ആഹാസ്

ആഹാസ് (Ahaz)

പേരിനർത്ഥം — കൈവശക്കാരൻ

യെഹൂദയിലെ പന്ത്രണ്ടാമത്തെ രാജാവ്. യോഥാമിന്റെ മകനായ ആഹാസ് ഇരുപതാമത്തെ വയസ്സിൽ രാജാവായി. പതിനാറുവർഷം രാജ്യം ഭരിച്ചു (ബി.സി. 735-715); 2രാജാ, 16:2). പിതാവിനോടൊപ്പം നാലു വർഷവും തനിയെ പതിനാറു വർഷവും ഭരിക്കുകയുണ്ടായി. 

ആഹാസ് രാജാവായപ്പോൾ യിസ്രായേൽരാജാവായ പേക്കഹും അരാം രാജാവായ രെസീനും യെഹൂദയോടു യുദ്ധത്തിനൊരുങ്ങി. (2രാജാ, 16:5) അവരുടെ പരാജയം പ്രവചിക്കുന്നതിനായി യെശയ്യാ പ്രവാചകൻ ധൃതിപ്പെട്ടു വന്നു. വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും യെരൂശലേം ആക്രമിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അരാം രാജാവായ രെസീൻ ഏലാത്ത് പിടിച്ചടക്കി. (2രാജാ, 16:6). എഫ്രയീമ്യ വീരനായ സിക്രി രാജകുമാരനായ മയശേയാവെയും പ്രധാനമന്ത്രിയെയും കൊന്നു. യിസ്രായേൽ രാജാവായ പേക്കഹ് ഒരു യുദ്ധത്തിൽ വെച്ചു ഒരുലക്ഷത്തി ഇരുപതിനായിരം പേരെ കൊല്ലുകയും ജനത്തിൽ രണ്ടു ലക്ഷം പേരെ ബദ്ധരാക്കുകയും ചെയ്തു. ഓദേദ് പ്രവാചകൻ ഇടപെട്ട് തടവുകാരെ വിടുവിച്ചു. (2ദിന, 28:3-15). 

യെശയ്യാപ്രവാചകന്റെ ഉപദേശത്തിനു വിരുദ്ധമായി അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറിന്റെ സഹായം തേടി. തിഗ്ലത്തു-പിലേസർ അരാം ആക്രമിച്ച് രെസീനെ കൊന്നു; ദമ്മേശെക് പിടിച്ചെടുത്തു. ഇങ്ങനെ ബലവാന്മാരായ ശ്രതുക്കളിൽനിന്ന് ആഹാസ് മുക്തനായി. പക്ഷേ തിഗ്ലത്ത്-പിലേസറിന് കപ്പം കൊടുത്ത് ആഹാസ് അവനു വിധേയനായി. അരമനയിലെയും ദൈവാലയത്തിലെയും നിക്ഷേപങ്ങൾ അശ്ശൂർ രാജാവിനു കൊടുത്തയച്ചു. ദമ്മേശെക്കിൽ ചെന്ന് തിഗ്ലത്ത്-പിലേസറിനെ കണ്ടു. ദമ്മേശെക്കിൽ നിന്ന് അവിടത്തെ ബലിപീഠത്തിന്റെ മാതൃക കൊണ്ടു വന്നു അതനുസരിച്ച് പണിയിച്ച യാഗപീഠം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു. ദൈവാലയത്തിലെ ഉപകരണങ്ങൾ ഉടച്ചു; ദൈവാലയത്തിന്റെ വാതിലുകൾ അടച്ചു. (2രാജാ, 16:3,4, 10-16; 2ദിന, 28:2-4, 23-25). യഹോവയെ ആരാധിക്കാതെ ജാതികളുടെ വഴിയിൽ നടക്കുകയും പുത്രനെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. (2രാജാ, 16:3). അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പുജാഗിരികൾ പണിതു. ആഹാസ് മരിച്ചപ്പോൾ അവനെ യെരുശലേം നഗരത്തിൽ അടക്കം ചെയ്തു. എന്നാൽ അതു യിസ്രായേൽ രാജാക്കന്മാരുടെ കല്ലറകളിൽ ആയിരുന്നില്ല. (2ദിന, 28:26,27). അവൻ്റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.

Leave a Reply

Your email address will not be published. Required fields are marked *