യെശയ്യാവ് 48:16-ൽ ദൈവപുത്രനായ യേശുക്രിസ്തു ഉണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. വാക്യം ഇപ്രകാരമാണ്: “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് യേശുക്രിസ്തു ആണത്രേ. അതാണ് ട്രിനിറ്റിയുടെ വീക്ഷണം. എന്നാൽ, യഥാർത്ഥത്തിൽ അവിടെ യേശുക്രിസ്തു ഇല്ല; യഹോവയും യെശയ്യാവും യഹോവയുടെ ആത്മാവുമാണ് ഉള്ളത്. മേല്പറഞ്ഞ വാക്യത്തിന് കൃത്യമായി രണ്ടു ഭാഗങ്ങളുണ്ട്. അതിനെ KJV പോലുള്ള ചുരുക്കം പരിഭാഷകൾ ഒഴികെ, NKJV അടക്കം പൂർണ്ണവിരാമം (full stop) ഇട്ടുകൊണ്ട് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം കെ.ജെ.വി.യെ പിൻതുടർന്ന് അർധവിരാമമാണ് ഇട്ടിരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകം പരിഷ്കരിച്ച പരിഭാഷയിൽ, പുർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ”നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു.” ഈ വേദഭാഗത്ത്, ‘ഞാൻ’ എന്നു ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നയാൾ മുളിലത്തെ വാക്യങ്ങളിൽ കാണുന്ന ഉത്തമപുരുഷൻ തന്നെയാണ്. അത് യഹോവയല്ലാതെ മറ്റാരുമല്ല. (യെശ 48:3,5,9,10,11,12,13,15). ”ഞാൻ രഹസ്യത്തിൽ അല്ല സംസാരിച്ചതു” എന്നു യഹോവ പറയുന്ന വേറെയും പരാമർശം മുമ്പിലത്തെ അദ്ധ്യായത്തിൽ ഉണ്ട്. (45:19). ”അതിൻ്റെ ഉത്ഭവകാലം മുതൽ ഞാൻ അവിടെ ഉണ്ടു” എന്നു പറയുന്നത് ബാബേൽ പട്ടണത്തെക്കുറിച്ചാണ്. (ഉല്പ, 10:10). അടുത്തഭാഗം: ”ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്നു പറയുന്നത് യെശയ്യാ പ്രവാചകനാണ്. ബാബേൽ പ്രവാസത്തിൽനിന്നു അഭിഷിക്തനായ കോരെശ് മുഖാന്തരം യിസ്രായേലിനെ വിടുവിക്കുന്നതിനെക്കുറിച്ച് അവരോടു പറയാൻ യെശയ്യാവിനെ അയച്ചിരിക്കുകയാണ്. (യെശ, 41:25; 44:28; 45:1-13). ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും (36:22-23) എസ്രായിലുമുള്ളത്. (1:1,2). ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ പ്രവചിക്കാൻ യെശയ്യാവിനെ അയക്കുന്നതാണ് 48:14-16-ലെ വിഷയം. 20-ാം വാക്യം മുതൽ വായിച്ചാൽ അത് മനസ്സിലാകും: ”ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ് ആ വേദഭാഗത്തെ വിഷയവും കഥാപാത്രങ്ങളും.
ഇനി, അതിൻ്റെ കൂടുതൽ തെളിവുകൾ നോക്കാം:
1. ആ അദ്ധ്യായത്തിൽ ഉത്തമപുരുഷനായിട്ട് രണ്ടുപേരാണ് ഉള്ളത്. അഥവാ, സംസാരിക്കുന്നത് രണ്ടുപേരാണ്. എഴുത്തുകാരനായ യെശയ്യാവും യഹോവയും. 1-2 വാക്യങ്ങളും 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും, പതിനേഴിൻ്റെ ആദ്യപകുതിയും, അവസാനത്തെ മൂന്നു വാക്യങ്ങളും (48:20-22) എഴുത്തുകാരൻ്റെയാണ്. 3-ാം വാക്യം മുതൽ 19-ാം വാക്യംവരെ ഉള്ളതിൽ, 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും 17-ാം വാക്യത്തിൻ്റെ ആദ്യപകുതിയും ഒഴികെ; ബാക്കിയെല്ലാം സംസാരിക്കുന്നത് യഹോവയാണ്.
