അഗബൊസ് (Agabus)
പേരിനർത്ഥം – വെട്ടുക്കിളി
ക്രിസ്തുവിന്റെ എഴുപതു ശിഷ്യന്മാരിൽ ഒരാളായിരുന്നുവെന്നു കരുതപ്പെടുന്ന പ്രവാചകൻ. മറ്റുള്ളവരോടൊപ്പം അയാൾ യെരുശലേമിൽ നിന്നും അന്ത്യൊക്യയിലേക്കു വന്നു. അപ്പോൾ പൗലൊസും ബർന്നബാസും അവിടെ ഉണ്ടായിരുന്നു. ലോകം മുഴുവൻ അതികഠിനമായ ക്ഷാമമുണ്ടാകുമെന്നു പ്രവചിച്ചു. അത് ക്ലൗദ്യൊസിന്റെ ഭരണകാലത്തു സംഭവിച്ചു. ലോകം മുഴുവൻ എന്നതു ദേശം എന്ന അർത്ഥത്തിൽ മനസ്സിലാക്കേണ്ടതാണ്. ക്ലൗദ്യൊസിന്റെ വാഴ്ചയുടെ നാലാമാണ്ടിൽ ഉണ്ടായ ഈ ക്ഷാമം പലസ്തീനിൽ വ്യാപിച്ചു. ഈ കാലത്തു അന്ത്യൊക്ക്യയിലെ സഭ യെരൂശലേമിലെ സഭയ്ക്ക് ബർന്നബാസും പൗലൊസും മുഖേന സഹായം എത്തിച്ചുകൊടുത്തു. (പ്രവൃ, 11:28-30). വർഷങ്ങൾക്കു ശേഷം പൗലൊസ് കൈസര്യയിൽ പാർക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു പൗലൊസ് യെരൂശലേമിൽ ബന്ധനസ്ഥനാകുമെന്നു പ്രവചിച്ചു. (പ്രവൃ, 21:10-12). ഈ രണ്ടു അഗബാസും ഒരാളാണെന്നു തെളിയിക്കാൻ കഴിയുകയില്ലെങ്കിലും അതു സംശയിക്കാൻ കാരണമില്ല.