ആമേൻ
ക്രൈസ്തവലോകം മുഴുവൻ ചിരപ്രതിഷ്ഠ നേടിയ രണ്ടു എബ്രായപദങ്ങളിൽ ഒന്നാണ് ആമേൻ. ഒരു പ്രസ്താവനയെ സ്ഥിരീകരിക്കുവാൻ ഉപയോഗിക്കുന്ന പദമാണിത്. വാസ്തവമായി, നിശ്ചയമായി, സത്യമായി മുതലായ അർത്ഥങ്ങളിൽ പ്രയോഗിക്കുന്നു. ഗ്രീക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ആമേൻ എന്ന പദത്തെ തത്സമമായി സ്വീകരിച്ചു. യഹോവ തന്നെ സത്യദൈവം (ആവ, 7:9), വിശ്വസ്തനായ യഹോവ (യെശ, 49:7), സത്യദൈവം (യെശ, 65:16) എന്നീ വാക്യഭാഗങ്ങൾ ആമേൻ എന്താണെന്നു വ്യക്തമാക്കുന്നു. യെശയ്യാവ് 65:16-ൽ ‘ആമേൻ ആയ ദൈവം എന്നാണു’ എബ്രായയിൽ. സത്യവാനും വിശ്വസ്തനും ആയ യഹോവയുടെ സാക്ഷ്യങ്ങളും (സങ്കീ, 19:7; 111:7), ഭയനിർദ്ദേശങ്ങളും (ഹോശേ, 5:9), വാഗ്ദത്തങ്ങളും (1കൊരി, 1:20) ആമേൻ അത്രേ. പരസംഗം ചെയ്തു എന്നു സംശയിക്കപ്പെട്ട ഭാര്യ പുരോഹിതന്റെ ശാപോച്ചാരണത്തിന് ആമേൻ പറയണം. (സംഖ്യാ, 5:22). സ്തുതി, സ്തവം, സ്തോത്രം എന്നിവയോട് ആമേൻ പറയണം. (1ദിന, 16:16; നെഹെ, 8:6; യിരെ, 11:5; റോമ, 11:36). ന്യായപ്രമാണത്തിന്റെയും അതു ലംഘിച്ചാലുള്ള ശിക്ഷയുടെയും അംഗീകരണമായും (ആവ, 27:15-26; സംഖ്യാ, 5:22; നെഹെ, 5:13) ആമേൻ പറഞ്ഞിരുന്നു. സങ്കീർത്തനങ്ങളെ അഞ്ചു പുസ്തകങ്ങളായി വിഭജിച്ചപ്പോൾ ഓരോന്നിന്റെയും അവസാനം ആമേൻ ചേർത്തു. (സങ്കീ, 41:13; 72:19; 89:52; 106:48).
യേശുക്രിസ്തു തന്റെ പ്രഖ്യാപനങ്ങൾക്കു ആധികാരിത നല്കുവാൻ ആമേൻ ആവർത്തിച്ചുപയോഗിച്ചു. യോഹന്നാൻ സുവിശേഷത്തിൽ ഇരുപത്തഞ്ചു സ്ഥാനങ്ങളിൽ ”ആമേൻ, ആമേൻ” എന്നു കാണുന്നു: (1:51; 3:3, 5, 11; 5:19, 24, 25; 6:26, 32, 47, 53; 8:34, 51, 58; 10:1, 7; 12:24; 13:16, 20, 21, 38; 14:12; 16:20, 23; 21:18). ലൂക്കൊസ് ഒരിടത്തും ആമേൻ ഉപയോഗിക്കുന്നില്ല. മത്തായി 16:28, മർക്കോസ് 9:1 എന്നിവിടങ്ങളിൽ ആമേൻ; മലയാളത്തിൽ – സത്യമായിട്ടു എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. ലൂക്കൊസ് സമാന്തരസ്ഥാനത്തു അലീഥോസ് – സത്യം ആണ് പ്രയോഗിച്ചിട്ടുള്ളത്. (9:27). വെളിപ്പാട് 3:14-ൽ ക്രിസ്തുവിന്റെ ഉപനാമമാണ് ആമേൻ. ദൈവത്തിന്റെ വാഗ്ദാനങ്ങളും നിർണ്ണയങ്ങളും ക്രിസ്തുവിൽ സമ്മുഖമാണ്. “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ. അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്ന.” (1കൊരി, 1:20). തങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന പ്രാർത്ഥനയോടും സ്തോത്രത്തോടും ഒപ്പം ആദിമസഭ ആമേൻ പറയുമായിരുന്നു. (1കൊരി, 14:16).