കിദ്രോൻ തോട് (brook Kidron)
പേരിനർത്ഥം – ഇരുളടഞ്ഞത്
കിദ്രോൻ മഴക്കാലത്തു വെള്ളം ഒഴുകുന്ന തോടും വേനൽക്കാലത്ത് താഴ്വരയും ആണ്. യെരുശലേം കുന്നിന്റെ കിഴക്കെ ചരിവിനെ ഒലിവുമലയിൽ നിന്നു വേർപെടുത്തുന്നത് കിദ്രോൻ തോടാണ്. പിന്നീട് അതു തെക്കോട്ടൊഴുകി വാദി-എൻ-നാർ (അഗ്നിയുടെ താഴ്വര) എന്ന പേരിൽ ചാവുകടലിൽ പതിക്കുന്നു.
അബ്ശാലോമിനെ ഭയന്നു കൊട്ടാരം വിട്ടോടിയ ദാവീദ് കിദ്രോൻതോടു കടന്നു. (2ശമൂ, 15:23, 30). ശിമെയിക്ക് കടക്കുവാൻ പാടില്ലാത്ത അതിരായി ശലോമോൻ നിർദ്ദേശിച്ചതു കിദ്രോൻ തോടായിരുന്നു. (1രാജാ, 2:37). ആസാ രാജാവ് തന്റെ അമ്മയായ മയഖായുടെ മേച്ഛവിഗ്രഹം വെട്ടിമുറിച്ചു ചുട്ടുകളഞ്ഞതു കിദ്രോൻ തോട്ടിനരികെ വച്ചായിരുന്നു. (1രാജാ, 15:13). അഥല്യയെ വധിച്ചതും ഇവിടെ വച്ചായിരുന്നു. (2രാജാ, 11:16). തുടർന്നു വിഗ്രഹാരാധനയുടെ ഉപകരണങ്ങൾ ഒക്കെയും യഹോവയുടെ മന്ദിരിത്തിൽ നിന്നും പുറത്തുകൊണ്ടു പോയി ചുട്ടു നശിപ്പിച്ചതു കിദ്രോൻ താഴ്വരയിൽ ആയിരുന്നു: (2 രാജാ, 23:4, 6, 12; 2ദിന, 29:16; 30:14). യോശീയാവിൻറ കാലത്തു യെരൂശലേമിൻ്റെ പൊതു ശ്മശാനമായിരുന്നു ഈ താഴ്വര. (2രാജാ, 23:6; യിരെ, 26:23; 31:39). യെഹെസ്കേൽ പ്രവാചകൻ ഉണങ്ങിയ അസ്ഥികൾ ദർശിച്ചത് ഈ താഴ്വരയിലാണ്. (യെഹെ, 37). കിദ്രോൻ തോട്ടിന്റെ കിഴക്കെ കരയിലാണു ഗെത്ത്ശെമന. ക്രൂശീകരണത്തിനു മുമ്പ് കർത്താവു പ്രാർത്ഥിക്കുവാൻ പോയതു ഈ തോട്ടത്തിലായിരുന്നു. (യോഹ, 18:1).