2. ഭാഷയുടെ വ്യാകരണനിയമപ്രകാരം എഴുത്തുകാരനും ആ അദ്ധ്യായത്തിൽ പേർപറഞ്ഞിരിക്കുന്ന യിസ്രായേലിൻ്റെ ദൈവമായ യഹോവയും ഒഴികെ, ആ അദ്ധ്യായത്തിൽ പേർ പറയാത്ത മൂന്നാമത് ഒരാൾക്ക്, ‘എന്നെ’ എന്ന് ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കാൻ കഴിയില്ല. എന്തെന്നാൽ, സർവ്വനാമം എന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. തന്മൂലം, എഴുത്തുകാരൻ ഒഴികെ, മറ്റാരെയെങ്കിലും എന്നെ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ അവിടെ സംസാരിക്കണമെങ്കിൽ, പ്രസ്തുത വാക്യത്തിനു മുകളിൽ ഒരു പ്രാവശ്യമെങ്കിലും അയാളുടെ നാമം ഉപയോഗിച്ചിരിക്കണം. തന്മൂലം, ആ അദ്ധ്യായത്തിൽ പേർ പറഞ്ഞിരിക്കുന്ന യഹോവയ്ക്കും എഴുത്തുകാരനും ഒഴികെ, മറ്റാർക്കും സംസാരിക്കാൻ കഴിയില്ല. പേർ പറയാത്ത ഒരാൾ വന്നിട്ട്, യഹോവ എന്നെ അയച്ചു എന്ന് പറഞ്ഞാൽ, അതിനെക്കാൾ വലിയ അബദ്ധം വേറെയില്ല. അതായത്, ഉത്തമപുരുഷനിൽ എന്നെ അയച്ചു എന്ന് പറയാൻ ആ അദ്ധ്യായത്തിൽ രണ്ടുപേർ മാത്രമേയുള്ളു; യഹോവയും യെശയ്യാവും. യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു എന്ന് യഹോവയ്ക്ക് എന്തായാലും പറയാൻ കഴിയില്ല. തന്മൂലം, യെശയ്യാവാണ് അത് പറഞ്ഞതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
3. എഴുത്തുകാരനായ യെശയ്യാവ് തന്നെയാണ് യഹോവയുടെ ഭാഷണങ്ങൾ ‘ഞാൻ’ (3,5,7,10,11,12,13,15,16,17) ‘എൻ്റെ’ (9,11,12,13,18,19) എന്നിങ്ങനെ ഉത്തമപുരുഷനിൽ പറഞ്ഞിരിക്കുന്നത്. പ്രസ്തുത വാക്യത്തിൽ, ആദ്യഭാഗമായ, “ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു” എന്ന യഹോവയുടെ ഭാഷണങ്ങളും; അടുത്തഭാഗമായ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നതും എഴുത്തുകാരനായ യെശയ്യാവാണ്. ഈ വേദഭാഗത്തെ മനസ്സിലാക്കാൻ യെശയ്യാവിൻ്റെ തന്നെ മറ്റൊരു വാക്യം കാണിക്കാം: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു – അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18). ഈ വാക്യം ശ്രദ്ധിക്കുക: ” ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് വാക്യം തുടങ്ങുന്നത്. അടുത്തഭാഗം: “അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.” ഇത് പറയുന്നത് യഹോവയല്ല; യെശയ്യാവാണ്. അതായത്, യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം, യഹോവയെ പ്രഥമ പുരുഷനിൽ അവൻ, അവൻ എന്ന് സംബോധന ചെയ്തുകൊണ്ട്, യെശയ്യാവ് തന്നെയാണ് സംസാരിക്കുന്നത്. അവസാനഭാഗം ശ്രദ്ധിക്കുക: “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” നോക്കുക: അവസാനഭാഗം ഞാൻ എന്ന് ഉത്തമപുരുഷനിൽ യഹോവയാണ് സംസാരിക്കുന്നത്. അതായത്, എഴുത്തുകാരനായ യെശയ്യാവാണ് ഒരു വാക്യത്തിൽത്തന്നെ രണ്ടുപേരുടെയും ഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. നമ്മൾ ചിന്തിക്കുന്ന വേദഭാഗവും ഇതുപോലെയാണ്.
4. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും NKJV ഉൾപ്പെടെ ഇംഗ്ലീഷിലെ അനേകം പരിഷകളിലും പൂർണ്ണവിരാമം അഥവാ, ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട് യഹോവയുടെയും യെശയ്യാവിൻ്റെയും ഭാഷണങ്ങളെ വേർതിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “എന്‍റെ അടുക്കല്‍വന്നു നിങ്ങള്‍ ഇതു കേള്‍ക്കൂ: “ആദിമുതല്‍ ഞാന്‍ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതല്‍ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ, യഹോയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമവും (full stop) ഉദ്ധരണി ചിഹ്നങ്ങളും (quotation mark) ഇട്ടു വേർതിരിച്ചിരിക്കുന്നത് കാണാം. ഉദാ: AB, ABP, ACV, AFV, BSB, CB, CEV, CPDV, CSB, CVB, FBB, ESV, GB, GB1, GB20, GNT, GWN, GWT, HCSB, ISV, Logos, LSV, MB, NASB, NCV, NET, NHEB, NHEB-ME, NHEB-Y, NIV, NKJV, NLT, NLV, NOG, NRSV-CI, NSB, RSV, RSV-CE, TLB, Thomson, WEB തുടങ്ങിയവ. KJV-ക്ക് മുമ്പുള്ള, Coverdale Bible, Matthew’s Bible, The Great Bible തുടങ്ങിയവയിൽ യഹോവയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമമിട്ട് വേർതിരിച്ചിട്ടുണ്ട്. എന്നാൽ, പില്ക്കാലത്തു വന്ന KJV-യിലും മറ്റു ചില പരിഭാഷകളിലും ഒരാളുടെ ഭാഷണങ്ങളാണെന്ന് തോന്നിക്കുന്ന രീതിയിൽ, അർധവിരാമം ആണ് ഇട്ടിരിക്കുന്നത്.
5. മലയാളത്തിലും തമിഴിലുമുള്ള ഓരോ പരിഭാഷയിൽ നിന്ന് ആ വേദഭാഗം കൃത്യമായി മനസ്സിലാക്കാൻ പറ്റും. World Bible Translation center (ERV) മലയാളം പരിഭാഷ: “ഇവിടെ വന്ന് എന്നെ ശ്രവിക്കുക! ബാബിലോൺ ഒരു രാഷ്ട്രമായി ആരംഭിച്ചപ്പോൾ ഞാനവിടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് ആളുകൾ മനസ്സിലാക്കുന്നതിന് ആരംഭം മുതൽക്കേ ഞാൻ വ്യക്തമായി സംസാരിച്ചിരുന്നു.” അനന്തരം യെശയ്യാവ് പറഞ്ഞു, “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു.” ഈ പരിഭാഷ ശദ്ധിക്കുക: എന്നെ അയച്ചു എന്ന് പറയുന്നത് യെശയ്യാവാണെന്ന് വ്യക്തമായി ഇതിൽ പറഞ്ഞിട്ടുണ്ട്. അടുത്തവാക്യം, തമിഴിലെ വിശുദ്ധ ബൈബിൾ നോക്കുക: “ഇവിടെ വരൂ, ഞാൻ പറയുന്നത് ശ്രദ്ധിക്കൂ! ബാബിലോൺ ഒരു ജനതയായി തുടങ്ങിയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞത് ജനങ്ങൾ അറിയേണ്ടതിന് തുടക്കം മുതൽ ഞാൻ വ്യക്തമായി സംസാരിച്ചു.” അപ്പോൾ യെശയ്യാവ് പറഞ്ഞു: “ഇപ്പോൾ, എൻ്റെ കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു, ഈ കാര്യങ്ങൾ നിങ്ങളോട് അറിയിക്കാൻ.” ഈ പരിഭാഷയിലും, യെശയ്യാവാണ് അത് പറയുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
6. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ജനമാണ് യിസ്രായേൽ. (സങ്കീ, 147:19,20; റോമ, 3:2). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകൻ ആണെന്നാണ് അവരുടെ വ്യാഖ്യാനം. വാക്യത്തിൻ്റെ ആദ്യഭാഗം ദൈവം സംസാരിക്കുന്നതാണെന്നും അവസാനഭാഗം പ്രവാചകൻ സംസാരിക്കുന്നതാണെന്നും അതിൽ വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ ആത്മാവിനെ വചനമായിട്ടാണ് അവർ വ്യാഖ്യാനിക്കുന്നത്. അതായത്, “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ വചനത്തെയും അയച്ചിരിക്കുന്നു.” എന്നാണ് യെഹൂദന്മാർ വിശ്വസിക്കുന്നതും വ്യാഖ്യാനിച്ചിരിക്കുന്നതും.
