അത്ഭുതങ്ങൾ
‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). സാധാരണ വിസ്മയകരമായി തോന്നുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് അത്ഭുതങ്ങൾ. ബാഹ്യലോകത്തിൽ ദൈവികശക്തിയുടെ പ്രകൃത്യതീതമായ വെളിപ്പാടാണവ. ദൈവശക്തിയുടെയും സാന്നിദ്ധ്യത്തിന്റെയും പ്രത്യേകമായ വെളിപ്പാട് അത്ഭുതങ്ങളിൽ ഉള്ളടങ്ങിയിരിക്കും. സാധാരണ പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ട് ആതിനെ വ്യാഖ്യാനിക്കുവാൻ കഴിയില്ല. മനുഷ്യാതീതമായ ഒരാളത്വം ഈ പ്രവൃത്തികൾക്ക് പിന്നിലുണ്ടെന്നു ഗ്രഹിക്കാൻ തക്കവണ്ണം വ്യാപകമായ ഒരടയാളം അഥവാ, ഗൂഢാർത്ഥം അത്ഭുതത്തിനുണ്ടായിരിക്കും. പുതിയനിയമത്തിൽ യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ഉദ്ദേശ്യം യോഹന്നാൻ വ്യക്തമാക്കിയിട്ടുണ്ട്. “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:30,31). അപ്പൊസ്തലന്മാർക്ക് അത്ഭുതങൾ അടയാളങ്ങൾ വീര്യപ്രവൃത്തികൾ ചെയ്യുവാൻ വരം നല്കിയിരുന്നത് (പ്രവൃ, 2:43; 4:22; 4:30; 5:12; 6:8; 8:13; 14:3; 15:12; 19:11) ദൈവസഭയുടെ സ്ഥാപനത്തിനും അതിൻ്റെ വ്യാപനത്തിനും വേണ്ടിയായിരുന്നു. (മർക്കൊ, 16:20; 12:12). പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർ ആത്മനിറവിൽ സംസാരിച്ച അന്യഭാഷ, അവിടെ ജാതികളുടെ പട്ടണത്തിൽനിന്ന് വന്നുകൂടിയ യെഹൂദന്മാർക്ക് അത്ഭുതത്തിന് കാരണമായി. (പ്രവൃ, 2:6-8). തന്മൂലം, വലിയൊരു കൂട്ടം സുവിശേഷം കൈക്കൊള്ളുന്നതിനും രക്ഷപ്രാപിക്കുന്നതിനും മുഖാന്തരമായി. (പ്രവൃ, 2:37-42). യേശുക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് അവിശ്വാസികൾക്കുള്ള അടയാളമായിരുന്നു അത്ഭുതങ്ങൾ. ഇപ്പോൾ, വിശ്വാസികളാണ് അത്ഭുതങ്ങൾ അന്വേഷിച്ചു പരക്കം പായുന്നത്. നാമനുഭവിക്കുന്ന രക്ഷ: കർത്താവു പറഞ്ഞുതുടങ്ങിയതും, ദൈവം അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വിവിധ വീര്യപ്രവൃത്തികളാലും, തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും, കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമാണ്. ഇത്രവലിയരക്ഷ നമുക്ക് ലഭ്യമായത് ദൈവവചനം എന്ന മഹാത്ഭുതത്തിലൂടെയാണ്. (എബ്രാ, 2:3,4).