ഇത്ഥായി (Ittai)
പേരിനർത്ഥം – എനിക്കൊപ്പം
ഗത്തിൽനിന്നും ദാവീദിന്റെ അടുക്കൽ വന്ന ഫെലിസ്ത്യൻ. ഇത്ഥായിയോടുകൂടെ അറുനൂറുപടയാളികൾ ഉണ്ടായിരുന്നു: (2ശമൂ, 15:18). അബ്ശാലോം നിമിത്തം ദാവീദ് യെരൂശലേം വിട്ടു ഓടിയപ്പോൾ ഗിത്യരും ഇത്ഥായിയും രാജാവിനോടൊപ്പം ചെന്നു. തന്നോടൊപ്പം നാശത്തെ അഭിമുഖീകരിക്കണ്ട എന്നു കരുതി ഇത്ഥായിയോടു മടങ്ങിപ്പോകുവാൻ ദാവീദ് ആവശ്യപ്പെട്ടു. ഇത്ഥായി ഒരു പരദേശിയും സ്വദേശഭ്രഷ്ടനും തലേദിവസം തന്നോടൊപ്പം വന്നു ചേർന്നവനുമല്ലോ എന്നു ദാവീദ് ഓർപ്പിച്ചു. എന്നാൽ മരണമോ ജീവനോ എന്തുവന്നാലും ദാവീദിനോടുകൂടെ ചെല്ലുമെന്ന് അവൻ ഉറപ്പായി പറഞ്ഞു. ദാവീദ് സമ്മതംകൊടുത്തു. അങ്ങനെ അവർ ദാവീദിനോടൊപ്പം കിദ്രോൻതോടു കടന്നുപോയി. മഹനയീമിൽവച്ച് ദാവീദ് സൈന്യത്തെ എണ്ണി ക്രമീകരിച്ചു. സൈന്യത്തിന്റെ മൂന്നിലൊന്ന് ഇത്ഥായിയുടെ കീഴിലാക്കി. അങ്ങനെ യോവാബ്, അബീശായി എന്നിവരുടെ തുല്യപദവി ഇത്ഥായിക്കു ലഭിച്ചു: (2ശമൂ, 18:12). ഇത്ഥായിയെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല.