എതിർക്രിസ്തു (Antichrist)
എതിർക്രിസ്തു എന്ന പ്രയോഗത്തിന് ക്രിസ്തുവിന്റെ എതിരാളി എന്നോ, ക്രിസ്തുവിന്റെ നാമത്തെയും അവകാശത്തെയും അപഹരിക്കുന്നവനെന്നോ അർത്ഥം കല്പിക്കാം. പകരം എന്നതിലേറെ എതിർ എന്ന ആശയമാണ് ആന്റിഖ്ഹിസ്റ്റോസ് എന്ന പ്രയോഗത്തിലെ ആന്റി എന്ന ഉപസർഗ്ഗത്തിനുള്ളത്. യോഹന്നാന്റെ ലേഖനങ്ങളിൽ മാത്രമേ ഈ പദം കാണപ്പെടുന്നുള്ളൂ; അഞ്ചു പ്രാവശ്യം. (1യോഹ, 2:18, 2:18; 22; 4:3; 2യോഹ, 1:7). എങ്കിലും എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയം തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എതിർക്രിസ്തുവിനെ കുറിച്ചും എതിർക്രിസ്തുക്കളെ കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്. എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്നും, എന്നാൽ എതിർക്രിസ്തുവിനെക്കുറിച്ചു് ‘വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നാണ് പറയുന്നത്. (1യോഹ, 2:18). അപ്പൊസ്തലനായ പൗലൊസും നിങ്ങൾ അറിയുന്നു എന്ന് എഴുതുന്നു. (2തെസ്സ, 2:6). എതിർക്രിസ്തുവും കള്ളക്രിസ്തുവും തമ്മിൽ വ്യത്യാസമുണ്ട്. കള്ളക്രിസ്തു (പ്സ്യൂഡോ ഖ്റിസ്റ്റൊസ്) ക്രിസ്തുവിന്റെ ആണ്മയെ നിഷേധിക്കുന്നില്ല. മുന്നറിയിക്കപ്പെട്ട മശീഹയിലാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങളും മനുഷ്യന്റെ പ്രതീക്ഷകളും നിറവേറുന്നത്. ആ മുന്നറിയിക്കപ്പെട്ട മശീഹ താൻ തന്നെയാണെന്ന് കള്ളക്രിസ്തു അവകാശവാദം പുറപ്പെടുവിക്കുന്നു. എതിർ ക്രിസ്തുവും കള്ളകിസ്തവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തമാണ്. എതിർക്രിസ്തു ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു; കള്ളകിസ്തു താനാണ് ക്രിസ്തു എന്ന് അവകാശപ്പെടുന്നു.
യെഹൂദന്മാരുടെ പൊതു വിശ്വാസമനുസരിച്ച് ഒരു ശത്രു അഥവാ ശക്തി അന്ത്യനാളുകളിൽ ദൈവജനത്തെ പീഡിപ്പിക്കും. ഇതിനു ചില തെളിവുകൾ പഴയനിയമത്തിലുണ്ട്. യഹോവയോ മശീഹയോ ആ ശത്രുവിനെ നശിപ്പിക്കും. യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി ലോകത്തിലെ ശ്രതുക്കൾ എഴുന്നേല്ക്കുന്നതിനെ കുറിച്ച് രണ്ടാം സങ്കീർത്തനത്തിലുണ്ട്. അതിന്റെ ഒരു വിശദമായ പ്രദർശനമാണ് യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങളിലും സെഖര്യാവ് 12-14 അദ്ധ്യായങ്ങളിലും കാണുന്നത്. ദാനീയേലിന്റെ പുസ്തകത്തിലും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണമുണ്ട്. എതിർക്രിസ്തു ആരെന്നതിനെക്കുറിച്ചു അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവെഴുത്തുകൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് എതിർക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ആദിമക്രിസ്ത്യാനികളും ഒരു വ്യക്തിയായിത്തന്നെ എതിർക്രിസ്തുവിനെ മനസ്സിലാക്കി. അതൊരു ഭരണവ്യവസ്ഥയോ ക്രമമോ അല്ല. സാത്താൻ അവനിൽ ആവസിക്കുകയും സാത്താന്യ ഭൂതശക്തികൾ അവനെ സഹായിക്കുകയും ചെയ്യും. വിവിധ നാമങ്ങളിലാണ് എതിർക്രിസ്തു അറിയപ്പെടുന്നത്. 1. ദുഷ്ടൻ (സങ്കീ, 10:2-4), 2. ഭൂമിയിൽ നിന്നുള്ള മർത്യൻ (സങ്കീ, 10:17), 3. ബാബേൽരാജാവ് (യെശ, 14:4), 4. അരുണോദയ പുത്രനായ ശുക്രൻ (യെശ, 14:12), 5. ചെറിയകൊമ്പ് (ദാനീ, 7:8), 6. വരുവാനിരിക്കുന്ന പ്രഭു (ദാനീ, 9:26), 7. നിന്ദ്യനായ ഒരുത്തൻ (ദാനീ, 11:21), 8. ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള രാജാവ് (ദാനീ, 8:23), 9. ശൂന്യമാക്കുന്നവൻ (ദാനീ, 9:27) എന്നിവയാണ്. പുതിയനിയമത്തിൽനല്കിയിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ടവ: 1. അധർമ്മമൂർത്തി, 2. നാശയോഗ്യൻ (2തെസ്സ, 2:3), 3. എതിർ ക്രിസ്തു (1യോഹ, 2:18), 4. മൃഗം (വെളി, 11:7; 13:1), 5. സ്വന്തനാമത്തിൽ വരുന്നവൻ (യോഹ, 5:43), 6. ശൂന്യമാക്കുന്ന മേച്ഛത (മത്താ, 24:15) എന്നിവയാണ് പുതിയനിയമത്തിൽ നല്കിയിട്ടുള്ള പേരുകൾ. ദാനീയേൽ 7-ലെ ചെറിയകൊമ്പും വെളിപ്പാട് 13:1-9-ലെ ഒന്നാമത്തെ മൃഗവും തമ്മിലുള്ള സാദൃശ്യം വിസ്മയകരമാണ്.
ചെറിയ കൊമ്പ് — ഒന്നാമത്തെ മൃഗം(ദാനീയേൽ7 — വെളിപ്പാട് 13).
1. ശക്തിമുഴുവൻ ചെറിയകൊമ്പിൽ ആവാഹിച്ച മൃഗത്തിന് പത്തു കൊമ്പുണ്ട്: 7:7 — മൃഗത്തിനു പത്തുകൊമ്പുണ്ട്: 13:1.
2. മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നു: 7:33 — മൃഗം സമുദ്രത്തിൽ നിന്നും കയറി വരുന്നു: 13:1.
3. വമ്പു പറയുന്ന വായ് ഉണ്ടു്: 7:8 — വമ്പും ദൂഷണവും സംസാരിക്കുന്ന വായ് ഉണ്ട്: 13:5.
4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 7:22 — വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 13:7.
5. അത്യുന്നതനു വിരോധമായി വമ്പുപറയുന്നു: 7:25 — ദൈവ ദൂഷണത്തിനായി വായ്തുറക്കുന്നു: 13:6.
6. അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു: 7:25 — മൃഗത്തിന്മേലിരിക്കുന്ന സ്ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മദിക്കുന്നു: 17:6.
2തെസ്സലൊനീക്യർ 2:1-12-ൽ അധർമ്മമൂർത്തി എന്ന പേരിൽ എതിർക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരണമുണ്ട്. പഴയനിയമത്തിലെ ഭാഷയും പ്രതിബിംബ കല്പനയും അപ്പൊസ്തലൻ ഇവിടെ ആവർത്തിക്കുന്നുണ്ട്. ദാനീയേൽ 7-ലെ ചെറിയ കൊമ്പിനെപ്പോലെ നിയമങ്ങൾക്കെതിരാണ് അധർമ്മമൂർത്തി. കർത്താവിന്റെ നാളിനെക്കുറിച്ചു തെറ്റായ ധാരണയാണ് തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. കർത്താവിന്റെ നാൾ വരുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ അവരെ ഓർപ്പിച്ചു: വിശ്വാസത്യാഗവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ഇന്ന് തടഞ്ഞിരിക്കുകയാണ്. തടയുന്നവൻ മാറ്റപ്പെട്ടു കഴിഞ്ഞാൽ അധർമ്മമൂർത്തി വെളിപ്പെടും. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു് ദൈവത്തിനു മീതെ സ്വയം ഉയർത്തുകയും ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അവൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കും അനേകരെ വഞ്ചിക്കും . ക്രിസ്തു ദൈവശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ അതു സാത്താന്റെ ശക്തിയാലാണെന്ന് യെഹൂദന്മാർ കുറ്റപ്പെടുത്തി. (മത്താ, 12:24). എതിർക്രിസ്തു സാത്താന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും. പക്ഷേ അവനെ അനേകർ ദൈവം എന്നു പറഞ്ഞ് നമസ്കരിക്കും. കർത്താവായ യേശു തന്റെ ശ്വാസത്താൽ അവനെ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ അവനെ നശിപ്പിക്കും.
