ആദ്യജാതൻ (firstborn)
മനുഷ്യരിലെ ആദ്യജാതനെയും മൃഗങ്ങളിലെ കടിഞ്ഞൂലിനെയും വ്യവഹരിക്കുവാൻ ഉപയോഗിക്കുന്ന എബ്രായ പദമാണ് ‘ബെഖോർ’ (bekore). ആദ്യജാതന്റെ അവകാശങ്ങളും ചുമതലകളും ഉൾക്കൊള്ളുന്ന പ്രയോഗമാണ് ജ്യേഷ്ഠാവകാശം. ബഹുഭാര്യാത്വ വ്യവസ്ഥിതിയിൽ പിതാവിന്റെ ആദ്യജാതനെയും മാതാവിന്റെ ആദ്യജാതനെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്. ആദ്യജാതൻ പിതാവിന്റെ ശക്തിയുടെ ആദ്യഫലമാണ് അഥവാ ബലത്തിന്റെ ആരംഭമാണ്. “രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ:” (ഉല്പ, 49:3. ഒ.നോ: ആവ, 21:17). ആദ്യജാതൻ കടിഞ്ഞൂലാണ്; അഥവാ, ആദ്യത്തെ ഗർഭം. കുടുംബത്തിൽ പിതാവിന് അടുത്തസ്ഥാനമാണ് ആദ്യജാതനുള്ളത്. യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നും വീണ്ടെടുക്കുന്നതിനു യഹോവ മിസ്രയീമിന്മേൽ പത്തുബാധ വരുത്തി. പത്താമത്തെ ബാധയായിരുന്നു കടിഞ്ഞൂൽ സംഹാരം. ഫറവോന്റെ ആദ്യജാതൻ മുതൽ ദാസിയുടെ ആദ്യജാതൻ വരെയും മൃഗങ്ങളുടെ കടിഞ്ഞൂലും എല്ലാം സംഹരിക്കപ്പെട്ടു. ഈ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നും യിസ്രായേല്യ കടിഞ്ഞൂലുകളെ ഒക്കെയും യഹോവ സംരക്ഷിച്ചു. അതിന്റെ സ്മരണയ്ക്കായി യിസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലായ ആണൊക്കെയും യഹോവയ്ക്ക് വിശുദ്ധീകരിക്കപ്പെട്ടു. “ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീം ദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽ മുതൽ മൃഗത്തിന്റെ കടിഞ്ഞൂൽ വരെയുള്ള കടിഞ്ഞൂൽ പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു:” (പുറ, 13:15).
ആദ്യജാതന്റെ വിശുദ്ധീകരണം: മിസ്രയീമിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. ഈ വിടുതലിന്റെ ലക്ഷ്യം അവരുടെ വിശുദ്ധീകരണം ആയിരുന്നു. യിസ്രായേലിലെ ആദ്യജാതനെ യഹോവ വിടുവിച്ചതുകൊണ്ട് അവൻ യഹോവയ്ക്ക് വിശുദ്ധമായിരിക്കണം. ആദ്യജാതന്റെ പ്രാതിനിധ്യ സ്വഭാവമാണ് വിശുദ്ധീകരണത്തിന്റെ അടിസ്ഥാന ഘടകം. ആദ്യജാതൻ എല്ലാ സന്തതിക്കും പകരമാണ്. ആദ്യജാതൻ പുരുഷവീര്യത്തിനു് പ്രാതിനിധ്യം വഹിക്കുന്നു: (ഉല്പ, 49:3; സങ്കീ, 78:51). ഉടമ്പടി ബന്ധത്തിൽ ദൈവത്തിന്റെ ആദ്യജാതരായ യിസ്രായേല്യർ വീണ്ടെടുക്കപ്പെട്ട സഭയുടെ ദേശീയ പ്രതിനിധികളും പുരോഹിതരാജ്യവും ആകുന്നു: (പുറ, 4:22,23; 19:6).
