അബ്ബാ (Abba)
അപ്പൻ എന്നർത്ഥം. ഗ്രീക്കിൽ എഴുതപ്പെട്ട പുതിയനിയമത്തിൽ കടന്നു കൂടിയ ചുരുക്കം ചില അരാമ്യപദങ്ങൾ ഉണ്ട്; അവയിലൊന്നാണ് അബ്ബാ. ബാബിലോന്യൻ തല്മൂദിൽ ഇടയ്ക്കിടെ പ്രയോഗിച്ചു കാണുന്നു. ഒരു കുഞ്ഞു പിതാവിനെ വിളിക്കുമ്പോഴും റബ്ബിമാരെ സംബോധന ചെയ്യുമ്പോഴും ഉറ്റബന്ധവും അടുപ്പവും വ്യക്തമാക്കുന്ന ഈ പദം പ്രയോഗിച്ചുകാണുന്നു. അബ്ബാ എന്നു കുടുംബനാഥനെ സംബോധന ചെയ്യാൻ അടിമകളെ അനുവദിച്ചിരുന്നില്ല. യെഹൂദന്മാർ ദൈവത്തെ അബ്ബാ എന്നു വിളിച്ചിരുന്നില്ല. പുതിയനിയമത്തിൽ സംബോധനാരൂപത്തിൽ ഈ പദം ഗ്രീക്കിൽ മൂന്നിടത്ത് ലിപ്യന്തരണം ചെയ്ത് ചേർത്തിട്ടുണ്ടു്; ഒപ്പം ഗ്രീക്കുതത്സമവും: (മർക്കൊ, 14:36; റോമ, 8:15; ഗലാ, 4:6). യേശു പഠിപ്പിച്ച പ്രാർത്ഥന അരാമ്യയിൽ ആരംഭിക്കുന്നത് അബ്ബാ എന്നത്രേ. ദൈവത്തെക്കുറിക്കുവാൻ അബ്ബാ എന്ന പദം ആദ്യം ഉപയോഗിച്ചതു യേശുവാണ്. ശിഷ്യന്മാർക്ക് അതുപയോഗിക്കാൻ അധികാരവും നല്കി. അപ്പൊസ്തലനായ പൗലൊസ് വിശദമാക്കുന്ന പുത്രസ്വീകാരം എന്ന പ്രമേയം ഈ പ്രയോഗത്തിനു പിന്നിലുണ്ട്.