യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?

യേശുക്രിസ്തു ദൈവപുത്രനാണെന്നുള്ളത് ഒരു സവിശേഷ വെളിപ്പാടൊന്നുമല്ല; ഒരു സാമാന്യ അറിവു മാത്രമാണ്. പുതിയനിയമം ആദ്യമായി വായിക്കുന്ന ഒരു കുട്ടിയോടും ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരാളോടും യേശു ആരാണെന്ന് ചോദിച്ചാൽ “ദൈവപുത്രൻ” എന്നായിരിക്കും മറുപടി. യേശു ദൈവപുത്രനാണെന്നുള്ള ഉത്തരം ശരിയാണ്; അവൻ ദൈവപുത്രനാണെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, “അവൻ സാക്ഷാൽ ദൈവപുത്രനാണോ” എന്നു ചോദിച്ചാൽ, അല്ലെന്നാണ് ഉത്തരം. എന്തെന്നാൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാനങ്ങളിൽ ഒന്നുമാത്രമാണത്. “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച യെഹൂദന്മാരോട് യേശു പറഞ്ഞ ഒരു കാര്യമുണ്ട്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ക്രൈസ്തവരെന്ന് പേരുണ്ടെങ്കിലും ഇന്നും അനേകർക്കും ക്രിസ്തുവിനെ അറിയില്ലെന്നതാണ് വസ്തുത. ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത നാമമാണ് യേശു അഭിധാനമാണ് പുത്രത്വം. അല്ലാതെ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല.

ദൈവപുത്രനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: ഒന്നു; പുതിയനിയമത്തിൽ ദൈവപുത്രൻ (Son of God) എന്ന പ്രയോഗം 65 പ്രാവശ്യമാണുള്ളത്. ഏകജാതനും ആദ്യജാതനും ദൈവപുത്രനെന്നു പരിഗണിച്ചാൽ ആകെ 75 പ്രാവശ്യം ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യപുത്രൻ (Son of Man) എന്ന പ്രയോഗം 89 പ്രാവശ്യമുണ്ട്. യേശു തന്നെത്തന്നെ “ദൈവപുത്രൻ” എന്നു വിശേഷിപ്പിച്ചിരിക്കുന്നത് അഞ്ച് പ്രാവശ്യമാണ്: (യോഹ, 5:25; 9:35; 10:36; 11:4; വെളി, 2:18). എന്നാൽ തന്നെത്തന്നെ മനുഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എൺപത്തിരണ്ട് പ്രാവശ്യമാണ്. ഉദാ: (മത്താ, 8:20; 9:6; 10:23). ദൈവപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നതിലും അധികം പ്രാവശ്യം മനഷ്യപുത്രൻ എന്നു വിശേഷിപ്പിച്ചിരിക്കയാലും യേശു തന്നെത്തന്നെ ദൈവപുത്രനെന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലും അനേകം ഇരട്ടിപ്രാവശ്യം മനുഷ്യപുത്രനെന്നു വിശേഷിപ്പിച്ചിരിക്കയാലും താൻ ഏതെങ്കിലും മനുഷ്യൻ്റെ സാക്ഷാൽ പുത്രനാകുമോ? പിന്നെങ്ങനെ സാക്ഷാൽ ദൈവപുത്രനാകും? ദൈവപുത്രൻ (Son of God) എന്നു എപ്രകാരം പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും പറഞ്ഞിരിക്കുന്നത്. അതിനാൽ യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു നിഷ്പക്ഷനായ ഒരു ബൈബിൾ പഠിതാവും വാദിക്കില്ല. വാദിച്ചാൽ, അതേയർത്ഥത്തിൽ അവനേതോ മനുഷ്യൻ്റെയും പുത്രനാണെന്ന് സമ്മതിക്കുകയും, അവൻ്റെ മാനുഷിക പിതാവിനെ കാണിച്ചുതരികയും വേണം. ചേരുപടി ചേർക്കുക എന്നൊരു തത്വമുണ്ട്; അതെങ്കിലും ഒരു പഠിതാവ് മനസ്സിലാക്കണ്ടേ? അല്ലെങ്കിൽ, യേശു താൻ മനുഷ്യപുത്രനാണെന്ന് 82 പ്രാവശ്യം കള്ളം പറഞ്ഞതാണെന്ന് പറയുമോ? ഒരു കാര്യംകൂടി ഓർക്കുക: ‘യേശു ദൈവപുത്രനെന്ന് വിളിക്കപ്പെടും’ എന്നത് പ്രവചനമായിരുന്നു: (ലൂക്കൊ, 1:32,35). അതിൻ്റെ നിവൃത്തിയാണ് യോർദ്ദാനിൽ സംഭവിച്ചത്: (മത്താ, 3:17). എന്നാൽ അവനെ മനുഷ്യപുത്രനെന്നു വിളിക്കപ്പെടും എന്നത് പ്രവചനത്താൽ സംഭവിച്ചതല്ല; തന്നെത്തന്നെ മനുഷ്യപുത്രനെന്ന് താൻ നേരിട്ട് വിശേഷിപ്പിക്കുകയായിരുന്നു: (മത്താ, 8:20). അതായത്, അവൻ ജനനത്തിൽത്തന്നെ മനുഷ്യപുത്രനായിരുന്നു; എന്നാൽ, ജനനത്തിൽ അവൻ ദൈവപുത്രനായിരുന്നില്ല; മുപ്പത് വർഷമായപ്പോൾ പ്രവചനനിവൃത്തിയിലൂടെയാണ് ദൈവപുത്രനായത്. അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്നു വചനവിരുദ്ധമായി വാദിക്കുന്നവർ ഓർക്കുക; അതിനേക്കാൾ ശക്തമായി അവൻ മനുഷ്യപുത്രനാണെന്ന് തെളിയിക്കാൻ കഴിയും. വചനത്തെ വചനംകൊണ്ടുവേണം വ്യാഖ്യാനിക്കാൻ.

