ഏലി (Eli)
പേരിനർത്ഥം – ഉന്നതൻ
യിസ്രായേലിൻ്റെ പതിനാലാമത്തെ ന്യായാധിപനും (1ശമൂ, 4:18), അഹരോന്റെ പുത്രനായ ഈഥാമാരിൻ്റെ വംശാവലിയിൽപ്പെട്ട മഹാപുരോഹിതനും: (ലേവ്യ, 10:1,2). ഏലിയുടെ വംശപരമ്പരയിൽ പെട്ടവനാണ് അബ്യാഥാർ. അബ്യാഥാരിന്റെ പുത്രനായ അഹീമേലെക് ഈഥാമാരിന്റെ സന്തതി എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1ദിന, 24:3; 2ശമൂ, 8:17). ഈഥാമാരിന്റെ പാരമ്പര്യത്തിൽ ആദ്യം മഹാപുരോഹിതനാകുന്നത് ഏലിയാണെന്ന് കരുതപ്പെടുന്നു. അഹരോന്റെ ഗൃഹത്തിൽ ഇളയ സന്തതിയിലൂടെ മഹാപൗരോഹിത്യക്രമം വന്നതു എങ്ങനെയെന്നു വ്യക്തമല്ല: (1ശമൂ, 2:27-30). ഏലി യിസ്രായേലിന്റെ ന്യായാധിപനും ആയിരുന്നു. പുരോഹിത ഗോത്രത്തിൽ നിന്ന് ന്യായാധിപനാകുന്ന ആദ്യത്തെ വ്യക്തിയും ഏലിയായിരുന്നു. ഏലി 40 വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. (1ശമൂ, 4;18).
ഏലി ശീലോവിൽ മഹാപുരോഹിതനായിരിക്കുമ്പോൾ എല്ക്കാനായുടെ ഭാര്യയായ ഹന്ന ദൈവാലയത്തിൽ ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയും അങ്ങനെ ലഭിച്ച ശമൂവേലിനെ ദൈവാലയ ശുശ്രൂഷയ്ക്കായി സമർപ്പിക്കുകയും ചെയ്തു: (1ശമൂ, 1:28). ഏലി പുരോഹിതനായിരിക്കുമ്പോൾ തന്നെ ദൈവം ശമൂവേലിനോടു സംസാരിച്ചു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവഭയം ഇല്ലാത്തവരും ദൈവമന്ദിരത്തെയും യാഗത്തെയും മാനിക്കാത്തവരും ആയിരുന്നു. ജനം അവരെ വെറുത്തു. പിതാവിന് അവരെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല: (1ശമൂ, 2:12-24). ദൈവം ഒരു പ്രവാചകനെ അയച്ചു ഏലിയുടെ കുടുംബത്തിൻ്റെ നാശം മുന്നറിയിച്ചു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസം തന്നെ മരിക്കും എന്ന മുന്നറിയിപ്പ് ഏലിക്കു നല്കി: (1ശമൂ, 2:27-36). ശമൂവേൽ പ്രവാചകനിലൂടെ മറ്റൊരു മുന്നറിയിപ്പും ദൈവം ഏലിക്കു നല്കി: (1ശമൂ, 3:11-18). യിസ്രായേല്യർ ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഏബെൻ-ഏസെറിനു അരികെവച്ച് അവർ പരാജയപ്പെട്ടു. ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുത്തു തങ്ങളുടെ പാളയത്തിൽ കൊണ്ടുപോയി. തുടർന്നുണ്ടായ യുദ്ധത്തിൽ യിസ്രായേല്യർ ദയനീയമായി പരാജയപ്പെടുകയും ഏലിയുടെ പുത്രന്മാർ ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടു എന്നും പുത്രന്മാർ വധിക്കപ്പെട്ടു എന്നും കേട്ടപ്പോൾ ഏലി ആസനത്തിൽ നിന്നു പുറകോട്ടു വീണ് കഴുത്തൊടിഞ്ഞു മരിച്ചു: (1ശമൂ, 4). മരിക്കുമ്പോൾ ഏലിക്ക് 98 വയസ്സ് ഉണ്ടായിരുന്നു.
മഹാപുരോഹിതനായ ഏലിയുടെ സ്വഭാവത്തിൽ ചില നല്ല ഗുണങ്ങൾ ഉണ്ട്. ശുശ്രൂഷകളിൽ അർപ്പണ സ്വഭാവമുള്ളവനായിരുന്നു. ഹന്നയുടെ സങ്കടം എന്താണെന്നു മനസ്സിലാക്കിയപ്പോൾ അവളിൽ പ്രത്യേക താൽപര്യം കാണിക്കുകയും അവളെ അനുഗ്രഹിക്കുകയും ചെയ്തു: (1ശമൂ, 1:17; 2:20). ദൈവിക സന്ദേശത്തിന് അർഹിക്കുന്ന ആദരവു നല്കുകയും തന്റെ വീഴ്ചയുടെ പ്രവചനത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുകയും ചെയ്തു; (1ശമൂ, 3:8,18). പെട്ടകം പിടിക്കപ്പെട്ടു എന്നു കേട്ടപ്പോൾ പുരോഹിതൻ പെട്ടെന്നു വീണു മരിച്ചു. ദൈവത്തെക്കുറിച്ചും ദൈവത്തിൻ്റെ പെട്ടകത്തെക്കുറിച്ചും എത്രത്തോളം ചിന്തയും ഉത്കണ്ഠയും ഏലിക്കുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. വളരെ ശ്രദ്ധയോടും നീതിയോടും കൂടെ ഏലി ന്യായപാലനം നടത്തി. എന്നാൽ പുത്രന്മാരുടെ കാര്യത്തിൽ മുഖപക്ഷം കാണിച്ചു. ഒരു പിതാവെന്ന നിലയിൽ പുരോഹിതപദവിക്കു യോഗ്യമല്ലാത്ത രീതിയിൽ പുത്രന്മാരെ സ്നേഹിക്കുകയും അവരുടെ തെറ്റുകളെ അവഗണിക്കുകയും ചെയ്തു. മക്കളെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. അതിന്റെ ഫലമായിരുന്നു ഏലിക്കു നേരിട്ട ദുരന്തം. അതായിരുന്നു ഏലിയുടെ സ്വഭാവത്തിലെ ഏററവും ഇരുളടഞ്ഞ അംശം.
ഏലിയുടെ മരണശേഷം അല്പകാലത്തേയ്ക്ക് അനന്തരഗാമികൾ നോബിൽ പുരോഹിതന്മാരായിരുന്നു: (1ശമൂ, 14:3; 22:9-11) ദൈവപുരുഷന്റെ ശാപം രണ്ടുഘട്ടമായി നിറവേറി. ഒന്നാമതായി നോബിലെ പുരോഹിതന്മാരുടെ കൂട്ടക്കൊല നടന്നു: (1ശമൂ, 22:9-20). രണ്ടാമതായി ആ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട അബ്യാഥാരിനെ ശലോമോൻ സ്ഥാനഭ്രഷ്ടനാക്കി. അങ്ങനെ ഏലിയുടെ വംശം നാമാവശേഷമായി.