യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും

“യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). 

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ വ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഒരാൾ; യേശു, അടുത്തയാൾ പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെയാൾ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം, ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തി. എന്നാൽ, അതിലെ വസ്തുതയെന്താണ്, എത്രപേർ അവിടെ ഉണ്ടായിരുന്നു എന്നതൊക്കെ നമുക്കൊന്നു പരിശോധിക്കാം:

1. സ്നാനത്തിൻ്റെ ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു. ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. 

2. സ്നാപകൻ കണ്ട ദർശനവും കേട്ട ശബ്ദവും: “അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” അവിടെക്കണ്ട ദർശനവും കേട്ട ശബ്ദവും അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നില്ല. യോഹന്നാൻ സ്നാപകന് മാത്രമുണ്ടായതാണ്: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37). “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, വരുവാനുള്ള മശീഹ യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). എന്നാൽ സ്വർഗ്ഗത്തിൽനിന്നു കേട്ട ശബ്ദവും പ്രാവെന്നപോലെയുള്ള ദൈവാത്മാവിൻ്റെ ദർശനവുമാകട്ടെ,  സ്നാപകനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. ഇതാണ് യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവീകോദ്ദേശ്യം

3. ഇവൻ എന്റെ പ്രിയപുത്രൻ: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” പുതിയനിയമം തുടങ്ങുമ്പോൾത്തന്നെ ഗബ്രീയേൽ ദൂതൻ്റെ മൂന്ന് പ്രവചനങ്ങൾ കാണാം. ഒന്നാമത്തേത്; സ്നാപകനെക്കുറിച്ച് അവൻ്റെ അപ്പനായ സെഖര്യാവിനോടാണ്. (ലൂക്കൊ, 1:11-20). അടുത്ത രണ്ട് പ്രവചനങ്ങൾ യേശുവിനെക്കുറിച്ചാണ്. അതിൽ ആദ്യത്തേത് മറിയയോടാണ്: (ലൂക്കൊ, 1:28-38). അതിൻ്റെ 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” ദൂതൻ്റെ യോസേഫിനോടുള്ള മൂന്നാമത്തെ പ്രവചനത്തിലും ഇതു പറയുന്നുണ്ട്. (മത്താ, 1:21). ലൂക്കോസ് ഒന്നാം അദ്ധ്യായം 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” മറിയ പ്രസവിക്കുന്ന മകൻ അത്യുന്നതനായ ദൈവത്തിൻ്റെ പുത്രനാണെന്നല്ല പറയുന്നത്; അത്യന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടുമെന്നാണ്. 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ദൈവപുത്രൻ മറിയയിൽനിന്ന് ജനിക്കുമെന്നല്ല പറയുന്നത്; ജനിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. വിളിക്കപ്പെടുമെന്നത് ഭാവീകമാണ്; അതിനാൽ അതൊരു പ്രവചനമാണ്. ആ പ്രവചനത്തിൻ്റെ നിവൃത്തിയാണ് യേശു ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ സംഭവിച്ചത്. 

4. ദൈവത്തിൻ്റെ പ്രകൃതി: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ‘അവരെ എന്നല്ല; അവനെ നമസ്കരിക്കുന്നവർ’ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. ദൈവംതന്നെ ഏകാത്മാവായിരിക്കെ, ദൈവവും ദൈവത്തിൻ്റെ ആത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ദൈവം ഏകാത്മാവും ഏകവ്യക്തിയുമല്ലെങ്കിൽ; താഴെപ്പറയുന്ന ആത്മാക്കളൊക്കെ ആരുടെയാണ്, ഏതൊക്കെയാണ്, എന്തൊക്കെയാണെന്ന് ആര് മറുപടി പറയും? ദൈവത്തിൻ്റെ ആത്മാവ് (ഉല്പ, 1:2); യഹോവയുടെ ആത്മാവ് (ന്യായാ, 3:10); യഹോവയായ കർത്താവിൻ്റെ ആത്മാവ് (യെശ, 61:1). പിതാവിൻ്റെ ആത്മാവ് (മത്താ, 10:20); കർത്താവിൻ്റെ ആത്മാവ് (പ്രവൃ, 5:9); ജീവനുള്ള ദൈവത്തിൻ്റെ ആത്മാവ് (2കൊരി, 3:3); യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:9); കർത്താവിന്റെ ആത്മാവ് (2കൊരി, 3:17); ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9); യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7); പുത്രൻ്റെ ആത്മാവ് (ഗലാ, 4:6); ആത്മാവ് (മത്താ, 4:1); പരിശുദ്ധാത്മാവ് (മത്താ, 12:32); നിത്യാത്മാവ് (എബ്രാ, 9:14); കൃപയുടെ ആത്മാവ് (എബ്രാ, 10:29), ഏഴാത്മാക്കൾ (വെളി, 1:4; 4:5). 

