ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

ഏകനായ ദൈവം ഏകനല്ലാത്ത ക്രിസ്തു

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)

ദൈവം ഏകവ്യക്തിയാണ് അഥവാ ഒരുത്തൻ മാത്രം ദൈവം, എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ ദൈവത്തിൻ്റെ ക്രിസ്തു താൻ ഏകനല്ലെന്ന് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ ദൈവത്തിനൊരു ബഹുത്വമുണ്ട് അഥവാ ദൈവത്തിൽ ഒന്നിലേറെ വ്യക്തികളുണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളതെന്ന് അനേകർക്കും അറിയില്ലെന്നതാണ് വസ്തുത.

ഏകനായദൈവം:

ബൈബിൾ വെളിപ്പെടുത്തുന്ന അക്ഷയനും അദൃശ്യനുമായ ‘ഏകദൈവം’ ഗ്രീക്കിൽ ‘ഒ മോണോസ് തിയോസ്’ (o mono theos – ο μόνος Θεός – The only God) ആണ്. (1തിമൊ, 1:17). പുതിയനിയമത്തിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദമാണ് മോണോസ് (μόνος – monos). കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യമായി പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു: (മത്താ, 4:10: ലൂക്കൊ, 4:8). പിതാവു മാത്രമല്ലാതെ (monos) പുത്രന്നുംകൂടി അറിയുന്നില്ല: (മത്താ, 24:36). ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം: (യോഹ, 5:44). ഏക(monos)സത്യദൈവമായ നിന്നെയും (യോഹ, 17:3). ദൈവം ഒരു വ്യക്തി മാത്രമാണെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ അംഗീകരിക്കാത്തവർ എങ്ങനെ ക്രിസ്ത്യാനികളാകും? “എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു:” (ലൂക്കൊ, 10:16). പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ത്രിത്വം. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ഏക(monos)ജ്ഞാനിയായ ദൈവം: (റോമ, 16:26). അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം: 1തിമൊ, 1:17). ധന്യനായ ഏക(monos)അധിപതി: (1തിമൊ, 6:15). താൻ മാത്രം (monos) അമർത്യതയുള്ളവൻ: (1തിമൊ, 6:16). ഏക(monos)നാഥൻ: (യൂദാ, 1:4). രക്ഷിതാവായ ഏക(monos)ദൈവം: (യൂദാ, 1:24). നീയല്ലോ ഏക (monos) പരിശുദ്ധൻ: (വെളി, 15:4). ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരുടെ വാക്കുകൾ എങ്ങനെ തള്ളാൻ കഴിയും? “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും തള്ളിയവർക്ക് എന്ത് അപ്പൊസ്തലന്മാർ!

പഴയനിയമം: പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19;  നെഹെ, 9:6; യെശ, 37:16; 37:20). യഹോവയായ ദൈവവും അവൻ്റെ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഠിപ്പിച്ച ദൈവം മോണോതിയോസാണ്. അക്ഷയനും അദൃശ്യനുമായ മോണോതിയോസ് അഥവാ ഏകദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ അവൻ്റെ ഏകത്വം (oneness) വിഭജിക്കാനോ വേർപെടുത്താനോ കഴിയുന്നതല്ല. (മലാ, 3:6; 2തിമൊ, 2:13; യാക്കോ, 1:17). ഇത് ബൈബിൻ്റെ ബാലപാഠമാണ്. ഏകദൈവവിശ്വസികളെ ഒറ്റയാൻ വാദികളെന്നു പരിഹസിക്കുന്നവർ ഒരിക്കൽപ്പോലും ബൈബിൾ വായിച്ചിട്ടുള്ളവരല്ലെന്ന് മേല്പറഞ്ഞ വാക്യങ്ങളെല്ലാം തെളിവുനല്കുന്നു. 

ഏകനല്ലാത്ത ക്രിസ്തു:

യേശു താൻ ഏകനല്ലെന്നു പറയുന്ന മൂന്നു വാക്യങ്ങളാണുള്ളത്: “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). മേല്പറഞ്ഞ വാക്യങ്ങളിൽ യേശു ‘ഏകനല്ല’ എന്നല്ല പറയുന്നത്; ഒറ്റയ്ക്കല്ല അഥവാ തനിച്ചല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ I am not alone ആണ്; ഞാൻ ഒറ്റയ്ക്കല്ല. മറ്റൊരു പരിഭാഷ കാണുക: “ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എൻ്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടു കൂടെയുണ്ട്.” (പി.ഒ.സി). ഞാൻ തനിച്ചല്ലെന്ന് ഒരാൾ പറഞ്ഞാൽ അതിനർത്ഥം, അയാൾക്ക് ബഹുത്വമുണ്ടെന്നല്ല; അയാളുടെ കൂടെ മറ്റൊരാൾകൂടി ഉണ്ടെന്നാണ്. അദൃശ്യനായി തൻ്റെ കൂടെയുണ്ടായിരുന്ന ദൈവപിതാവിനെയും ചേർത്താണ് താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞതെന്ന് മൂന്നു വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്: “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല.” പിതാവ് എന്തിനാണ് യേശുവിൻ്റെ കൂടെ വസിച്ചതെന്നാണ് ഇനിയറിയേണ്ടത്.