ആദ്യജാതന്റെ വീണ്ടെടുപ്പ്: ആദ്യജാതൻ കുടുംബത്തിന്റെ മുഴുവൻ പുരോഹിതനായിരുന്നു. ദൈവത്തിന്റെ കല്പനപ്രകാരം പൗരോഹിത്യം രൂബേൻ ഗോത്രത്തിൽനിന്നും ലേവി ഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 8:18). ആദ്യജാതൻ എന്ന നിലയ്ക്ക് പൗരോഹിത്യം രൂബേൻ ഗോത്രത്തിന്റെ അവകാശമാണ്. പുരോഹിതന്മാരായി ദൈവത്തെ സേവിക്കുവാൻ ദൈവം ലേവ്യരെ തിരഞ്ഞെടുത്തതിന്റെ ഫലമായി മറ്റുഗോത്രങ്ങളിലെ ആദ്യജാതന്മാർ വീണ്ടെടുക്കപ്പെട്ടു. ഒരു മാസം പ്രായമാകുമ്പോൾ അവരെ ദൈവത്തിനു സമർപ്പിക്കുകയും 5 ശേക്കെൽ കൊടുത്തു വീണ്ടെടുക്കുകയും ചെയ്യണം: (സംഖ്യാ, 18:16). യിസ്രായേലിലെ ആദ്യജാതരെ എണ്ണുമ്പോൾ അവർക്കുപകരമായി ലേവ്യരെ മാറ്റി നിറുത്തും. ഒരു വയസ്സും അതിൽ കൂടുതലുമുള്ള 22,273 ആദ്യജാതർ പന്ത്രണ്ടു ഗോത്രങ്ങളിലുമായി ഉണ്ടായിരുന്നു. ഇതിൽ 22,000 ലേവ്യർക്കായി 22,000 പേരെ മാറ്റി നിർത്തി. ശേഷിച്ച 273 പേരെ വീണ്ടെടുക്കേണ്ടതാണ്. ഇവരുടെ മോചനദ്രവ്യമായ 1,365 ശേക്കെൽ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണ്ടതാണ്: (സംഖ്യാ, 3:40-48). ദിവസം തികയുന്നതിനു മുമ്പു മരിക്കുകയാണെങ്കിൽ പിതാവ് മോചനദ്രവ്യം നൽകേണ്ടതില്ല എന്നു ധർമ്മോപദേഷ്ടാക്കന്മാർ പറയുന്നു. കുഞ്ഞ് രോഗിയോ, മററു കുഞ്ഞുങ്ങളെപ്പോലെ ശരിയായ വളർച്ചയില്ലാത്തതോ ആണെങ്കിൽ 5 ശേക്കെലിൽ കുറഞ്ഞ വീണ്ടെടുപ്പു പണം കൊടുത്താൽ മതിയാകും. മാതാപിതാക്കൾ ദരിദ്രരാണെങ്കിൽ വീണ്ടെടുപ്പു കർമ്മത്തിനു ശേഷം പണം തിരികെ കൊടുക്കും. അമ്മയുടെ ശുദ്ധീകരണകാലം തികയുമ്പോൾ പരസ്യമായി ദൈവത്തിനു സമർപ്പിക്കുന്നതിനായി കുഞ്ഞിനെ അമ്മ പുരോഹിതന്റെ അടുക്കലേക്കു കൊണ്ടുവരും: (ലൂക്കൊ, 2:22). ആദ്യത്തെ ആൺകുഞ്ഞിന് 30 ദിവസം തികയുന്ന ദിവസം ഈ വീണ്ടെടുപ്പു നിർവ്വഹിക്കുകയും പിറെറദിവസം സുഹൃത്തുക്കളെയും ഒരു പുരോഹിതനെയും ക്ഷണിച്ചു വിരുന്നു നടത്തുകയും ചെയ്യും. കുഞ്ഞിനു 13 വയസ്സു തികയുമ്പോൾ ,മിസ്രയിമിൽ വച്ചു ആദ്യജാതന സംരക്ഷിച്ചതിന്റെ സ്മരണയ്ക്കായി പെസഹായുടെ മുമ്പിലത്തെ ദിവസം അവൻ ഉപവസിക്കും.