5. ദൈവത്തിൻ്റെ ആത്മാവ്: ദൈവം ഏകാത്മാവായിരിക്കെ, ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. അതായത്, ദൈവം തന്നെയാണ് പരിശുദ്ധാത്മാവായും ശക്തിയായും പ്രവർത്തിക്കുന്നത്. ഗബ്രിയേൽ ദൂതൻ മറിയയോട് പറയുന്നത് നോക്കുക: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെ ആത്മാവും ശക്തിയും ഒന്നുതന്നെയാണെന്ന് കാണാൻ കഴിയും. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വ്യതിരിക്തനാണെങ്കിൽ, അത്യുന്നതൻ്റെ ശക്തി ആരാണെന്ന് പറയും? അടുത്തത്; യേശു ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് മത്തായിയിൽ പറയുന്നു: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (12:28). എന്നാൽ ലൂക്കൊസിലാകട്ടെ, അത്ഭുതങ്ങൾ നടന്നത് കർത്താവിൻ്റെ ശക്തിയാലാണെന്നും പറയുന്നു: “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.” (ലൂക്കോ, 5:17). ദൈവത്തിൻ്റെ ആത്മാവും ശക്തിയും ഒന്നാണെന്ന് ഇവിടെയും വ്യക്തമല്ലേ? “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29).

6. ദൈവവും ആത്മാവും: ഇയ്യോബിൽ ദൈവത്തിൻ്റെ ആത്മാവിനെയും ശ്വാസത്തെയും ഒന്നായി പറഞ്ഞിട്ടുണ്ട്: “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.” (33:4). ഇവിടെ ദൈവവും സർവ്വശക്തനും ഒരാളായിരിക്കുന്നതുപോലെ ദൈവത്തിൻ്റെ ശ്വാസവും ആത്മാവും ഒന്നുതന്നെയാണ്. അതിനാൽ, ദൈവം സൃഷ്ടിച്ചുവെന്ന് പറയുന്നതും ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചുവെന്ന് പറയുന്നതും ഒന്നുതന്നെയാണ്. ഉല്പത്തിയിൽ യഹോവയായ ദൈവമാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്. (ഉല്പ,1:27). ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയതും യഹോവയാണ്. (ഉല്പ, 2:7). യഹോവ സൃഷ്ടിച്ചുവെന്ന് പറയുന്നതും ആത്മാവ് സൃഷ്ടിച്ചുവെന്ന് പറയുന്നതും, അത്യുന്നതൻ്റെ ശ്വാസം ജീവനെത്തന്നു എന്നൊക്കെ പറയുന്നത് ഒരേ കാര്യത്തിൻ്റെ വ്യത്യസ്ത പ്രയോഗങ്ങളാണെന്ന് മനസ്സിലാക്കാം. പരിശുദ്ധൻ (Holy One) എന്നത് ദൈവത്തിന്റെ ഉപനാമമാണ്. ആത്മാവായ ദൈവം തന്നെയാണ് പരിശുദ്ധ (Holy) ആത്മാവും (Spirit). അല്ലാതെ മറ്റൊരു വ്യക്തിയല്ല.

