കാലേബ് (Caleb)
പേരിനർത്ഥം – പട്ടി
യെഹൂദാഗോത്രത്തിൽ കെനിസ്യനായ യെഫുന്നയുടെ മകൻ. നാല്പതാമത്തെ വയസ്സിൽ കനാൻദേശം ഒറ്റുനോക്കുവാൻ യെഹൂദാഗോത്രത്തിന്റെ പ്രതിനിധിയായി നിയമിക്കപ്പെട്ടു: (സംഖ്യാ, 13:6,17-25). കനാൻ ദേശം ഒറ്റുനോക്കിയശേഷം മടങ്ങിവന്ന് ദേശത്തെക്കുറിച്ചുള്ള വൃത്താന്തം അവർ ജനത്തെ അറിയിച്ചു. ദേശം നല്ലതാണെന്ന അഭിപ്രായം പന്ത്രണ്ടുപേർക്കും ഉണ്ടായിരുന്നു. എന്നാൽ കനാന്യരെ ജയിച്ച് ദേശം കൈവശമാക്കുവാൻ യിസ്രായേല്യർക്കു കഴിയുകയില്ലെന്നു പത്തുപേരും അഭിപ്രായപ്പെട്ടപ്പോൾ കഴിയും എന്നു ധൈര്യപുർവ്വം പറഞ്ഞവരാണ് കാലേബും യോശുവയും. മോശെയുടെ മുമ്പിൽ ജനത്തെ അമർത്തിയശേഷം കാലേബ് പറഞ്ഞു; “നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും:” (സംഖ്യാ, 13:30). ദേശത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിനു യിസ്രായേൽജനം അവരെ കല്ലെറിയാനൊരുങ്ങി: (സംഖ്യാ, 14:10). ഇരുപതു വയസ്സിനുമേൽ പ്രായമുളളവരിൽ യോശുവയും കാലേബും മാത്രമേ വാഗ്ദത്ത നാട്ടിൽ പ്രവേശിക്കയുള്ളൂ എന്ന് മോശെ വ്യക്തമാക്കി. തുടർന്നുണ്ടായ ബാധയിൽ മറ്റുള്ള ഒറ്റുകാർ മരിച്ചു: (സംഖ്യാ, 14:26-28). യിസ്രായേൽ ജനം മരുഭൂമിയിൽ പട്ടുപോയപ്പോൾ കാലേബിനു കനാൻദേശം കൈവശമാക്കുവാൻ കഴിഞ്ഞു: (സംഖ്യാ, 14:24). കനാൻ ദേശം വിഭജിച്ചപ്പോൾ കാലേബിനു എൺപത്തഞ്ചു വയസ്സു പ്രായമുണ്ടായിരുന്നു. കാലേബ് ആവശ്യപ്പെട്ടതനുസരിച്ച് ഹെബ്രോൻമല കാലേബിനു നല്കി. അനാക്യമല്ലന്മാരെ ഓടിച്ച് കാലേബ് ദേശം കൈവശമാക്കി: (യോശു, 14:6-15; 15:14). കിര്യത്ത്-സേഫെർ പിടിച്ചടക്കിയതിന് പ്രതിഫലമായി തന്റെ മകൾ അക്സയെ സഹോദരപുത്രനായ ഒത്നീയേലിനു ഭാര്യയായി കൊടുത്തു: (യോശു, 15:13-19).