ഉസ്സാ (Uzzah)
പേരിനർത്ഥം – ബലം
കിര്യത്ത്-യെയാരീമിലെ അബീനാദാബിന്റെ മക്കളിലൊരാൾ. അബീനാദാബിന്റെ വീട്ടിൽനിന്നും ദൈവത്തിന്റെ പെട്ടകത്തെ യെരുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അബീനാദാബിന്റെ മക്കളായ അഹ്യോയും ഉസ്സായും പെട്ടകത്തെ പിന്തുടർന്നു. നാഖോന്റെ കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടു. പെട്ടകം വീഴാതിരിക്കുവാൻ ഉസ്സാ കൈനീട്ടി പെട്ടകത്തെ പിടിച്ചു. അവിവേകം നിമിത്തം ഉസ്സാ ഉടൻ മരിച്ചു. ആ സ്ഥലത്തിനാ ദാവീദ് പേരെസ്സ്-ഉസ്സാ എന്നു പേർ വിളിച്ചു. ഈ സംഭവത്തിൽ ചകിതചിത്തനായ ദാവീദ് പെട്ടകം ഓബേദ് എദോമിന്റെ വീട്ടിൽ വെച്ചു: (2ശമൂ, 6:3-18; 1ദിന, 13:7-118. ലേവ്യർക്കു മാത്രമേ നിയമപെട്ടകം ചുമക്കാൻ അനുവാദമുള്ളൂ. പെട്ടകം കെഹാത്യർ തോളിൽ ചുമക്കേണ്ടതാണ്. എന്നാൽ അവർക്കുപോലും പെട്ടകം തൊടാൻ അനുവാദമില്ല: (സംഖ്യാ, 4:1-15). ഈ കല്പനകളൊന്നും ഗണ്യമാക്കാതെയാണ് പെട്ടകം പുതിയ വണ്ടിയിലാക്കി ഉസ്സയും അഹ്യോവും വണ്ടിതെളിച്ചത്.