കുറേന്യൊസ്

കുറേന്യൊസ് (Cyrenius)

പേരിനർത്ഥം – അജയ്യൻ

കുറേന്യൊസിന്റെ പൂർണ്ണമായ പേര് പുബ്ലിയൊസ് സിൽപീഷ്യസ് ക്യൂറിനൊസ് (Publius Silpicius Quirinus). പേർവഴി ചാർത്തുന്നതിന് ഔഗുസ്തൊസ് കൈസറുടെ ഉത്തരവുണ്ടായ കാലത്ത് സുറിയായിലെ നാടുവാഴിയായിരുന്നു: (ലൂക്കൊ, 2:2). റോമാചരിത്രത്തിൽ ഇതേപേരിൽ രണ്ടുപേർ ഉളളതിൽ രണ്ടാമനാണ് ഇയാൾ. എ.ഡി. 6-നു ശേഷം സുറിയായിലെ നാടുവാഴിയായി. കുറേന്യൊസ് തിബെര്യാസ് കൈസറിനു ഇഷ്ടനായിരുന്നു. അതിനാൽ എ.ഡി. 21-ൽ കുറേനൈ്യാസ് മരിച്ചപ്പോൾ ചക്രവർത്തിയുടെ ശുപാർശയനുസരിച്ച് രാഷ്ട്ര ബഹുമതിയോടുകൂടി റോമൻ സെനറ്റിന്റെ ചുമതലയിൽ ശവസംസ്കാരം നടത്തി. സുറിയായിൽ ഗവർണ്ണർ ആയിരുന്ന കാലത്ത് അയാൾ യെഹൂദ്യയിൽ ഒരു ജനസംഖ്യയെടുപ്പു നടത്തി: (അപ്പൊ, 5:37). ഇതിനെക്കുറിച്ചു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ജനസംഖ്യയെടുപ്പിനു ഒമ്പതു വർഷമെങ്കിലും മുമ്പായിരിക്കണം ലൂക്കൊസ് 2:2-ൽ പറയുന്ന പേർ വഴിചാർത്തൽ. ഇത് ഒരു സങ്കീർണ്ണ പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി കുറേന്യൊസ് രണ്ടു പ്രാവശ്യം സുറിയയിൽ ഗവർണ്ണർ ആയിരുന്നുവെന്നു ഒരു വാദമുണ്ട്. ഒന്നാമത് ബി.സി. 6-മുതൽ എ.ഡി. 3 വരെ. ഇക്കാലത്താണ് ഒന്നാമത്തെ പേർവഴി ചാർത്തൽ നടന്നത്. രണ്ടാമതു് എ.ഡി. 6 മുതൽ 10 വരെ. ഒരു സാത്തൂർണിയസ് ആയിരുന്നു യേശുവിൻ്റെ ജനനകാലത്ത് സുറിയാ ഗവർണ്ണർ എന്നു തെർത്തുല്യൻ പറഞ്ഞിട്ടുണ്ട്. അതു ശരിയാണെങ്കിൽ കുറേന്യാസിന്റെ സ്ഥാനത്ത് സാത്തൂർണിയസ് എന്നു പാഠം തിരുത്തേണ്ടിവരും. ലൂക്കൊസ് 2:2-ലെ പേർവഴി ചാർത്തൽ ഒന്നാമത്തേതാണെന്നും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചാർത്തലിനുവേണ്ടി യെഹൂദ പാരമ്പര്യമനുസരിച്ച് ഓരോരുത്തനും താന്താന്റെ പട്ടണത്തിലെത്തേണ്ടതാണ്. അങ്ങനെ യോസേഫും മറിയയും ഗലീലയിലെ നസറേത്ത് വിട്ടു ബേത്ത്ലേഹെമിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *