കനാൻ

കനാൻ (Canaan)

പേരിനർത്ഥം – നിമ്നപ്രദേശം

പലസ്തീൻ്റെ പൗരാണിക നാമമാണ് കനാൻ. ഹാമിൻ്റെ പുത്രനായ കാനാൻ്റെ സന്തതികളാണ് കനാനിലെ നിവാസികൾ അഥവാ, കനാന്യർ. (ഉല്പ, 10:15-18). ബൈബിളിലും ബാഹ്യരേഖകളിലും മൂന്നർത്ഥത്തിൽ കനാൻ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്: 1. സുറിയ പലസ്തീൻ തീരപ്രദേശത്തെയും നിവാസികളെയും കുറിക്കുന്നു. (ഉല്പ, 10:15-19). കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും സമഭൂമികളിലും അമോര്യർ തുടങ്ങിയവർ പർവ്വതങ്ങളിലും പാർക്കുന്നു എന്നു പിൻവരുന്ന ഭാഗങ്ങൾ വ്യക്തമാക്കുന്നു. (സംഖ്യാ, 13:29; യോശു, 5:1; 11:3; ന്യായാ, 1:27). 2. പൊതുവെ സുറിയ-പലസ്തീൻ: (ഉല്പ, 10:15-19). ഹിത്യർ, യെബൂസ്യർ, അമോര്യർ, ഹിവ്യർ, ഗിർഗ്ഗശ്യർ എന്നിവരെ ഉൾക്കൊള്ളിക്കുകയും കനാന്യ വംശങ്ങൾ പരന്നു എന്നു രേഖപ്പെടുത്തുകയും ചെയ്യുന്നു. (ഉല്പ, 10:18). കനാന്യ വംശങ്ങൾ വ്യാപിച്ച പ്രദേശത്തിന്റെ അതിരുകളും വ്യക്തമാക്കിയിട്ടുണ്ട്. “കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാ വരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.” (ഉല്പ, 10:19; ഒ.നോ: ഉല്പ, 12:5; 13:12; സംഖ്യാ, 13:17-21; 34:1,2). 3. കച്ചവടക്കാരൻ എന്ന സങ്കുചിതാർത്ഥം കനാന്യനുണ്ട്. കനാന്യരുടെ പ്രധാനതൊഴിൽ കച്ചവടമായതാണ് അതിനു കാരണം. “അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ട്; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.” (ഹോശേ, 12:7). ഇയ്യോ, 41:6; യെശ, 23:8; യെഹെ, 17:4; സെഫ, 1:11 എന്നിവിടങ്ങളിൽ കച്ചവടക്കാരെ ക്കുറിക്കുന്നതിനു കനാന്യൻ എന്ന പദമാണു എബ്രായയിൽ പ്രയോഗിച്ചിട്ടുളളത്. യിരെമ്യാവ് 10:17-ൽ ഭാണ്ഡം അഥവാ കച്ചവടച്ചരക്ക് എന്ന അർത്ഥത്തിൽ ‘ക്നാ’ത് എന്ന പ്രയോഗം പോലുമുണ്ട്.

കനാൻആക്രമണം: അമോര്യ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും ജയിച്ചശേഷം യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽമക്കൾ യോർദ്ദാൻ കടന്നു പശ്ചിമ പലസ്തീനിൽ പ്രവേശിച്ചു. മലമ്പദേശത്തിന്റെ നിയന്ത്രണം നേടിയശേഷം അവർ കനാന്യ രാജാക്കന്മാരെ പരാജയപ്പെടുത്തി. ഈ ആക്രമണത്തിന്റെ ചരിത്രം യോശുവ 1-12 അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്. ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത പൗരാണിക വാഗ്ദത്തത്തിൻ്റെ നിറവേറലായിരുന്നു എബ്രായരെ സംബന്ധിച്ചിടത്തോളം ഈ കനാൻ ആക്രമണം. (ഉല, 17:8; 28:4, 13,14; പുറ, 6:2-8). അവിടെയുള്ള ജാതികളെ നിർമ്മലമാക്കിക്കളയേണ്ടതാണ്. അവരോടു ഉടമ്പടി ചെയ്കയോ കൃപകാണിക്കയോ ചെയ്യാൻ പാടില്ല. (ആവ, 7:1,2). ആ ജാതികളെ യഹോവ നീക്കിക്കളയുന്നതു അവരുടെ ദുഷ്ടതനിമിത്തവും അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്ന പൂർവ്വപിതാക്കന്മാരോടു താൻ ചെയ്ത സത്യവചനം നിവർത്തിക്കേണ്ടതിനും അത്രേ. അല്ലാതെ യിസ്രായേൽ മക്കളുടെ നീതിയോ നന്മയോ നിമിത്തമല്ല. (ആവ, 9:4-5; ഉല്പ, 15:16). യെരീഹോ, ഹായി എന്നീ പട്ടണങ്ങളെ നശിപ്പിച്ചശേഷം (യോശു, 6:1-8:29) യിസ്രായേല്യർ ദക്ഷിണകനാനും (യോശു, 10) ഉത്തരകനാനും ആക്രമിച്ചു. (യോശ, 11:1-5). ഈ ആക്രമണത്തിന്റെ സംക്ഷിപ്തരേഖയാണ് യോശുവ 11:16-12:24). ആക്രമണത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താതെ തിരഞ്ഞെടുത്ത സംഭവങ്ങളുടെ ഹസ്വവിവരണമാണ് നല്കിയിട്ടുള്ളത്. ആക്രമണത്തിനുശേഷം കനാൻദേശം ഗോത്രങ്ങൾക്കു വിഭജിച്ചു നല്കി. ദേശവിഭജനത്തിന്റെ വിവരണമാണ് യോശുവ 13-22 അദ്ധ്യായങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *