ഇയ്യോബ് (Job)
പേരിനർത്ഥം – പീഡിതൻ
ഇയ്യോബിന്റെ പുസ്തകത്തിലെ പ്രധാന കഥാപാത്രമാണ് ഇയ്യോബ്. യെഹെസ്ക്കേൽ14:14,20; യാക്കോബ് 5:11 എന്നീ വാക്യങ്ങളിൽ ഇയ്യോബിനെക്കുറിച്ചു പറയുന്നുണ്ട്. പേരിന്റെ അർത്ഥവും നിഷ്പത്തിയും അവ്യക്തമാണ്. ശത്രുത, വിദ്വേഷം എന്നീ ആശയങ്ങളുള്ള ഒരു ധാതുവിൽനിന്നാണ് ഇയ്യോബെന്ന പേർ വന്നതെന്നു പൊതുവെ കരുതപ്പെടുന്നു. പീഡിതൻ എന്ന അർത്ഥവും പറയപ്പെടുന്നുണ്ട്. സമാനമായ ഒരു അറബി ധാതുവിന് അനുതപിക്കുന്നവനെന്നു അർത്ഥമുണ്ട്. ഈജിപ്റ്റിലെ ശാപഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന പലസ്തീനിലെ ഒരു തലവന്റെ പേർ ‘അയ്യാവും’ എന്നാണ്. അമർണ എഴുത്തുകളിലൊന്നിൽ ബാശാനിലെ അസ്തേരോത്തിലെ ഒരു പ്രഭുവിന്റെ പേരും അയ്യാവ് ആണ്.
ഇയ്യോബിന്റെ ജന്മദേശം ഊസ് ആയിരുന്നു: (1:1). ഈ ദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ഏദോമിന്റെ അതിരിലായിരുന്നു ഊസെന്ന് പൊതുവെ കരുതപ്പെടുന്നു. യിരെമ്യാ പ്രവചനത്തിൽ ദൈവത്തിന്റെ ക്രോധമദ്യം നിറഞ്ഞ പാനപാത്രം കുടിക്കുന്നതിന് ആഹ്വാനം ചെയ്യപ്പെടുന്ന ജനതകളിൽ ഊസ് ദേശവും ഉൾപ്പെടുന്നു. (യിരെ, 25:15,20).
ഇയ്യോബ് മഹാധനികനും ഭക്തനുമായിരുന്നു. അവൻ നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. (1:2). ഒരു ദിവസം സ്വർഗ്ഗത്തിൽ യഹോവയുടെ സന്നിധിയിൽ സാത്താൻ ചെന്നു. ഇയ്യോബിന്റെ ഭക്തിയെക്കുറിച്ച് യഹോവ പറയുകയും അവന്റെമേൽ ദൃഷ്ടിവച്ചുവോ എന്നു അവനോട് ചോദിക്കുകയും ചെയ്തു. ദൈവത്തിൽനിന്നു ലഭിക്കുന്ന നന്മകൾക്കുവേണ്ടിയുള്ള നന്ദിയും ഭക്തിയും മാത്രമാണു ഇയ്യോബിനുള്ളതെന്നു സാത്താൻ പ്രതിവചിച്ചു. സാത്താന്റെ ധാരണ തെറ്റെന്നു തെളിയിക്കുവാൻ തീരുമാനിച്ചുകൊണ്ട് ഇയ്യോബിന്റെ പത്തുമക്കളെയും സമ്പത്തിനെയും ആരോഗ്യത്തെയും യഹോവ സാത്താനേല്പിച്ചു കൊടുത്തു. ആകയാൽ, ഇയ്യോബിൻ്റെ മക്കളും, ദാസീദാസന്മാരും, സമ്പത്തും നശിച്ചുപോയി. (1:13-19). കാരണം കൂടാതെ അവനെ നശിപ്പിക്കേണ്ടതിന് ദൈവം സാത്താനെ അനുവദിച്ചു. (2:3). അങ്ങനെ ഇയ്യോബ് രോഗബാധിതനുമായി. (2:7) ഇയ്യോബിനെ ബാധിച്ച രോഗം മന്ത്, മസൂരി ഇവയിലേതെങ്കിലും ഒന്നായിരിക്കാം. രോഗലക്ഷണം കാവ്യാത്മകമായി വർണ്ണിച്ചിരിക്കുകകൊണ്ട് ഏതു രോഗമാണെന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല. ഉള്ളങ്കാൽ മുതൽ നെറുകവരെ വല്ലാത്ത പരുക്കൾ ബാധിച്ചു. ഓട്ടിൻ കഷണം ഉപയോഗിച്ച് തന്നെത്താൻ ചുരണ്ടിക്കൊണ്ട് ഇയ്യോബ് ചാരത്തിലിരുന്നു. ദൈവത്തെ ത്യജിച്ചു പറഞ്ഞ് മരിക്കാൻ ഭാര്യ ഉപദേശിച്ചു. ഭാര്യയെ ഇയ്യോബ് ശകാരിച്ചു.
എലീഫസ്, ബിൽദാദ്, സോഫർ എന്നീ സുഹൃത്തുക്കൾ ഇയ്യോബിനെ സന്ദർശിച്ചു. ഇയ്യോബിന്റെ അവസ്ഥകണ്ട് വേദനയോടുകൂടെ ഒരു വാക്കും ഉരിയാടാതെ അവർ ഏഴു ദിവസം ഇയ്യോബിനോടൊപ്പം നിലത്തിരുന്നു. ഇയ്യോബിന്റെ വിലാപം ദീർഘമായ ചർച്ചയ്ക്കു കാരണമായി. മൗനം ഭേദിച്ചുകൊണ്ടു് ഇയ്യോബ് വായ്തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. ഈ ആത്മഗതം അവസാനിക്കുന്നത്; “ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു” എന്ന വാക്കുകളോടെയാണ്. (3:25). ഇയ്യോബിനു നേരിട്ട് നഷ്ടത്തിനും കഷ്ടത്തിനും കാരണം അവന്റെ പ്രവൃത്തി ദോഷമാണെന്ന വിശ്വാസമാണ് സുഹൃത്തുക്കൾക്കുണ്ടായിരുന്നത്. അതു കൊണ്ട് സ്വന്തം നിഷ്ക്കളങ്കത തെളിയിക്കുവാൻ ശ്രമിക്കാതെ പാപം ഏറ്റുപറയുകയാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. അവരുടെ ആശ്വാസവചനങ്ങൾ ഗുണദോഷത്തിലാരംഭിച്ചുവെങ്കിലും ഉഗ്രവാദത്തിലവസാനിച്ചു. സഹതപിക്കുന്ന സുഹൃത്തുക്കളുടെ നിലപാടു മാറ്റി കുറ്റം തെളിയിക്കുന്ന അഭിഭാഷകന്റെ നിലയിലവർ സംസാരിച്ചു. മൂന്നുവട്ടം വാദപ്രതിവാദം നടന്നു. എലീഹുവിന്റെ വാദത്തോടെ അതവസാനിച്ചു. യഹോവ ചുഴലിക്കാറ്റിൽ ഇയ്യോബിനു പ്രത്യക്ഷപ്പെട്ടു. (38:1). ദൈവത്തിന്റെ ശക്തി എന്താണെന്ന് ഇയ്യോബ് മനസ്സിലാക്കി. യഹോവ അവന്റെ സ്ഥിതിക്കു വ്യത്യാസം വരുത്തുകയും എല്ലാം ഇരട്ടിയായി നല്കുകയും ചെയ്തു. ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു. (42:16,17). പുതിയനിയമത്തിൽ ഇയോബിന്റെ സഹിഷ്ണുത പ്രശംസിക്കപ്പെടുന്നു. (യാക്കോ, 5:11). ഇയ്യോബ് സഹിഷ്ണു തയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. “ഞാൻ കാത്തിരിക്കേണ്ടതിനു എന്റെ ശക്തി എന്നുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിനു എന്റെ അന്തം എന്ത്?” (6:11). അർഹിക്കാത്ത കഷ്ടത നേരിടുമ്പോൾ സഹിഷ്ണുതയോടെ ഉറച്ചുനിന്നു അതിനെ തരണം ചെയ്യാൻ ഇയ്യോബ് നമുക്കു മാതൃകയാണ്.