ്സ്യർ 4:5,6.
ബാഹ്യരേഖ: I. മുഖവുര: 1:1-12.
II. ഉപദേശഭാഗം: 1:13-2:3.
1. വീണ്ടെടുപ്പ്: 1:13,14.
2. ക്രിസ്തുവിന്റെ ആളത്തം: 1:15-19.
3. ക്രിസ്തുവിന്റെ വേല: 1:20-23.
4. ക്രിസ്തുവിന്റെ വേലയുടെ പൂർത്തീകരണത്തിൽ അപ്പൊസ്തലന്റെ പങ്ക്: 1:24-2:3.
III. ഉപദേശപ്രതിവാദം: 2:4-3:4.
1. തത്ത്വജ്ഞാനത്തിന് എതിരെയുള്ള താക്കീത്: 2:4-8.
2. ക്രിസ്തുവിന്റെ ആളത്തവും വേലയും: 2:9-15.
3. തൽഫലമായ കടപ്പാടുകൾ: 2:16-3-4.
IV. ഉപദേശത്തിന്റെ പ്രയുക്തി: 3:5-4:6. ക്രിസ്തുവിൻറ മരണ പുനരുത്ഥാനങ്ങൾ
1. വ്യക്തി ജീവിതത്തിൽ: 3:5-17.
2. കുടുംബ ജീവിതത്തിൽ: 3:18-4:1.
3. ലോകത്തോടുള്ള ബന്ധത്തിൽ: 4:2-6.
V. വ്യക്തിപരമായ കാര്യങ്ങൾ: 4:7-17.
1. തിഹിക്കൊസിൻറയും ഒനേസിമൊസിന്റെയും ദൗത്യം: 4:7-9.
2. കൂട്ടുവേലക്കാരുടെ വന്ദനം: 4:10-14.
3. പൗലൊസിൻറ വന്ദനം: 4:15.
4. ലവുദിക്യലേഖനം: 4:16,17.
VI. ഉപസംഹാരം: 4:18.