മൃഗങ്ങളിലെ കടിഞ്ഞുലിന്റെ വീണ്ടെടുപ്പ്: മൃഗങ്ങളുടെ ആദ്യത്തെ ആൺകുഞ്ഞ് ദൈവത്തിനു സമർപ്പിക്കണം. ശുദ്ധിയുള്ള മൃഗമാണെങ്കിൽ അതിനെ യാഗം കഴിക്കണം. ജനിച്ച് എട്ടു ദിവസത്തിനുശേഷം ഒരു വർഷം തികയുന്നതിനു മുമ്പ് അതിനെ യാഗം കഴി ക്കണം: യാഗപീഠത്തിന്മേൽ അതിന്റെ രക്തം തളിക്കണം; കൊഴുപ്പ് കത്തിച്ചു കളയണം; ബാക്കി മാംസം പുരോഹിതനുള്ളതാകുന്നു: (സംഖ്യാ, 18:17. ഒ.നോ: പുറം, 13:13; 22:30; 34:20; നെഹൈ, 10:36). ഊനമുള്ള മൃഗമാണെങ്കിൽ ഉടമസ്ഥൻ അതിനെ ഭവനത്തിൽ വച്ചു ഭക്ഷിക്കും. യഹോവയ്ക്കുള്ളതായതിനാൽ യാഗത്തിനു മുമ്പ് ആ മൃഗത്തെക്കൊണ്ടു ജോലി ചെയ്യിപ്പിക്കുവാൻ പാടില്ല: (ആവ, 15:19). പുരോഹിതൻ നിശ്ചയിക്കുന്ന വില അനുസരിച്ചു അശുദ്ധിയുള്ള മൃഗങ്ങളിലെ കടിഞ്ഞൂലിനെ അഞ്ചിലൊന്നു കൂട്ടിക്കൊടുത്തു വീണ്ടെടുക്കും. മതിപ്പു വിലയ്ക്ക് അതിനെ വില്ക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുകയില്ല. കഴുതയെ ആട്ടിൻ കുട്ടിയെക്കൊണ്ടു വീണ്ടെടുത്തില്ല എങ്കിൽ കൊന്നു കളയേണം. “എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം; അതിനെ വീണ്ടുകൊള്ളുന്നില്ല എങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം.നിന്റെ പുത്രന്മാരിൽ ആദ്യജാതന ഒക്കെയും നീ വീണ്ടുകൊള്ളണം:” (പുറ, 13:13; 34:20). യഹോവയ്ക്ക് അർപ്പിക്കുന്നവ അതിവിശുദ്ധമായതിനാൽ അവയെ മനുഷ്യർ വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്യുവാൻ പാടില്ല. “എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വില്ക്കയോ വീണ്ടെടുകയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു. മനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.” (ലേവ്യ, 27:28,29). ഈ നിയമം ഭൂമിയിലെ വിളവുകൾക്കും ബാധകമാണ്: (പുറ, 23:19: ആവ, 18:4).
ജ്യേഷ്ഠാവകാശം: യിസ്രായേലിലെ ആദ്യജാതന്മാരുടെ പ്രത്യേക ആനുകൂല്യങ്ങൾ, ഉത്തരവാദിത്വം എന്നിവയെയാണ് ജ്യേഷ്ഠാവകാശം സൂചിപ്പിക്കുന്നത്. ആദ്യജാതൻ മാതാപിതാക്കളുടെ പ്രത്യേകസ്നേഹത്തിനു പാത്രമാകുകയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നേടുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുള്ള ഒരു വിധവയെ ഒരാൾ വിവാഹം കഴിക്കുകയാണെങ്കിൽ ഈ വിവാഹത്തിലുള്ള ആദ്യ കുഞ്ഞിനെയാണ് ആദ്യജാതനായി കണക്കാക്കുന്നത്. മോശെയുടെ കാലത്തിനു മുമ്പ് പിതാവ് ജ്യേഷ്ഠാവകാശം ഇളയ കുഞ്ഞിനു നല്കുന്ന പതിവുണ്ടായിരുന്നു. ഈ രീതി പലപ്പോഴും വെറുപ്പിനും കലഹത്തിനും കാരണമായിത്തീർന്നു: (ഉല്പ, 25:31,32). തന്മൂലം ഈ നിയമത്തെ റദ്ദാക്കുന്ന മറ്റൊരു നിയമം കൊണ്ടുവന്നു: (ആവ, 21:15-17). ആദ്യജാതന്റെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇവയാണ്. 1. മറ്റുള്ളവരേക്കാൾ ഇരട്ടി സ്വത്ത് ആദ്യജാതനു നല്കുന്നു. ഉദാഹരണമായി, നാല് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ സ്വത്തു അഞ്ചായി വിഭാഗിക്കും. ഇതിൽ മൂത്തമകനു ⅖ ഭാഗം ലഭിക്കും; ബാക്കിയുള്ളവർക്കു ⅕ ഭാഗം വീതവും. ഇഷ്ടയും അനിഷ്ടയും ആയ വണ്ടു ഭാര്യമാർ ഒരാൾക്കു ഉണ്ടെങ്കിൽ അനിഷ്ടയുടെ മകനാണ് ആദ്യജാതനെങ്കിൽ സ്വത്തിന്റെ രണ്ടു പങ്ക് അവനു കൊടുക്കണം: (ആവ, 21:15-17). വഷളത്തം നിമിത്തം യാക്കോബ് രൂബേനിൽ നിന്നും ജ്യേഷ്ഠാവകാശം എടുത്തുകളകയും (ഉല്പ, 49:4) യോസേഫിന്റെ ണ്ടു പുത്രന്മാരെ ദത്തെടുത്തു കൊണ്ട് ഈ അവകാശം യോസേഫിനു നല്കുകയും ചെയ്തു: (ഉല്പ, 48:20-22; 1ദിന, 5:1). 2. ആദ്യജാതൻ കുടുംബത്തിന്റെ തലവനാണ്. ആദ്യജാതനെന്ന നിലയ്ക്ക് പൌരോഹിത്യം രൂബേൻ ഗോത്രത്തിനായിരുന്നു. എന്നാൽ ഇതു ലേവിഗോത്രത്തിലേക്കു മാറ്റി: (സംഖ്യാ, 3:12-18; 18:18). പിതാവിന്റെ അധികാരം പോലെ ആദ്യജാതനു ഇളയവരുടെമേൽ അധികാരം ഉണ്ട്: (ഉല്പ, 35:23; 2ദിന, 21:3). കുടുംബത്തലവൻ എന്ന നിലയിൽ അവൻ അമ്മയെ മരണം വരെയും വിവാഹിതരാകാത്ത സഹോദരികളെ വിവാഹം വരെയും സംരക്ഷിക്കേണ്ടതാണ്.