എന്തുകൊണ്ടാണ് യേശുവിനെ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും അഭിന്നമായി വിളിച്ചിരിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ് ക്രൈസ്തവസഭയിലെ 90% പേരും യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നത്. ദൈവപുത്രനും മനുഷ്യപുത്രനുമായ ഒരു വാഗ്ദത്ത സന്തതി ദൈവത്തിനുണ്ട്. ആ സന്തതി യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ അവനാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും മനുഷ്യപുത്രനും. അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും ക്രിസ്തുവിനെ അഭിന്നമായി വിളിച്ചിരിക്കുന്നത്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

രണ്ട്; യേശുവിനെ ദൈവത്തിൻ്റെ “ഏകജാതൻ” എന്നും “ആദ്യജാതൻ” എന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. അഞ്ചുപ്രാവശ്യം ഏകജാതനെന്നും അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും അവനെ വിളിച്ചിട്ടുണ്ട്. ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒറ്റപ്പുത്രൻ എന്നൊക്കെയാണ്. ആദ്യജാതനെന്നാൽ; പല സഹോദരങ്ങളിൽ മൂത്തമകൻ എന്നാണ്. ഏകജാതൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് മനസ്സിലാക്കിയാൽ; അതേയർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ മൂത്തപുത്രനാണെന്നും സമ്മതിക്കണം. അപ്പോഴത് പരസ്പര വിരുദ്ധമാകും. ഒരു മകന് അക്ഷരാർത്ഥത്തിൽ അപ്പൻ്റെ ഏകജാതനും ആദ്യജാതനും ആയിരിക്കാൻ കഴിയില്ലെന്ന വസ്തുതപോലും പലർക്കുമറിയില്ല. അല്ലെങ്കിൽ, യേശു ദൈവത്തിൻ്റെ ഏകജാതനാണെന്നു ഞാൻ വിശ്വസിക്കും; ആദ്യജാതനാണെന്നു വിശ്വസിക്കില്ലെന്നു പറയണം; അതൊരു വിശ്വാസിക്കു പറ്റില്ല, രണ്ടും ഒരുപോലെ വിശ്വസിക്കണമെങ്കിൽ ഏകജാതനെന്നതും ആദ്യജാതനെന്നതും ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനങ്ങൾ അഥവാ സ്ഥാനപ്പേരുകൾ ആണെന്നു മനസ്സിലാക്കണം. (കാണുക: ഏകജാതനും ആദ്യജാതനും)

