കപ്പദോക്യ (Cappadocia)
പേരിനർത്ഥം – മനോഹരമായ കുതിരകളുടെ നാട്
ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്തു ഏകദേശം 900 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഭൂപ്രദേശം. കപ്പദോക്യയുടെ തെക്കുഭാഗത്തു ടോറസ് പർവ്വതവും കിഴക്കു യൂഫ്രട്ടീസ് നദിയും വടക്കു പൊന്തൊസും കിടക്കുന്നു. എന്നാൽ ദേശത്തിൻറ യഥാർത്ഥ അതിരുകൾ അവ്യക്തമാണ്. അതെപ്പോഴും മാറിക്കൊണ്ടിരുന്നു. തിബെര്യാസിന്റെ കാലത്ത് (എ.ഡി. 17 ) അത് റോമൻ പ്രവിശ്യയായി. എ.ഡി. 70-ൽ വെസ്പേഷ്യൻ അതിനെ അർമ്മീനിയ മൈനറിനോടു (Lesser Armenia) ചേർത്തു. തുടർന്നുള്ള രാജാക്കന്മാരുടെ കാലത്ത് കപ്പദോക്യയുടെ പ്രാധാന്യവും വിസ്തൃതിയും വർദ്ധിച്ചു. മദ്ധ്യേഷ്യയ്ക്കും കരിങ്കടലിനും മദ്ധ്യേയുള്ള വാണിജ്യമാർഗ്ഗം കപ്പദോക്യയിലൂടെ കടന്നുപോയിരുന്നു. പെന്തെക്കൊസ്തു നാളിൽ യെരൂശലേമിൽ കൂടിയ യെഹൂദന്മാരിൽ കപ്പദോക്യയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. (പ്രവൃ, 2:9). പത്രൊസിന്റെ ഒന്നാം ലേഖനം ലക്ഷ്യമാക്കിയ ചിതറിപ്പാർത്ത യെഹൂദന്മാരിൽ ഒരു വിഭാഗം കപ്പദോക്യയിൽ വസിച്ചിരുന്നവരാണ്. (1പത്രൊ, 1:1). ക്രിസ്തുമാർഗ്ഗം ഇവിടെ വളർന്നതിനാൽ, എ.ഡി. നാലാം നൂറ്റാണ്ടായപ്പോഴേക്കും പല സഭാനായകന്മാരും കപ്പദോക്യയിൽ നിന്നുണ്ടായതായി കാണുന്നു.