ഊരീയാവ് (Uriah)
പേരിനർത്ഥം – യഹോവ വെളിച്ചമാകുന്നു
ഹിത്യനായ ഊരീയാവ് ദാവീദിന്റെ വീരന്മാരിൽ ഒരുവനായിരുന്നു: (2ശമൂ, 23:39; 1ദിന, 11:41). ദാവീദിന്റെ ഭാര്യയായിത്തീർന്ന ബത്ത്-ശേബയുടെ ആദ്യഭർത്താവായിരുന്നു ഊരീയാവ്. പേരും സംഭാഷണ രീതിയും അയാൾ യെഹൂദമതം സ്വീകരിച്ചിരുന്നുവെന്നു വ്യക്തമാക്കുന്നു: (2ശമൂ, 11:11). എല്യാമിന്റെ മകളും അതിസുന്ദരിയുമായിരുന്നു ബത്ത്-ശേബ. ഊരീയാവ് യുദ്ധരംഗത്തായിരുന്നപ്പോൾ ദാവീദ് ബത്ത്-ശേബയെ കൊട്ടാരത്തിൽ വരുത്തി അവളുമായി അവിഹിതബന്ധം പുലർത്തി. ബത്ത്-ശേബ ഗർഭിണിയായെന്നറിഞ്ഞപ്പോൾ യുദ്ധത്തെക്കുറിച്ചുള്ള വൃത്താന്തങ്ങൾ അറിയാനെന്ന വ്യാജേന ഊരീയാവിനെ യെരൂശലേമിൽ വരുത്തി. തന്റെ കുറ്റത്തിന്റെ ലജ്ജ മറച്ചുവയ്ക്കാനുള്ള കപടവിദ്യയാണു് ദാവീദ് കാട്ടിയത്. എന്നാൽ ഊരീയാവ് സ്വന്തം വീട്ടിൽ പോയി വിശ്രമിച്ചില്ല. രാജഭക്തിയും കർത്തവ്യബോധവുമുള്ള ഒരുത്തമ പടയാളിയായിരുന്നു ഊരീയാവ്. ദാവീദ് ഒരെഴുത്തു എഴുതി സൈന്യാധിപനായ യോവാബിന്റെ പക്കൽ ഏല്പ്പിക്കുവാൻ ഊരീയാവിന്റെ കൈവശം കൊടുത്തുവിട്ടു. ആ എഴുത്തിൽ പട കാഠിനമാകുന്ന സ്ഥാനത്ത് ഊരീയാവിനെ മുന്നണിയിൽ നിറുത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തവണ്ണം അവനെ വിട്ടു പിന്മാറുവാൻ എഴുതിയിരുന്നു. യോവാബ് ശൂരന്മാർ നിന്ന സ്ഥാനത്തു ഊരീയാവിനെ നിറുത്തി. ഊരീയാവ് യുദ്ധത്തിൽ മരിച്ചു. ഊരീയാവ് മരിച്ചു എന്നു കേട്ടപ്പോൾ ബത്ത്-ശേബ വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം അവൾ ദാവീദിന്റെ ഭാര്യയായി: (2ശമൂ, 11:1-27).