അബാന നദി (river Abana)
കുഷ്ഠരോഗിയായ നയമാൻ പുകഴ്ത്തിപ്പറയുന്ന ദമ്മേശെക്കിലെ നദികളിലൊന്ന്. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.” (2രാജാ, 5:12). ഗ്രീക്കുകാർ ഇതിനെ സ്വർണ്ണനദി എന്ന അർത്ഥത്തിൽ ഖ്റുസൊറൊവ് എന്നു വിളിച്ചു. ദമ്മേശെക്കിന് (Damascus) 29 കി.മീറ്റർ വടക്കുപടിഞ്ഞാറായി ആന്റിലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന ബരാദ തന്നെയാണ് അബാന. ഇതിന്റെ തീരപ്രദേശത്തു ഫലഭൂയിഷ്ഠമായ ഫലവൃക്ഷത്തോപ്പുകളും പൂന്തോട്ടങ്ങളും ഉണ്ട്. അതിനാലായിരുന്നു നയമാൻ പ്രസ്തുത നദിയെ ഉത്തമമായി പ്രസ്താവിച്ചത്.