7. ദൈവവും പരിശുദ്ധാത്മും ശക്തിയും: ദൈവവും ദൈവത്തിൻ്റെ പരിശുദ്ധാത്മാവും ദൈവത്തിൻ്റെ ശക്തിയും വ്യത്യസ്തരല്ല; ഏക വ്യക്തിയാണെന്നതിനും തെളിവുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ‘ദൈവം യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ടു ദൈവം അവനോടു കൂടെയിരുന്നു’ എന്നാണ്. അഭിഷേകം ചെയ്തത് പരിശുദ്ധാത്മാവിനാലും ശക്തിയാലും; കൂടെയിരുന്നത് ദൈവം തന്നെയാണ്. പരിശുദ്ധാത്മാവിനെയും ശക്തിയെയും പിന്നെങ്ങനെ ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയും. പിരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വ്യതിരിക്തനായ വ്യക്തിയാണെന്നു വന്നാൽ; ശക്തിയും അതുപോലെ മറ്റൊരു വ്യക്തിയായി മാറില്ലേ? ദൈവത്തിൻ്റെ പരിശുദ്ധാത്മാവും ദൈവം തന്നെയാണ്; ശക്തിയും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തിയെയും ആത്മാവിനെയും വേർതിരിച്ച് പറഞ്ഞിരിക്കുന്നു എന്നുമാത്രം. എന്നാൽ ആത്മാവും ശക്തിയും ഒന്നാണെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിലും കണ്ടതാണ്. (മത്താ, 12:28; ലൂക്കോ, 5:17). 

8. യഹോവ, വചനം, ആത്മാവ്, ജ്ഞാനം, ഭുജം, ശക്തി, വിവേകം: ആദിയിൽ സകലവും സൃഷ്ടിച്ചത് യഹോവയാണ്. (ഉല്പ, 2:4, 7; പുറ, 20:11). അപ്പോൾത്തന്നെ യഹോവയുടെ വചനത്താൽ സൃഷ്ടിച്ചു: (സങ്കീ, 33:6; യോഹ, 1:3). യഹോവയുടെ ആത്മാവ് സൃഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 33:6; 104:30). യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12). യഹോവയുട ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; 32:17). യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12). യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു: (യിരെ, 10:12; 51:15) എന്നിങ്ങനെയും കാണുന്നു. മാത്രമല്ല യഹോവ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് അനവധി വാക്യങ്ങൾ വേറെയുമുണ്ട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24. നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16). യഹോവ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ദൈവത്തിൻ്റെ വചനത്തിൽ ആവർത്തിച്ചു പറഞ്ഞിരിക്കേ, യഹോവയും വചനവും ആത്മാവും ജ്ഞാനവും ഭുജവും ശക്തിയും വിവേകവും വ്യതിരിക്ത വ്യക്തികളാണെന്നും അവർ വേറെവേറെ ആകാശഭൂമികൾ സൃഷ്ടിച്ചുവെന്ന് ആരെങ്കിലും പറയുമോ? യഹോവ സൃഷ്ടിച്ചുവെന്ന് പറയുന്നതിൻ്റെ വ്യത്യസ്ത പ്രയോഗങ്ങളാണ് മറ്റുള്ളവ; അല്ലാതെ, വ്യത്യസ്ത വ്യക്തികളല്ല. ദൈവത്തിൻ്റെ വചനത്തെയും ആത്മാവിനെയും വ്യത്യസ്ത വ്യക്തികളും ദൈവങ്ങളും ആക്കിയത് ബൈബിളില്ല; നിഖ്യാ സുന്നഹദോസാണ്.

9. പിതാവും പരിശുദ്ധാത്മാവും: പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്നതിൻ്റെ ഒരു സുപ്രധാന തെളിവുകൂടിയുണ്ട്: ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും ക്രിസ്തു പറഞ്ഞു. (മത്താ, 12:28. ഒ.നോ: പ്രവൃ, 10:38; മർക്കൊ, 3:29; ലൂക്കൊ, 12:10). കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹ, 8:29). “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല താനും.” (യോഹ, 16:32). “രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.” (യോഹ, 8:17,18). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസും പറയുന്നത് പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നാണ്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. ഒന്നുകൂടി പറഞ്ഞാൽ, ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരാളുതന്നെയാണ്. തന്മൂലം, യോർദ്ദാനിലെ സ്നാനക്കടവിൽ ഉണ്ടായിരുന്നത്: ദൈവാത്മാവായ ദൈവവും പരിശുദ്ധ മനുഷ്യനായ യേശുവുമാണ്. പിതാവെന്ന് അവിടെ പേർപോലും പറഞ്ഞിട്ടില്ലെന്നും കുറിക്കൊള്ളുക.

10. പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം: ഇനിയുമൊരു പ്രധാനപ്പെട്ട തെളിവു കൂടിയുണ്ട്. സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വാക്യവും ചേർത്ത് ചിന്തിക്കുക.

11. യേശുവിൻ്റെ പിതാവു: ദൈവത്തിൻ്റെ വചനമായ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന മേല്പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായി പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പറയുന്നവർ, താഴെപ്പറയുന്ന കാര്യത്തിന് എന്ത് സമാധാനം പറയും: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:15). പരിശുദ്ധാത്മാവിനാലാണ് മറിയ ഗർഭിണിയായതും, യേശുവെന്ന പരിശുദ്ധശിശു ജനിച്ചതും. പിതാവിന് യേശുവിൻ്റെ ജനനത്തിൽ എന്തെങ്കിലും പങ്കുള്ളതായി മറ്റൊരിടത്തും എഴുതിയിട്ടുമില്ല. ജനിപ്പിക്കുന്നവനെയാണ് പിതാവെന്ന് വിളിക്കുന്നത്. ആനിലയ്ക്ക് പരിശുദ്ധാത്മാവാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ പിതാവ്. പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും പിതാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന് വരില്ലേ? അല്ലെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ ശരിക്കും പിതാവല്ല പിതാവ്; പിതാവെന്ന് പറഞ്ഞിട്ടില്ലാത്ത പരിശുദ്ധാത്മാണ് പിതാവെന്ന് പറയുമോ? എന്തൊരു മാരക ഉപദേശമാണ് ത്രിത്വം. ദൈവത്തെ ഇത്രയേറെ വികൃതമായി ചിത്രീകരിച്ചിരിക്കുന്ന പൈശാചിക ഉപദേശം ലോകത്തിനി ഉണ്ടാകാനില്ല. ഏകസത്യദൈവമെന്നല്ലാതെ, ത്രിത്വമെന്നോ, ത്രിയേകത്വമെന്നോ, മൂന്നു വ്യക്തിയെന്നോ ബൈബിളല്ല പഠിപ്പിച്ചത്; ദൈവശാസ്ത്രമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന അബദ്ധശാസ്ത്രമാണ്. ഇത്രയേറെ കുനുഷ്ഠുപിടിച്ച ഈ ഉപദേശം ദൈവത്തെയും അവൻ്റെ സത്യവചനത്തെയും ലോകത്തിനു മുമ്പിൽ അപഹാസ്യമാക്കിയെന്നല്ലാതെ, മറ്റൊരു പ്രയോജനവും ചെയ്തിട്ടില്ല.

12. യേശുവെന്ന പരിശുദ്ധമനുഷ്യൻ: പിതാവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; ഒരു വ്യക്തിയാണെങ്കിലും, പുത്രനെയും ചേർത്ത് രണ്ട് വ്യക്തി യോർദ്ദാനിൽ ഉണ്ടല്ലോ; അപ്പോഴും ദൈവത്തിനു ബഹുത്വമുണ്ടല്ലോന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട. യേശു ജഡത്തിൽ ദൈവം അല്ലായിരുന്നു. (യോഹ, 1:1). “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). യേശു ജഡത്തിൽ പൂർണ്ണമനുഷ്യൻ അഥവാ പരിശുദ്ധമനുഷ്യൻ മാത്രമായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12), മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 59:7-9), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1;32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അബ്രാഹാമിൽ തുടങ്ങിയുള്ള രാജകീയ വംശാവലിയും (മത്താ, 1:16), ആദാം മുതലുള്ള മാനുഷിക വംശാവലിയും (ലൂക്കൊ, 3:23-38) യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന നിത്യപുത്രനെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കുന്ന ദൈവപുത്രൻ്റെ വംശാവലിയോ അല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചുവെന്ന പഠിപ്പിക്കുന്ന ദുരന്ത ഉപദേശമാണ് ത്രിത്വം. ഇനി, സ്വർഗ്ഗത്തിൽ ദൈവത്തിനൊരു നിത്യപുത്രനുണ്ടെങ്കിൽ ആ പുത്രൻ ദൈവം തന്നെ ആയിരിക്കുമല്ലോ. എന്നാൽ ദൈവത്തിന് ‘ഗതിഭേദത്താലുള്ള ആഛാദനമില്ലെന്നു’ ബൈബിൾ പറയുന്നു. (യാക്കോ, 1:17). ദൈവം എന്നും ഒരുപോലെയുള്ളവനാണ്. ദൈവത്തിന് തൻ്റെ സ്വഭാവം ത്യജിക്കാൻ കഴിയാത്തപോലെ (2തിമൊ, 2:13), രൂപവും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 1:17). അപ്പോൾ ദൈവത്തിൻ്റെ നിത്യപുത്രൻ അവതരിച്ചുവെന്ന് പഠിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചു പറയുമ്പോൾ, ആദ്യം പറയുന്നത്. ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുന്നത് ആരാണെന്നാണ്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). ദൈവപുത്രൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യുമെന്നല്ല; യഹോവയായ ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യുമെന്നാണ്. (ഒ.നോ:  മത്താ, 1:22; യെശ, 7:14). അതായത്, ജീവനുള്ള ദൈവമായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് യേശു. പൗലൊസിനു ലഭിച്ച ദൈവഭക്തിയുടെ മർമ്മം അഥവാ ആരാധനാ രഹസ്യത്തിൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ക്യത്യമായി പറഞ്ഞിട്ടുണ്ട്. (1തിമൊ, 3:14-16). (വിശദമായി അറിയാൻ കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

13. വെളിപ്പാടും അവതാരവും: ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന നിത്യപുത്രൻ അവതരിച്ചതാണ് യേശുക്രിസ്തുവെന്ന ദുരുപദേശമാണ്; സത്യദൈവത്തിൻ്റെ പ്രകൃതി അറിയാൻ കഴിയാതെവണ്ണം വിശ്വാസികളുടെ ഹൃദയങ്ങൾ കുരുടാകാനുള്ള ഒരുകാരണം. വെളിപ്പാടും അവതാരവും ഒന്നുതന്നാണെന്നു വിശ്വസിക്കുന്നവരും, വെളിപ്പാടായാലും അവതാരമായാലും ഇപ്പോഴെന്താ കുഴപ്പമെന്ന് ചോദിക്കുന്നവരുമുണ്ട്. സത്യദൈവത്തിന് വെളിപ്പെട് അഥവാ പ്രത്യക്ഷനാകനല്ലാതെ, അവതാരമെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവുപോലും അനേകർക്കില്ല. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം പ്രത്യക്ഷനാകുകയാണ്. പയയനിയമത്തിൽ യഹോവയെന്ന നാമത്തിൽ അനേകർക്ക് വെളിപ്പെട്ടവൻ തന്നെയാണ് പുതിയനിയമത്തിൽ യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടവൻ. (ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരമെന്നാൽ; തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” ജഡത്തിൽ വന്നതിനോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും, പുനരുദ്ധാനശേഷം വന്നത് പതിമൂന്നു പ്രാവശ്യവും, മഹത്വത്തിൽ വരുവാനുള്ളത് പതിനെട്ട് പ്രാവശ്യവും വെളിപ്പാടെന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്.  ഒരിക്കൽപ്പോലും അവതാരം (incarnation) എന്നു പറഞ്ഞിട്ടില്ല. (കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

വെളിപ്പെട്ട ദൈവത്തെ അവതരിച്ച ദൈവമാക്കണമെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തെക്കൂടാതെ ഒരു നിത്യപുത്രൻക്കൂടി ഉണ്ടാകണം. അതാണ് “സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും; പ്രകാശത്തിൽനിന്നുള്ള പ്രകാശവും; സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും; തത്വത്തിൽ പിതാവിനോട് ഏകത്വം ഉള്ളവനുമായ നിഖ്യാവിശ്വാസപ്രമാണത്തിൻ്റെ ഉല്പന്നം.”

