കുടുംബച്ഛേദത്തിനുള്ള പാപങ്ങൾ
മരണം ഒരു കുടുംബത്തെ മുഴുവൻ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമ്പോൾ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചും ന്യായത്തെക്കുറിച്ചും അനേകർ സന്ദേഹമുയർത്താറുണ്ട്. എന്നാൽ ആ ദുരന്തത്തിലേക്ക് ആ കുടുംബത്തെ നയിച്ച ഭൂതകാല സംഭവിങ്ങളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ശൗൽ തന്റെ പിതാവിന്റെ നഷ്ടപ്പെട്ട കഴുതകളെക്കുറിച്ചുള്ള വിവരം അറിയുവാൻ ശമൂവേൽ പ്രവാചകന്റെ അടുത്തെത്തിയപ്പോഴാണ് ദൈവം അവനെ യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്തിരിക്കുന്നതായി ശമൂവേൽ അവനെ അറിയിച്ചത്. അപ്പോൾ യിസ്രായേൽ ഗോത്രങ്ങളിൽ തന്റെ ഗോത്രം ഏറ്റവും ചെറിറുതും അതിൽ തന്റെ കുടുംബം ഏറ്റവും ചെറുതുമായിരിക്കെ, എന്തുകൊണ്ട് ഇപ്രകാരം പറയുന്നു? എന്ന പ്രതികരണമാണ് ശൗലിൽനിന്നുണ്ടായത്. ഇപ്രകാരം എളിമയും സൗമ്യതയും നിറഞ്ഞുനിന്നിരുന്ന ശൗൽ പരിശുദ്ധാത്മനിറവിൽ പ്രവചിക്കുകയും ചെയ്തിരുന്നു. (1ശമൂ, 10:11). പക്ഷേ, അവൻ രാജത്വം പ്രാപിച്ചുകഴിഞ്ഞപ്പോൾ അമാലേക്യരെ സമ്പൂർണ്ണമായി നശിപ്പിക്കണമെന്ന ദൈവത്തിന്റെ കല്പന അനുസരിച്ചില്ല. അപ്പോൾ ദൈവത്തിന്റെ ആത്മാവ് അവനെ വിട്ടുപോയി. തുടർന്ന്, അവനു പകരം ദൈവം യിസ്രായേലിന്റെ രാജാവായി തിരഞ്ഞെടുത്ത ദാവീദിനെ കൊല്ലുവാൻ 21 പ്രാവശ്യം ശൗൽ ശ്രമിച്ചു. ദാവീദിനെ സഹായിച്ചുവെന്ന കാരണത്താൽ നോബിൽ യഹോവയുടെ 85 പുരോഹിതന്മാരെ അവൻ വെട്ടിക്കൊന്നു. നോബിലെ പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവൻ കൊലപ്പെടുത്തി; പട്ടണം ചുട്ടുകരിച്ചു. ഏൻ-ദോരിലെ വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെന്ന് അരുളപ്പാട് ചോദിച്ചതോടെ അവന്റെ അധഃപതനം അതിന്റെ പാരമ്യത്തിലെത്തി. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ അവർ ശൗലിന്റെ മൂന്നു പുത്രന്മാരെ വെട്ടിക്കൊന്നു. സ്വന്തം വാളിന്മേൽ വീണ് ശൗൽ ആത്മഹത്യ ചെയ്തു. അവന്റെ ഭവനത്തെ ദൈവം നശിപ്പിച്ചുകളഞ്ഞു. “ഇങ്ങനെ ശൗലും അവന്റെ മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു” (1ദിന, 10:6) എന്ന തിരുവചനപ്രഖ്യാപനം, ഒന്നുമില്ലായ്മയിൽനിന്ന് ദൈവം കോരിയെടുത്ത് സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും ഗിരിശൃംഗങ്ങളിൽ പ്രതിഷ്ഠിച്ചശേഷം ദൈവത്തെ മറക്കുന്ന ഓരോരുത്തർക്കുമുള്ള താക്കീതാണ്. (വേദഭാഗം: 1ശമൂവേൽ 9:1-11:15; 13:1-14:52; 15:1-35; 31:1-13; 1ദിന, 10:1-14).