എഗ്ലോൻ (Egion)
പേരിനർത്ഥം – കാളക്കുട്ടിയെപ്പോലെ
സ്ഥൂലകായനായ മോവാബ്യരാജാവ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ യഹോവ അവരെ മോവാബ്യരാജാവായ എഗ്ലോന് ഏല്പിച്ചു കൊടുത്തു. എഗ്ലോൻ അമ്മോന്യരോടും അമാലേക്യരോടും ചേർന്ന് യോർദ്ദാനു പടിഞ്ഞാറു ഭാഗം അക്രമിക്കുകയും ഈന്തനഗരം എന്നറിയപ്പെട്ടിരുന്ന യെരീഹോ കീഴടക്കുകയും ചെയ്തു. അറുപതു വർഷം മുമ്പ് യോശുവ ഈ പട്ടണം നശിപ്പിച്ചു. യിസ്രായേൽ മക്കൾ യെരീഹോ പുതുക്കിപ്പണിതു. എന്നാൽ ശാപവിധേയമായിരുന്ന കാരണത്താൽ അവർ അതിനെ മതിൽ പണിതുറപ്പിച്ചില്ല. തന്മൂലം, മോവാബ്യർക്കു പട്ടണം നിഷ്പ്രയാസം പിടിക്കാൻ കഴിഞ്ഞു. പതിനെട്ടു വർഷം എഗ്ലോൻ യിസ്രായേലിനെ പീഡിപ്പിച്ചു. അതിനു ശേഷം യഹോവ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു. ബെന്യാമീന്യനായ ഏഹുദ് രണ്ടാമത്തെ ന്യായാധിപനായിരുന്നു. കാഴ്ചയുമായി ഏഹൂദ് എഗ്ലോന്റെ ഗ്രീഷ്മഗൃഹത്തിലെത്തി യഹോവയുടെ അരുളപ്പാട് അറിയിക്കുവാനുണ്ടെന്നു എഗ്ലോനോടു പറഞ്ഞു. ഭൃത്യന്മാരെ പുറത്താക്കിയ ശേഷം അരുളപ്പാടു കേൾക്കുവാൻ വേണ്ടി ആദരപൂർവ്വം എഗ്ലോൻ ആസനത്തിൽനിന്നും എഴുന്നേറ്റു. ഇടങ്കയ്യനായ ഏഹൂദ് ഇടത്തു കൈകൊണ്ട് വലത്തെതുടയിൽനിന്നും ചുരിക എടുത്തു എഗ്ലോന്റെ വയറ്റിൽ കുത്തിക്കടത്തി. ശരീരം വളരെ സ്ഥലമായതുകൊണ്ട് ചുരിക പിടിയോടുകൂടെ അകത്തു കടന്നു. അതിനെ പുറത്തെടുക്കുവാൻ ഏഹൂദിനു കഴിഞ്ഞില്ല. മുറിപൂട്ടിയശേഷം പൂമുഖം വഴി ഏഹൂദ് രക്ഷപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞ് ഭൃത്യന്മാർ മുറിതുറന്നു നോക്കിയപ്പോൾ എഗ്ലോൻ മരിച്ചു കിടക്കുന്നതു കണ്ടു: (ന്യായാ, 3:12-26). റബ്ബിമാരുടെ പാരമ്പര്യമനുസരിച്ച് ദൈവവചനത്തിന്റെ നേർക്കുള്ള ബഹുമാനം കൊണ്ട് സ്ഥൂലകായനായ രാജാവ് ആസനത്തിൽ നിന്നെഴുന്നേറ്റതുകൊണ്ട് ദൈവം അയാൾക്കു പ്രതിഫലം നല്കി. അയാളുടെ സന്തതിയായ രൂത്ത് ദാവീദിന്റെ പൂർവ്വഗാമിയായി.