പുതിയനിയമത്തിൽ: ആദ്യജാതനെക്കുറിക്കുന്ന പുതിയനിയമപദം പ്രൊട്ടൊടൊക്കൊസ് (prototokos) ആണ്. ആകെയുള്ള ഒൻപത് പരാമർശങ്ങളിൽ ഏഴെണ്ണവും ക്രിസ്തുവിനെ സൂചിപ്പിക്കുന്നു: (മത്താ, 1:25; ലൂക്കൊ, 2:7; റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). അടുത്ത രണ്ടെണ്ണമുള്ളത് എബ്രായ ലേഖനത്തിലാണ്. (11:28; 12:23). മിസ്രയീമ്യരുടെമേൽ ദൈവം അയച്ച പത്ത് ബാധകളിൽ അവസാനത്തെ ബാധയായ കടിഞ്ഞൂൽ സംഹാരകൻ അവരെ തൊടാതിരിക്കാൻ ചോരത്തളി ആചരിച്ചതിനെക്കുറിച്ച് പറയുന്നിടത്താണ് ആദ്യത്തേത്: “വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.” (11:28). രണ്ടാമത്തത്: ക്രിസ്തുവിൽ മരിക്കുന്നവർ എല്ലാം ആദ്യജാതന്മാരാണ്. ആദ്യജാതനുള്ള അവകാശങ്ങൾ ക്രിസ്തുവിലൂടെ ദൈവമക്കൾക്കു ലഭിക്കുന്നു. സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭ എന്നാണ് വിശ്വാസികളുടെ സമൂഹമായ സഭയെ വിളിക്കുന്നത്: (12:23). യിസ്രായേല്യർക്ക് കനാൻദേശം അവകാശമായി നൽകിയതുപോലെ പുതിയനിയമ വിശ്വാസികൾക്ക് അനേകം വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ട്: (എബ്രാ, 6:12). ദൈവരാജ്യം ( മത്താ . 25:34 ; 1കൊരി, 6:9,10; 15:50; ഗലാ, 5:21; എഫെ,5:5; യാക്കോ, 2:5), രക്ഷ (എബാ 1:14), അനുഗ്രഹങ്ങൾ (1പത്രൊ, 3:9), തേജസ്സ് (റോമ, 8:17,18), അദ്രവത്വം (1കൊരി, 15:50) തുടങ്ങിയവ ഓരോ വിശ്വാസിയുടെയും അവകാശമാണ്. എന്നാൽ യിസ്രായേലിനു വാഗ്ദത്തനിവൃത്തി പ്രാപിക്കുവാൻ കഴിഞ്ഞില്ല. “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെകൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏററവും നല്ലതൊന്നു മുൻകരു തിയിരുന്നു:” (എബ്രാ, 11:39,40). ആദ്യജാതനായ ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞ് പുതിയനിയമം സ്ഥാപിച്ചതിലൂടെയാണ് ഈ അവകാശങ്ങളെല്ലാം ലഭ്യമായത്: (എബ്രാ, 9:15-17). ആദ്യജാതന്മാർക്കുള്ള അവകാശങ്ങളുടെ ഉറപ്പും മുദ്രയും പരിശുദ്ധാത്മാവാണ്: (റോമ, 8:16,17; എഫെ, 1:14).
