കിത്തീം (Chittim)
പേരിനർത്ഥം – മല്ലന്മാർ
യാവാൻ്റെ നാലു പുത്രന്മാരിലൊരാളായ കിത്തീമിൻ്റെ സന്തതികളും അവർ പാർത്ത പ്രദേശം ഈ പേരിലറിയപ്പെട്ടു. എബായിലെ കിത്തീം സൈപ്രസിനെയും (കുപ്രൊസ്) മെഡിറ്ററേനിയൻ തീരങ്ങളെയും ദീപുകളെയും കുറിക്കുന്നു. കിത്തീം തീരത്തുനിന്ന് കപ്പലുകൾ വരുമെന്നും അവ അശ്ശൂരിനെയും ഏബെരിനെയും താഴ്ത്തുമെന്നും ബിലെയാം പ്രവചിച്ചു. (സംഖ്യാ, 14:24). സോരിന്റെ പതനത്തെക്കുറിച്ചുള്ള വാർത്ത തർശീശ് കപ്പലുകൾക്കു കിട്ടിയത് കിത്തീം ദേശത്ത് വച്ചാണ്. (യെശ, 23:1). ബലാത്ക്കാരം അനുഭവിച്ച കന്യകയായ സീദോൻ പുത്രിയോടു കിത്തീമിലേക്കു പോകുന്നതിനും എന്നാൽ അവിടെയും സ്വസ്ഥത ലഭിക്കുകയില്ലെന്നും യഹോവ കല്പിച്ചു. (യെശ, 23’12). യെശയ്യാവ് പ്രവചിക്കുന്ന കാലത്തു സൈപ്രസിലെ ഫിനിഷ്യൻ കോളനികളെ സംബന്ധിച്ച് ഇതു വാസ്തവമായിരുന്നു. അശ്ശൂരിൻ്റെ ആക്രമണം ഹേതുവായി സീദോൻജാവായ ലൂലി (Luli) സൈപ്രസിലേക്കു ഓടിയതായി എസർ-ഹദ്ദോന്റെ ശിലാലിഖിതത്തിൽ പറയുന്നു. മാത്രവുമല്ല, നെബുഖദ്നേസറിന്റെ സോർ ഉപരോധകാലത്തു അനേകം ആളുകൾ സൈപ്രസിൽ അഭയം തേടി. കിത്തീമിനെക്കുറിച്ചുള്ള അവസാന പരാമർശം ദാനീയേൽ 11:30-ലാണ്. കിത്തീം കപ്പലുകൾ വടക്കെരാജാവിന്റെ ആക്രമണത്ത വിഫലമാക്കുമെന്നു പ്രവചിക്കുന്നു. ഇവിടെ കിത്തീം റോമാക്കാരെ കുറിക്കുന്നു.