അടയാളങ്ങൾ
‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). ദൈവിക ശക്തിയുടെ അസ്തിത്വം തെളിയിച്ചുകൊണ്ട് ഇന്ദ്രിയങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഏതിനെയും സൂചിപ്പിക്കുവാൻ അടയാളം എന്ന പദം ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ അത്ഭുതങ്ങൾ അധികവും അടയാളങ്ങളായിരുന്നു. നിഷ്ക്കളങ്കയുഗത്തിൽ ആകാശവിതാനത്തിൽ ഉണ്ടാക്കിയ വെളിച്ചങ്ങൾ അടയാളമായിരുന്നു. (ഉല്പ, 1:14). മാനുഷഭരണയുഗത്തിൽ മഴലില്ല് അടയാളമായിരുന്നു. (ഉല്പ, 9:12,13). വാഗ്ദത്തയുഗത്തിൽ പരിച്ഛേദന അടയാളമായിരുന്നു. (ഉല്പ, 17:11). ന്യായപ്രമാണയുഗത്തിൽ പെസഹയും, ശബ്ബത്തും അടയാളമായിരുന്നു. (പുറ, 13:9, 31:12). കൃപായുഗത്തിൽ ക്രിസ്തുവിൻ്റെ ജനനവും (യെശ, 7:14, ലൂക്കൊ, 2:12), ശുശ്രൂഷയും (യോഹ, 2:11, 23, 4:45-54, 6:2, 14), മരണപുനരുത്ഥാനവും (മത്താ, 16:4; ലൂക്കൊ, 11:30), സഭാസ്ഥാപനവും (പ്രവൃ, 2:1-22), അപ്പൊസ്തലന്മാരുടെ അനന്തര ശുശ്രൂഷകളും (പ്രവൃ, 4:16, 5:12, 6:8, 8:6, 13, 14:3) അടയാളങ്ങളിലൂടെ ആയിരുന്നു. അന്യഭാഷ അവിശ്വാസികൾക്ക് അടയാളമായിരുന്നു. (1കൊരി, 14:22). മഹാപീഡനയുഗത്തിൽ സാത്താൻ വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും കൂടെ വെളിപ്പെടും. (2തെസ്സ, 2:9). മഹാപീഡനത്തിനൊടുവിൽ ‘മനുഷ്യപുത്രൻ്റെ അടയാളം ആകാശത്തു വിളങ്ങും.’ (മത്താ, 24:30). പുതിയനിയമത്തിലെ അടയാളങ്ങളെല്ലാം ദൈവവചനത്ത ഉറപ്പിക്കാനുള്ളതാണ്: “അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.” (മർക്കൊ, 16:20).