അപ്പോസ്തലനായ പൗലോസ് 2കൊരിന്ത്യർ 11:2,3-ൽ സഭയെക്കുറിച്ചുള്ള തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” പൗലൊസിൻ്റെ ഈ ഭയം അസ്ഥാനത്തല്ലെന്ന്; നിഖ്യാ സുന്നഹദോസ് തെളിയിച്ചു. ദൈവം ഒരേയൊരു വ്യക്തിയായിരിക്കെ, ദൈവം ത്രിത്വമാണെന്നും മൂന്ന് വ്യക്തിയാണെന്നും പഠിപ്പിക്കുകവഴി, അല്ഫയും ഒമേഗയും (വെളി, 1:8; 21:6), ആദിയും അന്തവും (വെളി, 21:6; 22:13), ആദ്യനും അന്ത്യനും (വെളി, 1:17; 2:8), ഒന്നാമത്തവനും ഒടുക്കത്തവനും (വെളി, 22:13) എന്നൊക്കെ ബൈബിൾ വിശേഷിപ്പിക്കുന്ന മഹാദൈവമായവൻ ത്രിത്വത്തിൽ രണ്ടാമനായി; ദൈവത്തിനില്ലാത്ത ഒരു നിത്യപുത്രനുണ്ടായി; വെളിപ്പെട്ടവൻ അവതരിച്ചവനായി; മറിയ ദൈവമാതാവും സഹരക്ഷകയുമായി; സഭയുടെ കാന്തനായ ക്രിസ്തു സഭയ്ക്ക് പുറത്തുമായി. അങ്ങനെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു സഭ വഷളായുംപോയി. ഇപ്പോൾ പലർക്കും വേർപെട്ട വിശ്വാസികളെന്ന് പേരുണ്ടെങ്കിലും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം യേശുക്രിസ്തുവാണെന്ന് അറിയാത്ത കാരണത്താൽ മൂവരിൽ ആരെ ആരാധിക്കണം എന്നറിയാതെ, ഇരുട്ടിൽ തപ്പുകയാണ്. പരിശുദ്ധാത്മാവിനെ ആരാധിക്കാനും അവനോട് പ്രാർത്ഥിക്കാനും പറഞ്ഞിട്ടില്ല, പിതാവിനെ പുത്രൻ്റെ നാമത്തിൽ ആരാധിക്കാം; പിതാവിനെ നേരിട്ട് ആരാധിക്കാൻ പാടില്ല; പുത്രനെ ആരാധിക്കാമോന്ന് അറിയത്തില്ല എന്നിങ്ങനെ പരസ്പര വിരുദ്ധമായിട്ടാണ് പണ്ഡിതന്മാർ പുലമ്പുന്നത്. പിതാവാദികൾ, പുത്രവാദികൾ, പരിശുദ്ധാത്മവാദികൾ എന്നിങ്ങനെ നൂറുകണക്കിനു വിഭാഗങ്ങളുമായി; ഉപായിയായ സർപ്പം ജയിച്ചു സഭ തോറ്റു.

യേശുവിൻ്റെ സ്നാനത്തിൽ യോർദ്ദാനിൽ സന്നിഹിതരായവർ മൂന്നുപേരാണ്: പിതാവായ ഏകദൈവം അഥവാ ദൈവാത്മാവ്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ; യോഹന്നാൻ സ്നാപകൻ. അല്ലാതെ, ദൈവത്തിൽ മൂന്നു വ്യക്തികൾ ഉണ്ടെന്നും അവർ സ്നാനക്കടവിൽ സമ്മേളിച്ചു എന്നൊക്കെ പറയുന്ന പൈശാചിക ഉപദേശം കെട്ടിപ്പൂട്ടി പെട്ടിയിൽ വെച്ചോണ്ടാൽ മതി. മേല്പറഞ്ഞ ദൈവവചനസത്യങ്ങൾ ബൈബിളിൽ നിന്ന് പരിശോധിച്ച് ഉറപ്പുവന്നശേഷം മാത്രം വിശ്വസിക്കുക. അതിനായി, ഏകസത്യദൈവമായ യേശുക്രിസ്തു ഓരോരുത്തരെയും സഹായിക്കട്ടെ! 

