അഹരോന്റെ വടി
അഹരോന്റെ വടി എന്നു വിളിക്കപ്പെടുന്നത് മോശെയുടെ കൈയിൽ ഉണ്ടായിരുന്നതും, ദൈവത്തിന്റെ ശക്തിയും മഹത്ത്വവും യിസ്രായേൽമക്കൾക്കും ഫറവോനും അത്ഭുതങ്ങളിലൂടെ വെളിപ്പെടുത്തേണ്ടതിനായി സർവ്വശക്തനായ ദൈവം ഉപയോഗിച്ചതുമായ വടിയായിരുന്നു. തനിക്ക് യഹോവ പ്രത്യക്ഷനായില്ല എന്നു പറഞ്ഞ് യിസായേൽ മക്കൾ തന്നെ വിശ്വസിക്കാതിരിക്കുമെന്ന് മോശെ ദൈവത്തോടു പറഞ്ഞപ്പോൾ മോശെയുടെ കൈയിലുണ്ടായിരുന്ന വടി നിലത്തിടുവാൻ ദൈവം കല്പ്പിച്ചു. അവൻ വടി നിലത്തിട്ടപ്പോൾ അത് ഒരു പാമ്പായിത്തീർന്നു. അതു കണ്ട് ഓടിപ്പോയ മോശെയോട് അതിന്റെ വാലിൽ പിടിക്കുവാൻ ദൈവം കല്പിച്ചു. അങ്ങനെ ചെയ്തപ്പോൾ അതു വീണ്ടും വടിയായിത്തീർന്നു. മോശയുടെ നിർജ്ജീവമായ വടിയിലൂടെ ദൈവം തന്റെ ശക്തിയും മഹത്ത്വവും പ്രകടമാക്കുന്നതിന്റെ തുടക്കമായിരുന്നു അത്. “എന്നാൽ അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിനായി ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക’ (പുറ, 4:17) എന്ന് മോശെയോട് ദൈവം കല്പിച്ചതിൽനിന്ന്, ദൈവത്തിന്റെ ആജ്ഞപ്രകാരം അത്ഭുതങ്ങൾ പ്രവർത്തിക്കുവാനായി അഹരോനും ഈ വടിയായിരുന്നു ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നു. ഈ വടി പിൽക്കാലത്ത് അഹരോൻ്റെ വടി എന്നു വിളിക്കപ്പെട്ടുവെങ്കിലും ഇതിനെ ‘ദൈവത്തിൻ വടി’ (പുറ, 4:20) എന്നു തിരുവചനം വിശേഷിപ്പിക്കുന്നു. ഫറവോൻ മുമ്പിൽവെച്ച് ദൈവീക ശക്തിയാൽ പാമ്പായിത്തീർന്ന് ഈ വടി ഉപയോഗിച്ച് ദൈവം മിസ്രയീമിലെ സകല ജലാശയങ്ങളും രക്തമാക്കിത്തീർക്കുകയും (പുറ, 7:20), വടി ഉപയോഗിച്ച് ദൈവം മിസയീമിൽ മുഴുവനും തവളകളെക്കൊണ്ടു നിറയ്ക്കുകയും (പുറ, 8:5,6), നിലത്തിലെ പൊടിയിൽനിന്നു പേനുകളെ ഉണ്ടാക്കുകയും ചെയ്തു. (പുറ, 8:17). ഇപ്രകാരം മിസ്രയീമിലെ മൂന്നു ബാധകൾ വരുത്തുവാൻ ദൈവം ഉപയുക്തമാക്കിയത് ദൈവത്തിന്റെ ശക്തിയുടെ പ്രതീകമായ ഈ വടിയായിരുന്നു. ചെങ്കടലിനെ വിഭാഗിക്കുവാനും വീണ്ടും പൂർവ്വസ്ഥിതിയിലാക്കുവാനും ദൈവം ഈ വടിതന്നെയാണ് ഉപയോഗിച്ചത്. മോശെയുടെയും അഹരോന്റെയും നേതൃത്വത്തിനെതിരായി യിസായേമക്കൾ പിറുപിറുത്തതിനെ തുടർന്ന് യഹോവയുടെ കല്പനപ്രകാരം സമാഗമനകൂടാരത്തിൽ ഓരോ ഗോത്രത്തലവന്റെയും പേരെഴുതിയ വടി വച്ചു. അടുത്ത ദിവസം അഹരോന്റെ വടി തളിർത്തു പുത്ത് ‘ബദാംഫലം’ കായിച്ചതായി കാണപ്പെട്ടു. (സംഖ്യാ, 17:7,8). നീണ്ട മരുഭൂയാത്രയിൽ ആദ്യം വെള്ളം പുറപ്പെടുവിക്കുന്നതിനായി ഈ വടികൊണ്ട് പാറയിൽ അടിക്കുവാനാണ് ദൈവം കല്പിച്ചത്. എന്നാൽ സീൻമരുഭൂമിയിൽവച്ച് വീണ്ടും വെള്ളമില്ലാതെ വന്നപ്പോൾ മോശെയോടു തന്റെ വടിയെടുത്ത്, പാറയോടു കല്പിക്കുവാൻ ദൈവം ആജ്ഞാപിച്ചു. പക്ഷേ, മോശെ തന്റെ വടിയെടുത്ത്, കല്പിക്കുന്നതിനു പകരം വടികൊണ്ടു രണ്ടു പ്രാവശ്യം പാറയിൽ അടിച്ചു. പാറയിൽനിന്നു വെള്ളം പുറപ്പെട്ടുവെങ്കിലും ദൈവത്തിന്റെ കല്പനയ്ക്ക് വിരുദ്ധമായി വടി ഉപയോഗിച്ചതുകൊണ്ട് മോശെയും അഹരോനും കനാൻ ദേശത്തു പ്രവേശിക്കുകയില്ല എന്ന് ദൈവം അരുളിച്ചെയ്തു. (സംഖ്യാ, 20:1-12). അങ്ങനെ യിസ്രായേൽമക്കളുടെ മോചനത്തിനും അവരുടെ 40 വർഷത്തെ മരുഭൂപ്രയാണത്തിനും ദൈവം അത്ഭുതകരമായി ഉപയോഗിച്ച ഈ വടിതന്നെ, മോശെയും അഹരോനും കനാനിൽ പ്രവേശിക്കാതിരിക്കുവാനും കാരണമിയിത്തീർന്നു.