ആദ്യജാതനായ ക്രിസ്തു: ക്രിസ്തുവിനെ ഏഴുപ്രാവശ്യം ആദ്യജാതനെന്ന് പുതിയനിയമത്തിൽ വിളിച്ചിട്ടുണ്ട്. ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടി പുത്രനാണെന്നും, അല്ല, നിത്യപുത്രനാണെന്നും കരുതുന്നവരുണ്ട്. ജഡത്തിൽ വെളിപ്പെട്ട ദൈവത്തിൻ്റെ (1തിമൊ, 3:16) സ്ഥാനപ്പേര് മാത്രമാണ് ‘ആദ്യജാതൻ.’ ക്രിസ്തുവിനെ രണ്ടുനിലകളിൽ (അക്ഷരികം, ആത്മീകം) ആദ്യജാതനെന്ന് വിളിച്ചിട്ടുള്ളതായി കാണാം. ഒന്നാമത്; അക്ഷരികമായും ക്രിസ്തു മറിയയുടെ ആദ്യജാതനാണ്: (മത്താ, 1:25; ലൂക്കൊ, 2:7). മറിയയ്ക്കു യേശുവിനെ കൂടാതെ മറ്റുമക്കളും ഉണ്ടായിരുന്നു: (മത്താ, 12:40; 13:55,56; മർക്കൊ, 6:3). ആദ്യജാതനായതുകൊണ്ട് യേശുവിനെ കർത്താവിന് അർപ്പിക്കുവാൻ മറിയയും യോസേഫും യേശുവിനെ ദൈവാലയത്തിൽ കൊണ്ടുപോയി: (ലൂക്കൊ, 2:22-24). മൂത്തമകനെന്ന നിലയിൽ മരണസമ്മയത്ത് തൻ്റെ അമ്മയോടുള്ള കടമ യേശു നിറവേറ്റി: (യോഹ, 19:26,27). തന്നിൽ വിശ്വസിക്കാത്ത സ്വന്ത സഹോദരങ്ങളെക്കാൾ (യോഹ, 7:5) പ്രിയശിഷ്യൻ അമ്മയെ കരുതുമെന്ന് യേശുവനറിയാമായിരുന്നു. അതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്.
രണ്ടാമത്; ആത്മീകമായി ക്രിസ്തു സ്വർഗ്ഗീയ പിതാവിന്റെയും ആദ്യജാതനാണ്: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:8). 1. ക്രിസ്തു വീണ്ടുംജനിച്ചവർക്കെല്ലാം ആദ്യജാതനാണ്. അഥവാ, ആദ്യജാതനായ ക്രിസ്തു ദൈവമക്കളായ എല്ലാവരുടെയും ജ്യേഷ്ഠസഹോദരനാണ്: “ക്രിസ്തു മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). 2. യേശു സർവ്വസൃഷ്ടിക്കും ആദ്യജാതനാണ്: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു:” (കൊലൊ, 1:15). സർവ്വ സൃഷ്ടികളുടെയും ആദ്യനും സ്രഷ്ടാവും പരിപാലകനും മാത്രമല്ല, സർവ്വവും തനിക്കായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്: (കൊലൊ, 1:16,17). 3. ക്രിസ്തു സഭയ്ക്കും ആദ്യജാതനാണ്: ക്രിസ്തു ആദ്യഫലമായി മരിച്ചവരിൽനിന്ന് ഉയിർത്തതുകൊണ്ട് അവൻ ആദ്യജാതനും കർത്താവും നാഥനും സഭയുടെ ശിരസ്സും ആയിമാറി: (1കൊരി, 15:20-23). “ക്രിസ്തു സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു:” (കൊലൊ, 1:18). 4. മഹത്വത്തിലും ക്രിസ്തു ആദ്യജാതനാണ്: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). 5. മരിച്ചവരിലും ആദ്യജാതനാണ്: ക്രിസ്തുവിൻ്റെ മരണത്തിനു മുമ്പും പിമ്പും അനേകർ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. അവരൊക്കെ മരണത്തിലേക്കു തന്നെയാണ് ഉയിർത്തത്. അഥവാ, അവരൊക്കെ വീണ്ടും മരണത്തിനു കീഴടങ്ങി. ക്രിസ്തു മാത്രമാണ് എന്നേക്കും ജീവനിലേക്ക് ഉയിർത്തെഴുന്നേറ്റത്. അങ്ങനെയവൻ മരിച്ചുയർത്തവരിലും ആദ്യജാതനായി: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5).
‘ഏകജാതൻ’ കാണുക