കാൽവറി (Calvary)
പേരിനർത്ഥം – തലയോട്
ഗൊല്ഗോഥായുടെ ലത്തീൻ പേരാണ് കാൽവറി (Calvaria). ഗുൽഗോഥാ എന്ന് അരാമ്യപദത്തിന്റെ പരിഭാഷയാണ് ഗ്രീക്കിലെ ക്രാനിയൊനും ലത്തീനിലെ കാൽവറിയും. മത്തായി 27:33-ൽ ഗൊല്ഗോഥാ എന്നു തന്നെ കൊടുത്തിട്ടുണ്ട്. ഈ പദങ്ങളുടെയെല്ലാം അർത്ഥം തലയോട് എന്നത്രേ. പേരിൻ്റെ ഉത്പത്തിക്കു മൂന്നു കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1. അവിടെ ധാരാളം തലയോടുകളുണ്ട്. 2. അവിടം ഒരു കൊലക്കളമായിരുന്നു. 3. ആ സ്ഥലം തലയോടിൻ്റെ ആകൃതിയിലുള്ളതാണ്. യെഹൂദാ പാരമ്പര്യമനുസരിച്ചു് ആദാമിൻ്റെ തലയോട് സംസ്കരിച്ചതാ ഇവിടെയായിരുന്നു. ഗൊല്ഗോഥായുടെ സ്ഥാനം നിശ്ചിതമായി പറയുക പ്രയാസമാണ്. യെരൂശലേമിനു വെളിയിലായിരുന്നു (യോഹ, 19:17-20; എബ്രാ, 13:12) എന്നു മാത്രമേ തിരുവെഴുത്തുകളിലുള്ളൂ.
യേശുക്രിസ്തുവിന്റെ ക്രൂശിന്റെയും കല്ലറയുടെയും സ്ഥാനങ്ങളായി രണ്ടു സ്ഥലങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്; വിശുദ്ധ കല്ലറപ്പള്ളിയും, ഗോർഡൻ കാൽവരിയും. കല്ലറപ്പള്ളി സ്ഥിതിചെയ്യുന്നത് വീനസ് ദേവിയുടെ ക്ഷേത്രം ഇരുന്നസ്ഥലത്താണ്. യേശുവിന്റെ കല്ലറയുടെ സ്ഥാനത്താണ് വീനസ് ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതെന്നു മനസ്സിലാക്കിയ കോൺസ്റ്റൻ്റയിൻ ചക്രവർത്തി ക്ഷേത്രത്തെ പൊളിച്ചുമാററി. എ.ഡി. നാലാം നൂറ്റാണ്ടോളം പഴക്കമുള്ള പാരമ്പര്യമാണിത്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ തീത്തൂസും, രണ്ടാം നൂറ്റാണ്ടിൽ ഹദ്രിയനും ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും സംബന്ധിക്കുന്ന എല്ലാറ്റിനെയും തുടച്ചുമാറ്റാൻ നടത്തിയ ശ്രമങ്ങളെ കണക്കിലെടുക്കുമ്പോൾ ശരിയായ സ്ഥാനനിർണ്ണയം പ്രയാസമെന്നു കാണാവുന്നതാണ്. കല്ലറത്തോട്ടം ഒന്നാമതായി നിർദ്ദേശിക്കപ്പെട്ടതു എ.ഡി. 1849-ൽ ആണ്. അവിടെയുള്ള പാറയ്ക്കു തലയോടിന്റെ ആകൃതിയുണ്ട്. കൂടാതെ പ്രസ്തുതസ്ഥലം ബൈബിളിലെ വിവരണവുമായി വളരെയധികം പൊരുത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ കല്ലറത്തോട്ടത്തിന്റെ അവകാശവാദത്തിന് അവലംബമായി പാരമ്പര്യമോ മറ്റു തെളിവുകളോ ഇല്ല.