7. യെശയ്യാവ് 48:16-ൽ ഉള്ളത് യേശുക്രിസ്തു അല്ലെന്നതിൻ്റെ ചരിത്രപരമായ ഒരു തെളിവ് കാണിച്ചുതരാം. “ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: യോഹ, 3:31; 8:23; 1യോഹ, 4:2; 2യോഹ, 1:7). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ യേശുവില്ല; അവനെക്കുറിക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 61:1-2). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11). യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിപോലെ താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:18-21; യെശ, 61:1-2). ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറഞ്ഞ ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാൽ, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഒന്നുകൂടി വ്യക്തമാക്കിയാൽ, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശു എന്ന് പേരുള്ള ഒരു പാപമറിയാത്ത മനുഷ്യനില്ല. യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽ വെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരം ദൈവദൂതൻ്റെ പ്രവചനംപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ദൈവം അരുളിച്ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (ലക്കൊ, 1:32,35). അതായത്, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അഥവാ, യഹോവയായ ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ബി,സി. 6-ൽ ജനിച്ചവനും എ.ഡി. 29-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനുമായവൻ, ബാബേൽ പ്രവാസത്തിൽ നിന്നുള്ള മോചനം പ്രവചിക്കാനോ, പ്രവാസത്തിൽ നിന്ന് വിടുവിക്കാനോ പഴയനിയമത്തിൽ എങ്ങനെ ഉണ്ടാകും? അപ്പോൾ, യെശയ്യാവ് 48:16-ൽ ഉള്ളത് ദൈവപുത്രനായ യേശു ആണെന്നത്, ത്രിമൂർത്തി ഉപദേശം സ്ഥാപിക്കാനുള്ള വ്യാജം മാത്രമാണെന്ന് മനസ്സിലാക്കാം.
യെശയ്യാവ് 48-ൻ്റെ 15-ാം വാക്യത്തിൽ, ഞാൻ അവനെ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചാണെന്ന് പലരും കരുതുന്നു. ദൈവം വിളിച്ചുവരുത്തിയ യേശുക്രിസ്തുവാണ് പതിനാറാം വാക്യത്തിൽ സംസാരിക്കുന്നത് എന്നാണ് അവരുടെ ചിന്ത. “ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും. നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” (യെശ, 48:15-16). 15-ാം വാക്യവും 16-ാം വാക്യത്തിൻ്റെ ആദ്യപകുതയും യഹോവയുടെ ഭാഷണങ്ങളാണ്. അവനെ ഞാൻ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുവിനെക്കുറിച്ചല്ല കോരെശിനെക്കുറിച്ചാണ്. അപ്പോൾ, കോരെശിന്റെ പേരും ആ അദ്ധ്യായത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നൊരു ചോദ്യം വരും. അതിൻ്റെ കാരണം: അതിൻ്റെ കാരണം, നാല്പത്തൊന്നാം അദ്ധ്യായം മുതൽ അവനെക്കുറിച്ച് പറയുന്നതാണ്. 