ഹോശേയ

ഹോശേയ (Hoshea)

പേരിനർത്ഥം — രക്ഷ

ഏലാവിന്റെ മകനായ ഹോശേയ യിസ്രായേലിലെ അവസാന രാജാവായിരുന്നു. പേക്കഹിന്റെ വാഴ്ചക്കാലത്തു അയാളെ വെട്ടിക്കൊന്ന് ഹോശേയ രാജാവായി. (2രാജാ, 15:30). തിഗ്ലത്ത്-പിലേസർ ഹോശേയയെ നാമമാത്രമായ രാജാവായി ശമര്യയിൽ അവരോധിച്ചു. ഏകദേശം എട്ടു വർഷത്തിനു ശേഷമാണു അയാളുടെ സിംഹാസനം സ്ഥിരപ്പെട്ടത്. അത് യെഹൂദാ രാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ആയിരുന്നു. (2രാജാ, 17:1). അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു. ഏറെക്കഴിയും മുമ്പെ അശ്ശൂർരാജാവായ ശല്മനേസർ ദേശം കീഴടക്കുന്നതിനു വേണ്ടി വന്നു. എന്നാൽ ഹോശേയ അശ്ശൂർ രാജാവിനു ആശ്രിതനായി തീർന്നു കപ്പം കൊടുത്തു. (2രാജാ, 17:3). എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിൽ നിന്ന് സഹായം പ്രതീക്ഷിച്ചുകൊണ്ടു കപ്പം മുടക്കി. തന്മൂലം ശല്മനേസർ മടങ്ങിവന്നു ഹോശേയ രാജാവിനെ പിടിച്ച് കാരാഗൃഹത്തിൽ അടച്ചു. (2രാജാ, 17:4). ഒരു വലിയ തുക കൊടുത്തു ഹോശേയ മുക്തനായിരിക്കണം. വീണ്ടും അശ്ശൂർരാജാവു ശമര്യയെ മൂന്നുവർഷം നിരോധിച്ചു. ശമര്യയെ പിടിച്ചു അതിനെ നശിപ്പിച്ചു. ബി.സി. 722-ൽ പത്തു ഗോത്രങ്ങളെയും ബദ്ധരാക്കി കൊണ്ടുപോയി. 2രാജാ, 17:5,6; 18:9-12).

Leave a Reply

Your email address will not be published. Required fields are marked *