ആത്മികപാറ (spiritual rock)
യിസ്രായേൽ മക്കൾ മരുഭൂമി പ്രയാണത്തിൽ ആത്മികാഹാരവും ആത്മികപാനീയവും കഴിച്ചു. അവർക്കു ആത്മികജലം നല്കിയ പാറ അവരെ അനുഗമിച്ചു. യിസ്രായേല്യർ എവിടെ ആയിരുന്നാലും അവർക്കു ഭക്ഷണ പാനീയങ്ങൾക്കു ദൗർലഭ്യം നേരിട്ടില്ലെന്നു അപ്പൊസ്തലൻ ആലങ്കാരികമായി പറയുന്നു. യെഹൂദ്യ പാരമ്പര്യമനുസരിച്ചു ഒരു പാറയും കിണറും അവരെ അനുഗമിച്ചിരുന്നു. സംഖ്യാപുസ്തകം 20:11,16 എന്നീ വാക്യങ്ങളാണ് പ്രസ്തുത പാരമ്പര്യത്തിനടിസ്ഥാനം. ക്രിസ്തുവിന്റെ നിസ്തുലതയും ഏതുകാലത്തും അനുഗ്രഹത്തിന്റെ ഉറവിടവും അവനാണെന്നു തെളിയിക്കുകയാണ് അപ്പൊസ്തലൻ. ആ പാറ ക്രിസ്തു ആയിരുന്നു: (1കൊരി, 10:4). പഴയനിയമത്തിൽ ദൈവത്തിനു നല്കിയിരുന്ന ഉപനാമങ്ങളിൽ ഒന്നായിരുന്നു പാറ: (ആവ, 32:15; യെശ, 26;4).