41:25-ൽ ‘ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു’ എന്നു യഹോവ പറയുന്നത് കോരെശിനെ കുറിച്ചാണ്. ദാനീയേൽ കടലിൽനിന്നു കയറിവരുന്നതായി കണ്ട കരടി സദൃശമായ മൃഗവും (7:5), ആട്ടുകൊറ്റൻ്റെ വലിയ കൊമ്പും (8:1-4) പാർസി രാജാവായ കോരെശാണ്. യിരെമ്യാവാണ്, ബാബേൽ പ്രവാസം എഴുപതു സംവത്സരമാണെന്ന് പ്രവചിച്ചത്. എഴുപത് വർഷം തികയുമ്പോൾ യഹോവ ബാബേൽ സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കും എന്നാണ് പ്രവചനം. (25:11,12; 29:10). അതിനു ദൈവം തിരഞ്ഞെടുത്ത അഭിഷിക്തനാണ് കോരെശ്. 44-ാം അദ്ധ്യായം മുതൽ കോരെശിൻ്റെ പേർ പറഞ്ഞു വരുന്നുണ്ട്. (യെശ, 44:28; 45:1). അതിൻ്റെ തുടർച്ചയാണ് 48-ാം അദ്ധ്യായം. തന്മൂലം, കോരെശിൻ്റെ പേർ അവിടെ പറയേണ്ട ആവശ്യമില്ല; അവൻ എന്ന സർവ്വനാമം പറഞ്ഞാൽ മതി. മുന്നദ്ധ്യായങ്ങൾ വായിച്ചാൽ പ്രസ്തുത വാക്യത്തിൽ, “അവൻ” എന്ന സർവ്വനാമത്തിൽ പറഞ്ഞിരിക്കുന്നത് കോരെശാണെന്ന് ആർക്കും മനസ്സിലാകും. യെഹൂദന്മാരുടെ വ്യാഖ്യാനത്തിലും അത് കോരെശാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവ പറയുന്നത്, “ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും” എന്നാണ്. ഇനി, ചിലർ കരുതുന്നപോലെ അത് യേശു ആണെങ്കിൽ, ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നല്ലല്ലോ; ഞാൻ അവനെ അയച്ചിരിക്കുന്നു എന്നല്ലേ പറയേണ്ടത്? യേശു യഹോവയോടു കൂടെയുള്ള നിത്യപുത്രനാണ് എന്നാണല്ലോ ട്രിനിറ്റി വിശ്വസിക്കുന്നത്. തൻ്റെകൂടെയുള്ള നിത്യപുത്രനെ വല്ലയിടത്തും നിന്ന് വിളിച്ചുവുത്തേണ്ട കാര്യമില്ലല്ലോ? തന്മൂലം, യഹോവ വിളിച്ചുവരുത്തി എന്ന് പറയുന്നത്, തൻ്റെ അഭിഷിക്തനായ കോരെശാണെന്ന് മനസ്സിലാക്കാം. യെശയ്യാവ് 48:16-ൽ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകനായ യെശയ്യാവാണ്. ബാബേൽ പ്രവാസത്തിൽ നിന്ന് കോരെശിലൂടെയുള്ള വിമോചനം പ്രവചിക്കാനാണ് യെശയ്യാവിനെ യഹോവയുടെ ആത്മാവോടുകൂടി അയച്ചിരിക്കുന്നത്. യിസ്രായേൽ ജനത്തോട് യെശയ്യാവ് അത് പ്രവചിക്കുന്നതിൻ്റെ തെളിവ് താഴെത്തന്നെയുണ്ട്. “ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ് പ്രസ്തുത വേദഭാഗങ്ങളിലെ വിഷയം.
ഇനി, ദൈവം നമുക്ക് നല്കിയിരിക്കുന്ന ആത്മാവിനെയും ബുദ്ധിയെയും മാറ്റിവെച്ചുകൊണ്ട്, അവിടെ പറഞ്ഞിരിക്കുന്നത് യേശുവിനെക്കുറിച്ചാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കാം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നോക്കാം. 15-ാം വാക്യത്തിലെ കോരെശിൻ്റെ ശുശ്രൂഷയും അടുത്ത വാക്യത്തിലെ, യെശയ്യാവിൻ്റെ ശുശ്രൂഷയും നമുക്ക് യേശുവിൽ ആരോപിക്കാം.
