അനുതാപം (repentance)
അനുതപിക്കുക എന്നർത്ഥമുള്ള നാഹം (nacham) എന്ന എബായ പ്രയോഗം പഴയനിയമത്തിൽ നൂറ്റിയെട്ടു പ്രാവശ്യമുണ്ട്: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:” (ഉല്പ, 6:6). ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു: “ഞാൻ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.” (1ശമൂ, 15:11,35; യോനാ, 3 : 9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെ എന്നതിനെ വ്യക്തമാക്കുന്നു: “യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല.” (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ നാഹം മനുഷ്യന്റെ അനുതാപത്തെ കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റുഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബായ പ്രയോഗം ഷുവ് (shub) ആണ്: “എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.” (2ദിന, 15:4). അതിനു പിൻതിരിയുക, ദൈവത്തിങ്കലേയ്ക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്നു മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 80:3,7,19. ഒ.നോ: യിരെ, 31:18-20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”
മെറ്റനോയിയ എന്ന ഗ്രീക്കു വാക്കിനു മനസ്സിന്റെ മാറ്റം അഥവാ പരിവർത്തനം എന്നർത്ഥം. പാപത്തെ സംബന്ധിച്ചുള്ള മനംമാറ്റമാണത്. അപൂർവ്വമായി മെറ്റമെലൊമായി (metamellomai) എന്ന പദവും കാണാം. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലൊമായി പ്രയോഗിച്ചിരിക്കുന്നത്. പാപം വിട്ടുതിരിയുന്നതിലേക്കു നയിക്കുന്ന ദുഃഖത്തെ വിലക്ഷിക്കുന്നു. “നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക് നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരം ആയിരുന്നതുകൊണ്ട് ഞങ്ങള്‍വഴി നിങ്ങള്‍ക്ക് ഒരു നഷ്‌ടവും ഉണ്ടായിട്ടില്ല. ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.” 2കൊരി, 7:9-10). മാനസാന്തരം, തിരിയുക എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.” (പ്രവൃ, 3:19). ജാതികളോടു മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20). അതുപോലെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21).
ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ യാഗമോ നീതിയോ അല്ല, പ്രത്യുത തകർന്ന മനസും തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവുമാണ്: (സങ്കീ, 51:17). അതുകൊണ്ടു വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി യഹോവയുടെ അടുക്കലേക്കു തിരിയേണ്ടതാണ്: (യോവേ, 2:13). പാപാവസ്ഥയിൽ മനുഷ്യനു അനുതപിക്കുവാൻ കഴിയുകയില്ല. പാപബോധം വ്യക്തിയിൽ ഉളവാക്കുന്നത് പരിശുദ്ധാത്മാവാണ്. ഏതു പാപിയിലും അനുതാപത്തിനു മുമ്പായി ദൈവികപ്രകാശനം ഉണ്ടായിരിക്കും. ദൈവകൃപയാൽ പ്രകാശിപ്പിക്കപ്പെടുമ്പോൾ മനുഷ്യൻ വിശ്വാസത്തോടുകൂടെ ദൈവത്തിങ്കലേക്കു തിരിയും. വിശ്വാസം യഥാർത്ഥമാണെങ്കിൽ അനുതാപം വാസ്തവമായിരിക്കും. പാപം ചെയ്തശേഷം അതിനെക്കുറിച്ചു മനസ്സിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം. മനസ്സാക്ഷി നിമിത്തമാണ് അനുതാപം ഉണ്ടാകുന്നത്. (മത്താ, 27:3). ഈ അവസ്ഥ ഉണ്ടാകുമ്പോൾ അത് രക്ഷയിലേക്ക് നയിക്കും.
വളരെ അനുഗ്രഹിക്കപ്പെട്ട ബൈബിൾ വിജ്ഞാനമാണ്. ഇത് ബൈബിൾ എൻസൈക്ലോ പിഡിയോ തന്നെ .ഒത്തിരി വർഷത്തെ കഷ്ടപ്പാടിൻ്റെയും ത്യാഗത്തിൻ്റെയും കഠിന പ്രയത്നത്തിൻ്റെയും ഫലമാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ! എന്നാൽ ഇത് ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ ഇല്ല അത് ഒരു പോരായ്മയാണ് . ഞാൻ എൻ്റെ ശുശ്രൂഷക്ക് വളരെ സഹായമായ ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. Thank you so much