ഇക്കോന്യ (lconium)
ഏഷ്യാമൈനറിലെ ഒരു പ്രാചീന പട്ടണം. സമുദ്രനിരപ്പിൽ നിന്ന് 707 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അൻകാറയ്ക്ക് (Ankara) 240 കി.മീറ്റർ തെക്കുകിടക്കുന്നു. ഇന്നു കൊനിയ എന്നപേരിൽ അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ റോമൻ പ്രവിശ്യയായ ഗലാത്യയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായിരുന്നു. എഫെസൊസിൽ നിന്നു സിറിയയിലേക്കുള്ള വാണിജ്യമാർഗ്ഗം ഇതിലെ ആയിരുന്നു. പൗലൊസും ബർന്നബാസും ഒന്നാമത്തെ മിഷണറിയാത്രയിൽ ഇക്കോന്യ സന്ദർശിക്കുകയും അവിടെ പ്രസംഗിക്കുകയും ചെയ്തു. അനേകം യെഹൂദന്മാരും യവനന്മാരും ക്രിസ്ത്യാനികളായി. (പ്രവൃ, 13:51; 14:1). യെഹൂദന്മാരുടെ എതിർപ്പുകാരണം അവർ ഇക്കോന്യ വിട്ടു ലുസ്ത്രയിലേക്കു പോയി. (പ്രവൃ, 14:5,6). ഉടൻ അന്ത്യാക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നു പുരുഷാരത്തെ ഇളക്കിവിട്ടു പൗലൊസിനെ കല്ലെറിഞ്ഞു. (പ്രവൃ, 14:19). തുടർന്നു പൗലൊസും ബർന്നബാസും ദെർബ്ബയിലേക്കു പോയശേഷം ലുസ്ത്ര, ഇക്കോന്യ എന്നിവിടങ്ങളിലേക്കു ധൈര്യപൂർവ്വം മടങ്ങിവന്ന് സഹോദരന്മാരെ ഉറപ്പിച്ചു. (പ്രവൃ, 14:21). അന്ത്യാക്ക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും പൗലൊസിനു നേരിട്ട ഉപദ്രവത്തിനും കഷ്ടാനുഭവത്തിനും തിമൊഥയൊസ് ദൃക്സാക്ഷിയായിരുന്നു. (2തിമൊ, 3:11). ഇക്കോന്യയിലെ സഹോദരന്മാരിൽനിന്നു തിമൊഥയൊസിനു നല്ലസാക്ഷ്യം ലഭിച്ചു. (പ്രവൃ, 16:32).