മൂന്ന്; ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്; ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (മത്താ, 1:25), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). ദൈവത്തിന് അനേകം പുത്രന്മാർ ഉണ്ടെന്നും ക്രിസ്തു അനേകരുടെ പുത്രനാണെന്നും ബൈബിൾ പറയുമ്പോൾ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് നിഷ്പക്ഷനായ ഒരു പഠിതാവിന് പറയാൻ കഴിയുമോ? ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥത്തിൽ എല്ലാവരുടെയും പുത്രനായിരിക്കാൻ കഴിയുന്നത്? ഒരാളെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ അതവൻ്റെ അസ്തിത്വമല്ല, അഭിധാനമാണെന്നല്ലേ മനസ്സിലാക്കേണ്ടത്? അതല്ലേ സത്യസന്ധമായ ബൈബിൾ വ്യാഖ്യാനം? അസ്തിത്വവും അഭിധാനവും വേർതിരിച്ചറിയാത്തതാണ് പലരുടെയും പ്രശ്നം. പ്രാദേശിക സഭകളുടെ അടിമകളായിരിക്കാതെ, ദൈവത്തിൻ്റെ മക്കളായിരുന്ന് അവൻ്റെ വചനം പഠിച്ചാൽ, ദൈവത്തെയും അവൻ്റെ ക്രിസ്തുവിനെയും അറിയാൻ കഴിയും.

നാല്; യേശു ജനിച്ചതും ജീവിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്; അതാണ് സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം. (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷം അഥവാ രക്ഷയാണ്. രക്ഷയും (ലൂക്കൊ, 2:31) രക്ഷയുടെ കൊമ്പും (ലൂക്കൊ, 1:71), രക്ഷാനായകനും (എബ്രാ, 2:10), രക്ഷാപൂർത്തി വരുത്തുന്നവനുമായ (എബ്രാ, 11:40) ക്രിസ്തു, ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായായിരുന്നെങ്കിൽ, സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ക്രിസ്തുവിനെ ദാവീദിൻ്റെ പുത്രനെന്ന് പതിനെട്ട് പ്രാവശ്യം വിളിച്ചിട്ടുമുണ്ട്. പറയുന്നെങ്കിൽ, രക്ഷയുടെ സുവിശേഷത്തിന് ആധാരമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാകയാൽ; അവൻ ദാവീദിൻ്റെ സാക്ഷാൽ പുത്രനാണെന്നല്ലേ പറയേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെന്ന് വിശ്വസിക്കുന്നവർ കുറഞ്ഞപക്ഷം സുവിശേഷമായ ക്രിസ്തുവെങ്ങനെ ദാവീദിൻ്റെ സന്തതിയായി എന്നെങ്കിലും ചിന്തിക്കണ്ടേ? ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും അവൻ്റെ കർത്താവും നിത്യരാജാവുമായ ഒരു ദൈവസന്തതി പഴയനിയമത്തിലുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ മറുവിലയായ മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെട്ടത്: (1തിമൊ, 3:14-16). ഒരുകാര്യം പ്രത്യേകമോർക്കുക: ദൈവപുത്രനെന്ന പദവി ഒരു പ്രവചനനിവൃത്തിയാണ്: (ലൂക്കൊ, 1:32,35; 3:22). എന്നാൽ, അവൻ ജനനത്തിൽത്തന്നെ ദാവീദിൻ്റെ സന്തതിയാണ്: (മത്താ, 1:1; ലൂക്കൊ, 1:32). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി)

അഞ്ച്; ജഡത്തിൽ കേവലം മൂന്നരവർഷമാണ് ദൈവപുത്രൻ എന്ന പദവി ക്രിസ്തുവിന് ഉണ്ടായിരുന്നത്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിലുള്ള പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2കൊരി, 5:21). വിശേഷാൽ മറിയ പ്രസവിച്ച വിശുദ്ധപ്രജ അവളുടെ ആദ്യജാതനായിരുന്നു: (ലൂക്കൊ, 1:35; 2:7). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). യേശു മറിയയുടെ ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ഇവിടെ ചില ചോദ്യങ്ങളുണ്ട്: ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് മറിയയുടെ ഉദരത്തിൽ വന്ന് ജനിച്ചതെങ്കിൽ ദൂതൻ്റെ പ്രവചനത്തിൻ്റെ അർത്ഥമെന്താണ്? ദൂതനറിയില്ലായിരുന്നോ അവൻ മുമ്പെ ദൈവപുത്രനാണെന്ന്? ദൈവപുത്രൻ ആയിരുന്നെങ്കിൽ, ദൈവപുത്രൻ നിൻ്റെ ഉദരത്തിൽനിന്നു ജനിക്കുമെന്നു പറയാതെ; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ ജനിക്കുവാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നു പ്രവചിച്ചതെന്തിനാണ്? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ അഥവാ പിതാവിൻ്റെ സാക്ഷ്യത്തിൻ്റെ അർത്ഥമെന്താണ്? ബൈബിൾ പറയുന്നത് വിശ്വസിക്കണം; അല്ലാതെ, ‘സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്നു ജനിച്ചവനാണ് യേശു’ എന്ന നിഖ്യാവിശ്വാസപ്രമാണം വിശ്വസിച്ചിട്ട് അതിനൊത്തവണ്ണം ബൈബിളിനെ തിരുത്തുകയല്ല വേണ്ടത്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത് അഥവാ അത് വസ്തുതയായി തീരുന്നത്. എന്നുവെച്ചാൽ തൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ മൂന്നരവർഷം മാത്രമാണ് താൻ ക്രിസ്തുവും ദൈവപുത്രനും ആയിരുന്നത്. അവനെങ്ങനെ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ നിത്യപുത്രനാകും?

ആറ്; യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. ഇനി പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം; പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നതെന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്???… അങ്ങനെയൊരു പുത്രൻ ദൈവത്തിനില്ല; അത്രതന്നെ. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നതെന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ???… അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു ഏകജാതനായ പുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും!

