കയീൻ (Cain)
പേരിനർത്ഥം – കുന്തം
മനുഷ്യവംശത്തിലെ ആദ്യജാതൻ; ആദ്യകൊലപാതകിയും ആദ്യഭാതൃഹന്താവും. ആദാമിൻ്റെയും ഹവ്വയുടെയും മൂത്തമകനാണ് കയീൻ. ‘യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു ഹവ്വ പറഞ്ഞു:’ (ഉല്പ, 4:1). കയീൻ കർഷകനും അനുജനായ ഹാബെൽ ആട്ടിടയനുമായിരുന്നു. ഒരിക്കൽ കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നും യഹോവയ്ക്കു വഴിപാട് അർപ്പിച്ചു. ഹാബെലിന്റെ വഴിപാട് ദൈവം അംഗീകരിച്ചു. എന്നാൽ കയീനിലും അവന്റെ വഴിപാടിലും ദൈവം പ്രസാദിച്ചില്ല. അതിൽ കുപിതനായ കയീൻ ഹാബെലിനെ കൊന്നുകളഞ്ഞു. അവന്റെ പ്രവൃത്തിയറിഞ്ഞ ദൈവം അവനോടു സഹോദരനെക്കുറിച്ചു ചോദിച്ചപ്പോൾ, ‘ഞാൻ എന്റെ അനുജന്റെ കാവല്ക്കാരനോ’ എന്നു ദൈവത്തോടു മറുചോദ്യം ചോദിച്ചു. ദൈവം അവനെയും അവൻ കൃഷിചെയ്യുന്ന നിലത്തെയും ശപിച്ചു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്നും ദൈവത്തോടു നിലവിളിക്കുകയായിരുന്നു. കുറ്റബോധം കയീനെ അലട്ടി. മറ്റുള്ളവർ തന്നെ കൊല്ലുമെന്നു ഭയന്ന് കയീൻ ദൈവത്തോടപേക്ഷിച്ചു. ആരും അവനെ കൊല്ലാതിരിക്കുവാൻ ദൈവം അവന് ഒരടയാളം കൊടുത്തു. കയീൻ അലഞ്ഞുതിരിയുന്നവനായി. അവൻ നോദ് ദേശത്തു ചെന്നു പാർത്തു. കയീന്റെ ഭാര്യ ഗർഭം ധരിച്ച് ഹാനോക്കിനെ പ്രസവിച്ചു. ഒരു പട്ടണം പണിത് കയീൻ തന്റെ മകന്റെ പേരു നല്കി. കയീന്റെ സന്തതിയുടെ വംശാവലി ആറുതലമുറവരെ കൊടുത്തിട്ടുണ്ട്. സംഗീതം, കല തുടങ്ങിയവയിൽ അവർ പ്രസിദ്ധിയാർജ്ജിച്ചു. പുതിയനിയമത്തിൽ മുന്നിടത്തു് കയീനെ പറ്റി പരാമർശിക്കുന്നുണ്ട്: 1. വിശ്വാസത്താൽ ഹാബെൽ ദൈവത്തിനു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു: (എബ്രാ, 11:4). 2. കയീൻ ദുഷ്ടനിൽ നിന്നുളളവനായി സഹോദരനെ കൊന്നു: (1യോഹ, 3:12). 3. അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും: (യൂദാ, 11).