യേശുവെന്ന മനുഷ്യൻ: അനേകർ കരുതുന്നതുപോലെ യേശു തൻ്റെ ജനനത്തിൽ ദൈവമോ ദൈവത്തിൻ്റെ പുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ ജനിച്ചത് ഒരു വിശുദ്ധപ്രജ അഥവാ ഒരു പാപമില്ലാത്ത ശിശുവാണ്: (ലൂക്കൊ, 1:35). ആ ശിശു ആത്മാവിൽ ബലപ്പെട്ടു (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നിട്ടു (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്: (മത്താ, 3:16; ലൂക്കൊ, 3:23; പ്രവൃ, 10:38). അനന്തരം ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്കു നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭാഷേകം. ദൈവം ദൈവത്തെയല്ല; മനുഷ്യരെയാണ് അഭിഷേകം ചെയ്യുന്നത്. അഭിഷേകം ചെയ്യപ്പെട്ടവനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. യേശുവെന്ന മനുഷ്യനെ ദൈവം അഭിഷേകം ചെയ്തിട്ട് അവനെ വിട്ടുപോകുകയല്ല ചെയ്തത്; ശുശ്രൂഷയിൽ അവൻ്റെ കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ക്രൂശുമരണത്തിൻ്റെ തൊട്ടുമുമ്പു മാത്രമാണ് ദൈവപിതാവ് യേശുവിനെ വിട്ടുമാറിയത്: (മത്താ, 37:46). അപ്പോൾ, മനുഷ്യനായ തൻ്റെകൂടെ അദൃശ്യനായിരുന്നു അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച ദൈവപിതാവിനെയും ചേർത്താണ്, “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” അഥവാ ഒറ്റയ്ക്കല്ല എന്നു ക്രിസ്തു പറഞ്ഞത്. ഞാൻ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞാൽ; മനുഷ്യനായിരുന്ന തനിക്കോ, അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല; ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയാണ് ഉണ്ടാകുന്നത്. സുവിശേഷചരിത്രകാലത്ത്, കൃത്യമായി പറഞ്ഞാൽ ബി.സി. 6-മുതൽ എ.ഡി. 33-വരെ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. എന്നല്ലാതെ, യേശുവെന്ന മനുഷ്യനോ ഏകദൈവത്തിനോ തന്നിൽത്തന്നെ ഒരു ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ദൈവവും മനുഷ്യനും: സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ അഭിഷിക്തമനുഷ്യനും അഥവാ ക്രിസ്തുവും എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏകനല്ലെന്നു പറഞ്ഞിരിക്കുന്നതു കൂടാതെ, പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ വീണ്ടും ജനിച്ച ആർക്കും പറയാം. സ്നാനം മുതൽ ദൈവം യേശുവിൻ്റെ കൂടെ വസിച്ചതുപോലെ, ദൈവം നമ്മെ ആത്മാവിൽ വീണ്ടും ജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ ദൈവമന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). വീണ്ടുംജനിച്ച, ദൈവം തൻ്റെകൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വ്യക്തിക്കും പറയാവുന്ന പ്രസ്താവനയാണ്; ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്നത്. അപ്പോൾ ക്രിസ്തുവിന് എത്രയധികമായി അത് പറയാൻ കഴിയും. അതിനാൽ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ മനുഷ്യനായി വെളിപ്പെട്ട ക്രിസ്തുവിനോ അവനെ അഭിഷേകം ചെയ്തുകൊണ്ടു കൂടെ വസിച്ചിരുന്ന മോണോതിയോസിനോ ബഹുത്വമുണ്ടുന്നില്ല എന്നല്ല ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല.