2 thoughts on “യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും”

 1. പിതാവായ ദൈവം തന്നെയാണ് പുത്രനും.എന്ന് വചനം പറയുന്നു. ഞാനും വിശ്വസിക്കുന്നു
  പക്ഷെ യേശു ക്രൂശിൽ ആരോടാണ് അപേക്ഷിച്ചത്???
  ശിഷ്യൻ മാർ തന്റെ വരവിനെ പറ്റി ചോദിക്കുമ്പോൾ പിതാവല്ലാതെ പുത്രൻ കൂടെ അറിയുന്നില്ല എന്ന് പറയുന്നു.
  ????

  1. യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1;32,35) മനുഷ്യനായി പ്രത്യക്ഷപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒരു പുത്രദൈവം അവതരിച്ചതല്ല ക്രിസ്തു; പിതാവിൻ്റെ വെളിപ്പാടാണ്.തന്മൂലം, ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; പാപമറിയാത്ത ഒരു പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1). അപ്പോൾത്തന്നെ പിതാവായ ദൈവം സ്വർഗ്ഗസിംഹാസനത്തിലുമുണ്ട്. (യോഹ, 3:13). യേശുവെന്ന പരിശുദ്ധമനുഷ്യനാണ് ദൈവത്തോട് പ്രാർത്ഥിച്ചത്.

   ക്രിസ്തു മടങ്ങിവരവിൻ്റെ സമയം അറില്ലെന്ന് പറഞ്ഞതിൻ്റെ കാരണം: യേശു എല്ലാക്കാര്യങ്ങളും ഉപമകളിലൂടെയാണ് സംസാരിച്ചത്. തൻ്റെ പുനരാഗമനം യെഹൂദൻ്റെ വിവാഹത്തോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം ഏഴ് പ്രതിബിംബങ്ങളിലൂടെയാണ് ബൈബിളിൽ പഞ്ഞിരിക്കുന്നത്; അതിലൊന്നാണ് മണവാളനും മണവാട്ടിയും. (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9). യെഹൂദൻ്റെ വിവാഹത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. വധുവിനെ കണ്ടെത്തൽ; വിവാഹനിശ്ചയവും സ്ത്രീധനം കൈമാറലും; വധുവിനെ കൂട്ടിക്കൊണ്ടുപോകലും വിവാഹാഘോഷവും. അതിൽ സഭയോടു ബന്ധത്തിൽ; ആദ്യരണ്ട് ഘട്ടങ്ങൾ കഴിഞ്ഞു: വധുവിനെ കണ്ടെത്തലും (എഫെ, 1:4), വിവാഹനിശ്ചയവും. (2കൊരി, 11:2). ഇനി ബാക്കിയുള്ളത് വധുവിനെ കൂട്ടിക്കൊണ്ടുപോകുക എന്ന ചടങ്ങാണ്. നിശ്ചയം കഴിഞ്ഞ വരനൊരു പണിയുണ്ട്; വധുവിനായി ഭവനമൊരുക്കൽ. (യോഹ, 14:1-3). വധുവിനും ഒരു ജോലിയുണ്ട്: തൻ്റെ ഉടുപ്പ് മലീനമാക്കാതെ വരനെ കാത്തിരിക്കുക. (വെളി, 3:4). നിശ്ചയസമയത്ത് വധുവിനെ എപ്പോൾ കൂട്ടിക്കൊണ്ടുപോകും എന്ന് പറയാറില്ല. വരൻ ഭവനമൊരുക്കിക്കഴിഞ്ഞാൽ പിതാവിനെയാണ് അറിയിക്കുന്നത്. പിതാവാണ് വധുവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള തീയതി നിശ്ചയിക്കുന്നത്. “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃ, 1:7). പിതാവ് നിശ്ചയിക്കുന്ന നിനയാത്ത നാഴികയിലാണ് മണവാളൻ വരുന്നത്. (മത്താ, 25:1-10; മർക്കൊ, 13:34-37). വധു ഉടുപ്പ് മലിനമാകാതെ വരനെ കാത്തിരിക്കാനാണ് സമയം വെളിപ്പെടുത്താത്. (വെളി, 3:4). അല്ലാതെ, യേശുവിന് സമയം അറിയാഞ്ഞിട്ടല്ല.

   കൂടുതൽ അറിയാൻ മറ്റ് ലേഖനങ്ങൾ വായിക്കുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ? എന്ന ലേഖനവും കാണുക.

Leave a Reply

Your email address will not be published.