ഏസെർ-ഹദ്ദോൻ (Esar-haddon)
പേരിനർത്ഥം – അശ്ശൂർ ഒരു സഹോദരനെ തന്നു
അശ്ശൂർ-അഹ്-ഇദ്ദിൻ എന്ന അശ്ശൂര്യനാമത്തിന്റെ എബ്രായരൂപമാണ് ഏസെർ-ഹദ്ദോൻ. സൻഹേരീബിൻ്റെ പുത്രനും മഹാപ്രതാപിയും ബലശാലിയുമായിരുന്നു ഏസെർ-ഹദ്ദോൻ. അദ്ദേഹത്തിന്റെ ഭരണകാലം ബി.സി. 68-669. പുത്രന്മാരായ അദ്രമേലെക്കും ശരേസെരും കൂടി സൻഹേരീബിനെ വധിച്ചശേഷം അരാരാത്തിലേക്കു ഓടി രക്ഷപ്പെട്ടു: (2രാജാ, 19:37; യെശ . 37:38). സൻഹേരീബ് ഇളയപുത്രനെ അധികം സ്നേഹിച്ചതായിരുന്നു ഈ വധത്തിനു കാരണം. പിതാവിന്റെ വധത്തെക്കുറിച്ചറിഞ്ഞ ഏസെർ-ഹദ്ദോൻ ഉടനടി നീനവേയിലേക്കു മടങ്ങിവന്ന് വിപ്ലവത്തെ അമർച്ചചെയ്തു. സൻഹേരീബ് നശിപ്പിച്ച ബാബിലോൺ നഗരത്തെ ഏസെർ-ഹദ്ദോൻ ഉദ്ധരിച്ചു. ഏലാമ്യരോടും ബാബിലോന്യരോടും യുദ്ധം ചെയ്ത് അനേകംപേരെ ബന്ദികളാക്കിക്കൊണ്ടുപോയി. ഇവരിൽ ചിലർ ശമര്യയിൽ പാർപ്പുറപ്പിച്ചു: (എസ്രാ, 4:2). പലസ്തീനിലെയും അരാമിലെയും സാമന്തരാജാക്കന്മാരിൽ നിന്ന് ഭാരിച്ച കപ്പം ഈടാക്കി. യെഹൂദയിലെ മനശ്ശെ രാജാവ് ഏസെർ-ഹദ്ദൊനു കപ്പം കൊടുത്തു. ഏദോം, മോവാബ്, അമ്മോൻ തുടങ്ങിയ ദേശങ്ങളിലെ ഭരണകർത്താക്കളെ സാമന്തരാക്കി. ഈ പ്രദേശങ്ങളിൽ മിസ്രയീം ചെലുത്തിക്കൊണ്ടിരുന്ന സ്വാധീനം നിയന്ത്രണ വിധേയമാക്കി. ബി.സി. 676-ൽ ഏസെർ-ഹദ്ദോൻ സീദോൻ നിരോധിക്കുകയും മൂന്നു വർഷത്തെ നിരോധത്തിനു ശേഷം അതിന്റെ ഒരു ഭാഗം തന്റെ സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്തു. ചില അഭയാർത്ഥികളെ ഒരു പുതിയ പട്ടണത്തിൽ പാർപ്പിച്ചു. ഈ കാലത്ത് ഗസ്സയും അസ്കലോനും അശ്ശൂരിനു വിധേയപ്പെട്ടു.
പലസ്തീൻ, അരാം എന്നീ രാജ്യങ്ങളെ നിരന്തരം മത്സരത്തിന് ഇളക്കിവിടുകയായിരുന്നു ഈജിപ്റ്റ്. തന്മൂലം ഈജിപ്റ്ററ്റിനെ കീഴടക്കുവാൻ ഏസെർ-ഹദ്ദോൻ ഒരുങ്ങി. ഹാരാൻ വഴിയായിരുന്നു ഈജിപ്റ്റിലേക്കു കടന്നുപോയത്. ഹാരാനിൽ വച്ച് ചന്ദ്രദേവനായ സീനിൽനിന്ന് ശുഭശകുനങ്ങൾ ലഭിച്ചു. ആദ്യം പരാജയം അനുഭവിക്കേണ്ടിവന്നു എങ്കിലും യുദ്ധം തുടരുകയും തിർഹക്കായെ തോല്പിക്കുകയും ചെയ്തു. പെട്ടെന്നുള്ള മുന്നേററത്തിൽ മെംഫിസിനെ ആക്രമിച്ചു കീഴടക്കി. അശ്ശൂരിന്റെ ആധിപത്യത്തിന്നെതിരെ ഈജിപ്റ്റിൽ ലഹള പൊട്ടിപുറപ്പെട്ടു. ബി.സി. 669-ൽ ഏസെർ-ഹദ്ദോൻ ഒരു പുതിയ ആക്രമണത്തിനൊരുങ്ങി. ഈജിപ്റ്റിലേക്കുള്ള മാർഗ്ഗമദ്ധ്യേ ഏസെർ-ഹദ്ദോൻ രോഗബാധിതനായി മരിച്ചു. ഇളയമകനായ അശ്ശൂർ ബനിപ്പാൾ സിംഹാസനത്തിന്റെ അനന്തരാവകാശിയായി.