അദോനീയാവ് (Adonijah)
പേരിനർത്ഥം – യഹോവ എൻ്റെ കർത്താവ്
ഹെബ്രോനിൽവച്ചു ദാവീദിനു ഹഗ്ഗീത്തിൽ ജനിച്ച രണ്ടാമത്തെ പുത്രനും, ദാവീദിന്റെ നാലാമത്തെ പുത്രനും: (2ശമൂ, 3:4). അദോനീയാവ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കുമുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും നേടി: (1രാജാ, 1:5). ഇതിൽനിന്നു സൈന്യശക്തിയും പുരോഹിതന്മാരുടെ അംഗീകാരവും കിട്ടുമെന്ന് അദോനീയാവ് കരുതി. ദാവീദു വൃദ്ധനായപ്പോൾ അദോനീയാവ് സൈന്യാധിപനായ യോവാബിന്റെയും പുരോഹിതനായ അബ്യാഥാരുടെയും സഹായത്തോടുകൂടി രാജാവാകുവാൻ ശ്രമിച്ചു: (1രാജാ, 1:5-10). ജനത്തെ വശീകരിക്കുവാൻ തക്കവണ്ണം അദോനീയാവു സുന്ദരനുമായിരുന്നു. ഏൻ-രോഗേലിന്നു സമീപമുള്ള സോഹേലത്തിൽവെച്ചു അദോനീയാവ് രാജാവായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ നാഥാന്റെ ഉപദേശപ്രകാരം ശലോമോന്റെ മാതാവായ ബത്ത്-ശേബ പ്രവർത്തിച്ചതിനാൽ ഉടനെ തന്നെ ദാവീദ് ശലോമോനെ രാജാവായി വാഴിച്ചു: (1രാജാ, 1:34). അദോനീയാവ് മയപ്പെട്ടു യാഗപീഠത്തിൻ്റെ കൊമ്പുകളെ പിടിച്ചു മരണത്തിൽനിന്ന് രക്ഷപെട്ടു. (1രാജാ, 1:51-53).
മൂത്ത മൂന്നുപേരുടെയും മരണത്തിനുശേഷം താനാണ് സിംഹാസനത്തിന്നവകാശിയെന്നു അദോനീയാവ് കരുതി. അമ്നോനെ അബ്ശാലോം കൊന്നു. അബ്ശാലോം ദാവീദിനെതിരെയുള്ള മൽസരത്തിൽ മരിച്ചു. അബീഗയിലിന്റെ പുത്രനായ കിലെയാബിനെക്കുറിച്ചു പരാമർശമൊന്നും ഇല്ലാത്തതിനാൽ, അവകാശത്തർക്കം വരുന്നതിനു മുമ്പു അയാൾ മരിച്ചിരിക്കണം. ശലോമോനെ രാജാവാക്കുവാൻ ബത്ത്-ശേബയോടു ദാവീദ് വാഗ്ദത്തം ചെയ്തിരിക്കണം. അതായിരിക്കണം രാജാവാകാൻ അദോനീയാവിനെ പ്രേരിപ്പിച്ചത്. പിതാവായ ദാവീദ് മരിച്ച ഉടൻതന്നെ പൂർവ്വാഭിലാഷം അദോനീയാവിൽ തലപൊക്കി. പിതാവിന്റെ വെപ്പാട്ടിയായ ശൂനേംകാരത്തിയായ അബീശഗിനെ അവൻ ഭാര്യയായി, ബത്ത്-ശേബ മുഖാന്തരം ചോദിച്ചതിനെ ശലോമോൻ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കണം. തൽഫലമായി ശലോമോൻ ബെനായാവെ അയച്ചു അദോനീയാവിനെ വെട്ടിക്കൊന്നു കളഞ്ഞു: (1രാജാ, 2:13-25).