ക്രിസ്തു ദൈവം: ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുവെന്നു വിശ്വസിക്കുന്നവരാണ് അധികവും. ദൈവത്തിനു ബഹുത്വമുണ്ടെന്നുള്ള വ്യാജവിശ്വാസമാണ് എല്ലാ ദുരുപദേശങ്ങൾക്കും അടിസ്ഥാനം. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ അവൻ്റെ ക്രിസ്തുത്വം മാത്രമല്ല, അവൻ്റെ ചരിത്രപരതകൂടിയാണ് നിഷേധിക്കുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). എലോഹീം: ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന എബ്രായപദം ബഹുവചനം ആയതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന ത്രിത്വകുതുകികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല; ഏകദൈവവിശ്വാസികളാണെന്ന് പറഞ്ഞാൽ, അത് സ്വപ്നങ്ങളിൽപ്പോലും കാണാത്ത ഇരട്ടത്താപ്പാണ്. ഒന്നാം പ്രമാണത്തിനുപോലും പണികൊടുത്ത ഉപദേശമാണ് ത്രിത്വം. എഹാദും ഹെയ്സും: ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദവും ഹെയ്സ് (heis) എന്ന ഗ്രീക്കു പദവും ബഹുത്വമുള്ള ഒന്നാണെന്ന് പഠിപ്പിക്കുകവഴി, “നമുക്കെല്ലാവർക്കും ഒരു (ehad) പിതാവല്ലോ ഉള്ളതു;” (മലാ, 2:10) “പിതാവായ ഏക (heis) ദൈവമേ നമുക്കുള്ളു” (1കൊരി, 8:6) “എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (heis)” (എഫെ, 4:6) എന്നീ ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനത്തെ പുച്ഛിക്കുകയും, തങ്ങൾക്ക് ഒന്നിലധികം പിതാക്കന്മാർ ഉണ്ടെന്ന് സമ്മതിക്കുഖയുമാണ് ത്രിത്വവിശ്വാസികൾ. ലജ്ജയായതിൽ മാനം തോന്നുന്ന ഉപദേശത്തിൻ്റെ ഉടമകളാണ് ത്രിത്വം. ആളത്തവും ത്രിയേകത്വം: ത്രിത്വമെന്ന പദമോ ആശയമോ ബൈബിളിൽ ഇല്ലാത്തതുപോലെ, ത്രിമൂർത്തി വിശ്വാസത്തെ നിർവ്വചിക്കാൻ എടുക്കുന്ന ‘ആളത്തം’ എന്ന പദവും, ത്രിമൂർത്തി ബഹുദൈവത്തെ ഏകദൈവമാക്കാൻ എടുക്കുന്ന ‘ത്രിയേകത്വം’ എന്ന പദവും ബൈബിളിലോ നിഘണ്ടുവിലോ ഉള്ളതല്ല. ഇല്ലാത്ത ത്രിത്വത്തെ ഇല്ലാത്ത പദങ്ങൾകൊണ്ട് നിർവ്വചിക്കുന്ന വല്ലാത്തൊരുപദേശമാണ് ട്രിനിറ്റി. ചുരുക്കിപ്പറഞ്ഞാൽ: മുഹമ്മദീയർ ബൈബിളിൽ മുഹമ്മദുണ്ടെന്നു പറയുന്നതുപോലെയുള്ള അബദ്ധം മാത്രമാണ് ത്രിത്വം. രണ്ടു വ്യാജവിശ്വാസത്തിൻ്റെയും ഉത്ഭവം പിശാചും സാത്താനുമെന്ന പഴയ പാമ്പിൽനിന്നാണ്.

പുതിയനിയമം: ത്രിത്വമെന്ന പ്രയോഗമോ ആശയമോ ബൈബിളിലില്ല; ഉള്ളത് അക്ഷയനും അദൃശ്യനുമായ മോണോതിയോസാണ്. മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ അദൃശ്യനായ ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ വെളിപ്പെട്ടിരിക്കുകയാണ്. പഴയനിയമത്തിൽ ഏകദൈവത്തിൻ്റെ പേര് യാഹ്വെ എന്നായിരുന്നു. ന്യായപ്രമാണം നല്കുന്നതിനു  മുന്നോടിയായിട്ടാണ് ഏകദൈവം തൻ്റെ യാഹ്വെ എന്ന നാമം മോശെ മുഖാന്തരം യിസ്രായേൽ ജനത്തിനു വെളിപ്പെടുത്തിയത്: (പുറ, 3:13-15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാരോടുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല: (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് തൻ്റെ വെളിപ്പാടായ മനുഷ്യന് ‘യേശു’ എന്ന പേർ നല്കിയത്: (മത്താ, 1:21; 1തിമൊ, 2:6; 3:15,16; എബ്രാ, 10:5). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന ദൈവത്തിൻ്റെ അരുളപ്പാടുപോലെ, ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന അവൻ്റെ പേര് ‘യെഹോശൂവ മശീഹ’ എന്നായി. (യിരെ, 31:31-34; മത്താ, 28:19; ലൂക്കൊ, 22:20; യോഹ, 5:43; 17,11,12; 14:26; പ്രവൃ, 2:38; കൊലൊ, 3:17; എബ്രാ, 8:8-13). 

ദൈവം ഏകവ്യക്തി: ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4. ഒ.നോ: 6:5-9). “അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്: (പുറ, 20:3). ദൈവം അല്ലാതെ ദൈവങ്ങളോ വ്യക്തികളോയില്ലെന്ന് സ്പഷ്ടമാക്കുന്നു. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്നും ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ ഞാനല്ലാതെ വേറെ ദൈവമില്ല. എൻ്റെ പരമാധികാരം മറ്റൊന്നിന് ഒരികലും പകർന്നു കൊടുക്കായ്കയാൽ ഞാൻ അന്ത്യന്മാരോടുകൂടെ അനന്യനൂം ആകുന്നു: (യെശ, 41:4). ഇതും കാണുക: യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: ആവ, 4:39; 32:39; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). ഏന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവം ഏകനല്ലെന്നു പറഞ്ഞുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *