ഏലീ, ഏലീ, ലമ്മാ ശബക്താനി?
താൻ തിരഞ്ഞെടുത്തവരും തന്റെ സന്തതസഹചാരികളും ആയിരുന പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരുവൻ മുപ്പതു വെള്ളിക്കാശിന് തന്നെ ഒറ്റിക്കൊടുത്തു. അത്യധികം സ്നേഹിച്ച മറ്റൊരു ശിഷ്യൻ തന്നെ അറിയുകയില്ലെന്നു പറഞ്ഞു പ്രാകുകയും ആണയിടുകയും ചെയ്തു. തന്നോടൊപ്പം തടവിലാകുവാനും മരിക്കുവാനും തയ്യാറാണെന്നു പ്രഖ്യാപിച്ച മറ്റു ശിഷ്യന്മാരെല്ലാം പ്രാണരക്ഷാർത്ഥം ഓടിയൊളിച്ചു. എല്ലാവരും ഉപേക്ഷിച്ചു പോയപ്പോൾ അവർ തന്നെ പിടിച്ചുകൊണ്ടു പോയി. തുടർന്ന് മൃഗീയമായ മർദ്ദനം; പ്രത്യേകമായുള്ള ചാട്ടകൊണ്ട് മാംസം പറിച്ചെടുക്കുന്ന അടികൾ. തലയിൽ കുത്തിക്കയറിയ മുൾക്കിരീടത്തിലെ കൂർത്ത മുള്ളുകൾ. രക്തം വാർന്നുകൊണ്ടിരിക്കുന്ന ശരീരവുമായി ഭാരമേറിയ തടിക്കുരിശേന്തി നടന്നപ്പോൾ ഉണ്ടായ വീഴ്ചയിലെ മുറിവുകൾ. അവസാനം കാരിരുമ്പാണികൾ കൈകാലുകളിൽ അടിച്ചുകയറ്റി ക്രൂശിൽ തൂക്കി; നഗ്നനായി ക്രൂശിൽ കിടന്നു. അങ്ങുദൂരെ ഈ കാഴ്ച കാണുവാൻ കഴിയാതെ, മുഖം പൊത്തി കരയുന്ന തന്റെ മാതാവും ഗലീലയിൽനിന്നു വന്ന സ്ത്രീകളും മാത്രം. ആറാം മണി നേരംമുതൽ ഒമ്പതാം മണി നേരംവരെ സൂര്യൻ ഇരുണ്ടുപോയി. ഏകദേശം ഒമ്പതാം മണി നേരത്ത് ശരീരമനസ്സുകൾ തകർന്ന യേശു “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്ന് അരാമ്യഭാഷയിൽ അർത്ഥം വരുന്ന “ഏലീ, ഏലീ, ലമ്മാ ശബക്താനി?” എന്നു നിലവിളിച്ചു. ലോകത്തിന്റെ പാപങ്ങൾ ചുമന്ന് പാപയാഗമായി സ്വയം അർപ്പിച്ച തന്റെ ഓമനപ്പുത്രന്റെ അതിവേദനയ്ക്കു മുമ്പിൽ വിശുദ്ധനായ ദൈവം മൗനമായിരുന്നു. യേശു ആ നിമിഷങ്ങളെ അതിജീവിച്ച് സകലതും ”നിവൃത്തിയായി” (യോഹ, 19:30) എന്നു പ്രഖ്യാപിച്ചു. പിന്നീട് “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയിൽ ഭരമേല്പിക്കുന്നു” (ലൂക്കൊ, 23:46) എന്നു പറഞ്ഞ് മനുഷ്യമനസ്സിനു വിഭാവനം ചെയ്യുവാൻ കഴിയാത്ത ക്രൂരമായ ക്രൂശിനെ ജയിച്ചു. ഒരു ദൈവപൈതലിന്റെ ആത്മീയ യാത്രയിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന, സ്നേഹിതന്മാർ വേർപിരിയുന്ന, വേദനകളുടെ കഠിനതകളിൽ പുളയുന്ന, എല്ലാവരും ഒറ്റപ്പെടുത്തുന്ന ക്രൂരമായ നിമിഷങ്ങൾ കടന്നുവരാം. ആ ദുർബ്ബലനിമിഷങ്ങളിൽ പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാതെ വരുമ്പോൾ ദൈവം പോലും കൈവിട്ടുവെന്നു തോന്നിയേക്കാം. അപ്പോൾ തളർന്നു പോകാതെ, അതിലുപരിയായി വേദനകളാൽ തകർന്നിട്ടും വിജയം വരിച്ച യേശുവിനോടു നിലവിളിക്കുമെങ്കിൽ അവൻ നമ്മെ നിശ്ചയമായും രക്ഷിക്കും; ജയോത്സവമായി വഴി നടത്തും.