വെളിപ്പാട് പുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന മൃഗത്തിനു നാല്പത്തിരണ്ടുമാസം അഥവാ മൂന്നര വർഷം പ്രവർത്തിക്കാൻ അധികാരം ലഭിക്കും. അതു മഹാപീഡനകാലത്തിന്റെ ഉത്തരാർദ്ധമാണ്. മഹാപീഡനത്തിന്റെ പൂർവ്വാർദ്ധം രണ്ടു സാക്ഷികളുടെ പ്രവചനകാലയളവായ 1260 ദിവസം അഥവാ മൂന്നര വർഷമാണ്. (വെളി, 11:3). മഹാപീഡനത്തിന്റെ അവസാനം യിസ്രായേലിനെ മുഴുവനായി നശിപ്പിക്കുവാൻ എതിർകിസ്തു ശ്രമിക്കുകയും ഹർമ്മഗദോൻ യുദ്ധം സംഘടിപ്പിക്കുകയും ചെയ്യും. ഭാവിയിൽ രൂപംകൊള്ളുന്ന ഏകലോകസഭ പ്രബലമായിത്തീരും. എതിർക്രിസ്തു അതിന്റെ തണലിൽ ശക്തി ആർജ്ജിക്കുകയും പത്തു രാജാക്കന്മാരോടു ചേർന്ന് ഏകലോകസഭയെ ഉപദ്രവിച്ച് അതിന്റെ ആസ്ഥാനം തകർക്കുകയും ചെയ്യും. മഹാപീഡനത്തിന്റെ അവസാനഘട്ടത്തിൽ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നു പുറപ്പെടുന്ന അശുദ്ധാത്മാക്കൾ ഭൂമിയിലെ സകലരാജാക്കന്മാരെയും യുദ്ധത്തിനു കൂട്ടിച്ചേർക്കും. (വെളി, 16:12-16). യെഹൂദന്മാരെ നശിപ്പിക്കുകയും യെരുശലേമിനെ കീഴടക്കുകയുമാണ് ലക്ഷ്യം. (സെഖ, 12:1-9; 13:8-14:2). അവരുടെ വിജയം ഉറപ്പാകുന്ന സമയത്ത് ക്രിസ്തു തന്നെ സൈന്യവുമായി ഇറങ്ങിവരും. (വെളി, 19:11-16). ഉടൻതന്നെ യെരുശലേമിന്നെതിരെ അണിനിരന്ന സൈന്യം ദൈവപുത്രന്നെതിരെ തിരിയും . ക്രിസ്തു തന്റെ വായിൽ നിന്നും പുറപ്പെടുന്ന വാൾകൊണ്ട് അവരെ കൊല്ലം. (വെളി, 19:21). അനന്തരം മശീഹയുടെ വാഴ്ച ഭൂമിയിൽ ആരംഭിക്കും.
ദൈവത്തെയും ക്രിസ്തുവിനെയും നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. എതിർക്രിസ്തുവിന്റെ മർമ്മം ആദിമുതലേ വ്യാപരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആളത്തത്തെക്കുറിച്ചുള്ള വിപരീതോപദേശം (ക്രിസ്തുവിന്റെ ദൈവത്വത്തെയോ, മനുഷ്യത്വത്തെയോ നിഷേധിക്കുക) പഠിപ്പിക്കുന്നവർ എതിർക്രിസ്തുക്കൾ ആണ്. (1യോഹ, 2:18). ക്രിസ്തു സാക്ഷാൽ ജഡത്തിൽ വന്നില്ല, ക്രിസ്തുവിന്റെ മനുഷ്യരൂപം മായക്കാഴ്ചയായിരുന്നു എന്നാണ് ഡോസെറ്റിക്കുകൾ പഠിപ്പിച്ചത്. “യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതുവരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്.” (1യോഹ, 4:2,3). ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനായിരുന്നു എന്നും സ്വർഗ്ഗീയനായ ക്രിസ്തു ചരിത്രത്തിലെ ക്രിസ്തുവിൽ ആവസിച്ചു എന്നുമാണ് ജ്ഞാനവാദം പഠിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ ജഡധാരണത്തെ എതിർത്തു. ഈ ഇടത്തൂടുകളെ എതിർക്രിസ്തുവായി പോളിക്കാർപ്പ് മനസ്സിലാക്കി. ‘അധർമ്മത്തിന്റെ മർമ്മത്തെ’ പലരും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. ദാനീയേലിന്റെ ദർശനത്തിലെ നാലാം സാമ്രാജ്യമായ റോമാണ് ബർന്നബാസിന്റെ വീക്ഷണത്തിൽ എതിർകിസ്തു. എതിർക്രിസ്തു നീറോയുടെയോ യൂദായുടെയോ പുനർജ്ജനനം ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. നവീകരണ നായകന്മാരായ വൈക്ലിഫ്, മാർട്ടിൻ ലൂഥർ, കാൽവിൻ, സ്വിംഗ്ലി, ക്രാൻമർ തുടങ്ങിയവർ റോമാസഭയെ ബാബിലോണായും പോപ്പിനെ എതിർക്രിസ്തുവായും കണ്ടു; റോമൻ കത്തോലിക്കാസഭ നവികരണ കർത്താക്കളെയും.