ബാബേൽ പ്രവാസത്തിൽ നിന്നു യിസ്രായേലിനെ വിടുവിക്കുവാൻ ദൈവത്തിൻ്റെ നിത്യപുത്രനും നിത്യദൈവവും എന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുവിനെയാണ് ദൈവം വിളിച്ചുവരുത്തിയത് എന്നിരിക്കട്ടെ. എന്നിട്ടെന്തു സംഭവിച്ചു? അടിമത്വത്തിൽനിന്ന് യിസ്രായേൽ എന്നേക്കും സ്വതന്ത്രരായോ? ഒരിക്കലുമില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ടു എന്നല്ലാതെ, അവർക്ക് ശാശ്വതമായ സ്വാതന്ത്രം ലഭിച്ചില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്നു വിടുവിക്കപ്പെട്ട ജനം, അതിനെക്കാൾ ദൈർഘ്യമുള്ള അടിമത്വങ്ങളിലേക്ക് മാറിമാറി പോകുകയായിരുന്നു. അതാണോ ദൈവപുത്രനും ദൈവവുമായ യേശു കൊടുത്ത സ്വാതന്ത്ര്യം? യെഹൂദന്മാരെ അടിമകളാക്കിയവരിൽ ഏറ്റവും കുറച്ചുകാലമാണ് ബാബേലിൻ്റേത്. അതിനെക്കാൾ ദൈർഘ്യമുള്ളതായിരുന്നു മേദ്യപേർഷ്യ, ഗ്രീസ്, റോമാ തുടങ്ങിയ സാമ്രാജ്യങ്ങളുടെ അടിമത്വം. അതായത്, യേശുക്രിസ്തു അന്നു വന്നു ബാബേലിൻ്റെ അടിമത്വത്തിൽനിന്നു യിസ്രായേലിനെ വിടുവിച്ചിട്ടു അതിനേക്കാൾ മഹാദൈർഘ്യമുള്ള മറ്റടിമത്വത്തങ്ങൾക്ക് ഏല്പിച്ചുകൊടുത്തു എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും” എന്നാണ് വചനം പറയുന്നത്. (യോഹ, 8:36). അല്ലാതെ, ഒരടിമത്വത്തിൽ നിന്ന് അവൻ വിടുവിച്ചിട്ട് മറ്റ് അടിമത്വങ്ങൾക്ക് ഏല്പിച്ചു കൊടുക്കില്ല.
അടുത്തത്, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന യെശയ്യാവിൻ്റെ ശുശ്രൂഷ യേശുവിൽ ആരോപിച്ചു നോക്കാം. യെശയ്യാവിനെ ദൈവം അയച്ചത് ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ യിസ്രായേലിനെ അറിയിക്കാനാണ്. ഇആർവി പരിഭാഷയിൽ ആ ഭാഗം ഇങ്ങനെയാണ്: “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു. തമിഴ് ബൈബിളിലും അങ്ങനെതന്നെയാണ്. ഒന്നാമത്, ഏറ്റവും ചെറിയ പ്രവാചകന് ചെയ്യാൻ കഴിയുന്ന ഒരു സന്ദേശം അറിയിക്കാൻ, നിത്യദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന ദൈവപുത്രനെ എന്തിന് അയക്കണം? യേശു വന്ന് ഇക്കാര്യം പ്രവചിച്ചതായി എവിടെടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. രണ്ടാമത്, നിത്യദൈവമായ പുത്രനെ ഒരു സന്ദേശം അറിയിക്കാൻ അയക്കുമ്പോൾ, പരിശുദ്ധാത്മാവെന്ന മറ്റൊരു ദൈവത്തെ കൂടെ അയക്കുന്നത് എന്തിനാണ്? നിങ്ങളുടെ പുത്രദൈവത്തിന് ഇക്കാര്യം അറിയിക്കാൻ പേടിയാണോ? അതോ, ബലഹീനനാണോ? ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തോടു കൂടി അയച്ചു എന്നൊക്കെ വിശ്വസിക്കാൻ ത്രിമൂർത്തികൾക്ക് മാത്രമേ കഴിയൂ. ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന വേദഭാഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത് ത്രിമൂർത്തി ബഹുദൈവവിശ്വാസം സ്ഥാപിക്കാനാണ്. കോരെശിനെയും യെശയ്യാവിനെയും മാത്രമല്ല; ബൈബിളിലുള്ള സകല കഥാപാത്രങ്ങളെയും ദൈവപുത്രനാക്കിയാലും ത്രിമൂർത്തി ബഹുദൈവ ഉപദേശം നടപടിയാകുന്ന വിഷയമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.