അഹീഥോഫെൽ (Ahithophel)
പേരിനർത്ഥം – ഭോഷത്വത്തിൻ്റെ സഹോദരൻ
ദാവീദിന്റെ സമർത്ഥനായ മന്ത്രിയായിരുന്നു ഗീലോന്യനായി അഹീഥോഫെൽ: (2ശമൂ, 15:12). ദാവീദിനും അബ്ശാലോമിനും ഉപദേശം നല്കിയിരുന്നു. അവന്റെ ആലോചന ദൈവികമായ അരുളപ്പാടുപോലെ കരുതപ്പെട്ടു: (2ശമൂ, 16:23). ദാവീദിന്റെ ഭാര്യയായ ബത്ത്-ശേബ അഹീഥോഫെലിന്റെ ചെറുമകളാണെന്നു കരുതുന്നവരുണ്ട്. അവൾ എലീയാമിന്റെ മകളാണ്: (2ശമൂ, 11:3). അഹീഥോഫെലിന്റെ പുത്രനായ ഒരു എലീയാം ദാവീദിന്റെ വീരയോദ്ധാക്കളുടെ പട്ടികയിലുണ്ട്: (2ശമൂ, 23:34). തന്റെ പൗത്രനെ വധിച്ചതുകൊണ്ടും, അവന്റെ ഭാര്യയോടു വഷളത്തം കാട്ടിയതുകൊണ്ടും അഹീഥോഫെലിനു ദാവീദിനോടു നീരസമുണ്ടായി എന്നു കരുതുന്നവരുണ്ട്. എന്നാൽ കാലദൈർഘ്യം ഈ വാദഗതിക്കനുകൂലമല്ല. ദാവീദ് ഈ പാപം ചെയ്ത കാലത്തു വിവാഹപ്രായമായ ചെറുമകൾ അഹീഥോഫെലിന് ഉണ്ടായിരുന്നു എന്നു കരുതാൻ അല്പം പ്രയാസമാണ്. എലിയാം എന്ന പേരിൽ രണ്ടു വ്യത്യസ്ത വ്യക്തികളുണ്ടായിരുന്നു എന്നു കരുതുകയാണു് യുക്തം. അധികാര ദുർമ്മോഹം നിമിത്തമാണു അബ്ശാലോമിന്റെ മത്സരത്തിൽ അഹീഥോഫെൽ പങ്കുചേർന്നത്. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” (2ശമൂ, 15:31) എന്ന ദാവീദിന്റെ പ്രാർത്ഥനയിൽ ദാവീദ് അഹീഥോഫെൽ എന്ന പേരിന്റെ അർത്ഥം ഗോപനം ചെയ്തിട്ടുണ്ട്. അധികാരം ഉറപ്പിക്കുന്നതിനു അന്തഃപുരം സ്വന്തമാക്കണമെന്നു അഹീഥോഫെൽ ഉപദേശിച്ചു. (2ശമൂ, 16:20-22). ക്ഷീണിച്ചു ധൈര്യം നഷ്ടപ്പെട്ടിരിക്കുന്ന ദാവീദിനെ പന്തീരായിരം പേരോടൊപ്പം ചെന്നു താൻ വെട്ടിക്കളയാം എന്ന അഹീഥോഫെലിന്റെ ഉപദേശം അവന്റെ ബുദ്ധിയും ധൈര്യവും വ്യക്തമാക്കുന്നു: (2ശമൂ, 17:1-4). അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അബ്ശാലോം സ്വീകരിച്ചത്. അബ്ശാലോമിനു അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു: (2ശമൂ, 17:14). തന്റെ ആലോചന തിരസ്കരിക്കപ്പെട്ടുവെന്നും അബ്ശാലോമിന്റെ മത്സരം പരാജയപ്പെടുകയാണെന്നും മനസ്സിലാക്കിയ അഹീഥോഫെൽ വീട്ടിലേക്കു ചെന്നു, വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങിച്ചത്തു. അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു: (2ശമൂ, 17:1-23).