അഹശ്വേരോശ് (Ahasuerus)
പേരിനർത്ഥം – ശക്തനായവൻ
ക്ഷയർഷ എന്ന പേർഷ്യൻ നാമത്തിന്റെ എബ്രായ രൂപമാണ് അഹശ്വേരോശ്; ഗ്രീക്കുരൂപം കസെർക്സെസും (Xerses). അഹശ്വേരോശ് എന്ന പേരിൽ ബൈബിളിൽ മൂന്നു രാജാക്കന്മാർ പരാമൃഷ്ടരാണ്:
1. എസ്രാ 4:6-ൽ പറഞ്ഞിരിക്കുന്ന അഹശ്വേരോശ്: ഈ അഹശ്വേരോശിന് യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി ശത്രുക്കൾ അന്യായപത്രം എഴുതി അയച്ചു. കോരെശിന്റെ പുത്രനായ കാംബിസസ്സ് ആയിരിക്കണം ഇയാൾ. ബി.സി. 529-ൽ അധികാരമേറ്റു. എഴുവർഷവും അഞ്ചു മാസവും രാജ്യം ഭരിച്ചു.
2. ഹിന്ദുദേശം മുതൽ കൂശ്ദേശം വരെ (ഇന്ത്യ മുതൽ എത്യോപ്യവരെ) വിസ്തൃതമായ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭരണാധിപൻ (486-465 ബി.സി.). ദാര്യാവേശിന്റെ മകനും അർത്ഥഹ്ശഷ്ടാവിന്റെ പിതാവുമായിരുന്നു. അഹശ്വേരോശ് രാജാവ് തന്റെ വാഴ്ചയുടെ മൂന്നാം വർഷത്തിൽ സകല പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കുമായി ഒരു വലിയ വിരുന്നു കഴിച്ചു. തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും പ്രതാപവും നൂറ്റെൺപതു ദിവസത്തോളം കാണിച്ചു. ലഹരി പിടിച്ചിരുന്ന സമയത്ത്, വസ്ഥിരാജ്ഞിയുടെ സൗന്ദര്യം പരസ്യമായി പ്രദർശിപ്പിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരാൻ രാജാവു ഷണ്ഡന്മാരോടു കല്പിച്ചു. എന്നാൽ രാജ്ഞി രാജകല്പന മറുത്തു, രാജസന്നിധിയിൽ ചെന്നില്ല. പേർഷ്യൻ ആചാരമര്യാദകൾക്കും സ്ത്രീ സഹജമായ അന്തസിനും വിരുദ്ധമായിരുന്നതിനാലാണ് രാജ്ഞി ചെല്ലാതിരുന്നത്. ഇക്കാരണത്താൽ അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ ഉപേക്ഷിച്ചു. വസ്ഥിയെ രാജ്ഞിസ്ഥാനത്തുനിന്നു മാറ്റിയ കല്പന പുറപ്പെടുവിക്കുകയും പാർസ്യരുടെയും മേദ്യരുടെയും രാജധർമ്മത്തിൽ എഴുതിച്ചേർക്കയും ചെയ്തു. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാം വർഷത്തിൽ യെഹൂദവംശത്തിൽ നിന്നും സുന്ദരിയായ എസ്ഥേരിനെ രാജാവു വിവാഹം കഴിച്ചു. (എസ്ഥേ, 2:16).
അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രിയായ ഹാമാൻ മൊർദ്ദെഖായി തന്നെ ബഹുമാനിക്കുന്നില്ല എന്ന കാരണത്താൽ മൊർദ്ദെഖായിയോടു നീരസപ്പെട്ടു. രാജാവിന്റെ വാഴ്ചയുടെ പന്ത്രണ്ടാം വർഷത്തിൽ ഹാമാൻ യെഹൂദന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു പ്രത്യേക ദിവസം നിശ്ചയിക്കുകയും രാജാവിന്റെ ഭണ്ഡാരത്തിലേക്കു പതിനായിരം താലന്തു വെള്ളി കൊടുത്തയക്കുകയും ചെയ്തു. രാജാവു പണം സ്വീകരിച്ചില്ല; എന്നാൽ ഹാമാന്റെ അപേക്ഷ അനുവദിച്ചുകൊടുത്തു. അഞ്ചൽകാർ വശം ഈ കല്പന സകലജാതികൾക്കും പരസ്യ ചെയ്യേണ്ടതിന് രാജാവു കൊടുത്ത് തീർപ്പിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. മൊർദ്ദെഖായി ഉടനെ എസ്ഥേറിനെ വിവരം ധരിപ്പിച്ചു. എസ്ഥേറിലുടെ ആ കല്പന റദ്ദാക്കുന്നതിനും യെഹൂദന്മാർക്കു സ്വരക്ഷയ്ക്കായി എതിർത്തു നില്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നേടുന്നതിനും മൊർദ്ദെഖായിക്കു കഴിഞ്ഞു. കോപിഷ്ഠനായ അഹശ്വേരോശ് ഹാമാനെ തൂക്കിലേറ്റി: (എസ്ഥ, 7:10). മൊർദ്ദെഖായി പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു: (എസ്ഥേ,10:3).
ദാര്യാവേശ് ഒന്നാമന്റെ മകനായ ക്സെർക്സെസ് ആണ് എസ്ഥറിന്റെ പുസ്തകത്തിലെ അഹശ്വേരോശ്. തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ അദ്ദേഹം ഒരു വലിയ വിരുന്നു നടത്തുകയും പ്രഭുക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തു. ആ വർഷം ഗ്രീസുമായുള്ള യുദ്ധം ആരംഭിച്ചു. എഴാംവർഷം അദ്ദേഹം പരാജയം ഏറ്റുവാങ്ങിക്കൊണ്ടു നാട്ടിലേക്കു മടങ്ങി; കൊട്ടാരത്തിലെ ഭോഗങ്ങളിൽ മുഴുകി സ്വയം ആശ്വസിച്ചു. ഈ സന്ദർഭത്തിലാണ് രാജാവ് സുന്ദരികളായ യുവതികളെ അന്വേഷിച്ചത്. അങ്ങനെ വസ്ഥിരാജ്ഞിയുടെ സ്ഥാനത്ത് എസ്ഥേറിനെ സ്വീകരിച്ചു. ഈ ചരിത്രവസ്തുതകൾ അഹശ്വേരോശിന്റെയും ക്സെർക്സെസിൻ്റെയും അഭിന്നത്വം വ്യക്തമാക്കുന്നു.
3. മേദ്യനായ ദാര്യാവേശിന്റെ പിതാവ്: (ദാനീ, 9:1). ഈ അഹശ്വേരോശ് അസ്ത്യാഗസ് (Astyages) ആണെന്നും, സ്യാക്സാരെസ് (Cyaxares) ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.