ഏഴ്; മറിയയിൽ ജനിക്കുന്നതിനു മുമ്പെ അഥവാ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ലായിരുന്നു എന്നതിൻ്റെ ശക്തമായ മൂന്നു തെളിവുകൾ തരാം: ഒന്ന്; പ്രൊട്ടെവങ്ഗലിയം അഥവാ പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നറിയപ്പെടുന്ന ഒരു വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). സ്ത്രീയുടെ സന്തതിയായി ജനിച്ച യേശുക്രിസ്തുവിൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകരുകയും ചെയ്തു: (എബ്രാ, 2:14,15). യേശു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയാണെങ്കിൽ, സ്ത്രീയുടെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലല്ലോ പറയേണ്ടത്; ദൈവത്തിൻ്റെ സന്തതി സാത്താൻ്റെ തല തകർക്കുമെന്നല്ലേ പറയേണ്ടത്? അതയത്, പ്രഥമസുവിശേഷത്തിൽത്തന്നെ ഭോഷ്ക്കു പറയാൻ കഴിയാത്ത ദേവം ഭോഷ്കു പറഞ്ഞുവെന്നു വരുന്നു. പ്രഥമസുവിശേഷത്തിലും സുവിശേഷത്തിലും ക്രിസ്തു ദൈവത്തിൻ്റെ പുത്രനല്ലെന്നുമോർക്കണം: (ഉല്പ, 3:15; 2തിമൊ, 2:8). രണ്ട്; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു അരുളിച്ചെയ്ത ഒരു കാര്യമുണ്ട്: “ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉല്പ, 18:17). സകലജാതികളും അനുഗ്രഹിക്കപ്പെടേണ്ട അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ ഒരു ക്രിസ്തു പഴയനിയമത്തിലുണ്ട്. ആത്മീയമായി യേശുക്രിസ്തുവിൽ ആണത് നിവൃത്തിയായത് അഥവാ അബ്രാഹാമിൻ്റെ ആത്മികസന്തതിയാണ് യേശുക്രിസ്തു: (ഗലാ, 3:19). ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതിയായിരുന്നെങ്കിൽ, “എൻ്റെ സന്തതി മുഖാന്തരം സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറയാതെ, “നിൻ്റെ സന്തതിയാൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു പറഞ്ഞുകൊണ്ട് ദൈവം തൻ്റെ സ്നേഹിതനോടു സത്യം മറെച്ചുവെക്കുകയല്ലേ ചെയ്തത്? (ഉല്പ, 22:18). ഒപ്പം, ഭോഷ്ക്ക് പറവാൻ കഴിയാത്തവനായ ദൈവം ഭോഷ്ക്കു പറഞ്ഞുവെന്നും വരുന്നു. [കാണുക: വാഗ്ദത്തസന്തതി]. മൂന്ന്; ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ഒരു സ്നേഹിതനോടെന്നപോലെ സംസാരിച്ച മോശെ ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാരിൽനിന്നു ദൈവത്തിൻ്റെ പുത്രനെ നിങ്ങൾക്കു എഴുന്നേല്പിച്ചു തരുമെന്നല്ല; പ്രത്യുത, “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും” എന്നാണ് പറഞ്ഞത്. (ആവ, 18:15,18; പ്രവൃ, 3:22; 7:37). ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, മുഖാമുഖം സംസാരിച്ചിട്ടും മോശെയോടു വസ്തുത വെളിപ്പെടുത്താതെ, “നിന്നെപ്പോലെ ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നു പറയിക്കുകവഴി, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവം മോശെയെക്കൊണ്ടു ഭോഷ്ക്കു പറയിപ്പിച്ചുവോ?

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: യേശു, ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല. “എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത് യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെ കുറിച്ചാണ്. (മത്താ, 3:17; 16:17). യോർദ്ദാനിൽ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28) ശിഷ്യന്മാർ തന്നെയും യേശു ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും ഒക്കെ അറിവുള്ളതാണ്; എന്തെന്നാൽ, ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോൾ ശിഷ്യന്മാർ യേശുവിൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. 

രണ്ടാമത്തെ കാര്യം: മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). അതിനാൽ ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു എന്നതാണ്. എന്തെന്നാൽ ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയോ അഥവാ സാക്ഷാൽ സന്തതിയെയോ, ദൈവത്തിൻ്റെ സാക്ഷാൽ ക്രിസ്തുവിനെയോ അനേകർക്കും അറിയില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ ക്രിസ്തുവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ദൈവം ജാതികൾക്കു പ്രകാശമാക്കിവെച്ചിരുന്നത് യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെയാണ്. (യെശ, 49:6. ഒ.നോ: യെശ, 42:7; 49:9; പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു യേശു പറഞ്ഞതും ഓർക്കുക. (യോഹ, 4:22). ദൈവം തൻ്റെ സന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാൻ ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21; എബ്രാ, 2:14-16). അതായത്, ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം തൻ്റെ സന്തതിക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാലാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 5:17,18; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20). (കാണുക: ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ദൈവഭക്തിയുടെ മർമ്മം: ജഡത്തിൽ അഥവാ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത് (manifestation) “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1876) പരിഭാഷയിലും “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “God was manifest in the flesh” എന്നു KJV-യിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ അത് ശരിയാണെങ്കിലും പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh) എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയത്; അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനവും (ഇയ്യോ, 19:25) “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും” എന്നു സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നതും ഓർക്കുക: (ലൂക്കോ, 1:68). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്; “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). ജഡമായിത്തീർന്ന വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 33:6; 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). അതുകൊണ്ടാണ്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നു യോഹന്നാൻ പറയുന്നത്: (യോഹ, 1:1-3). ക്രിസ്തു ദൈവത്തിൻ്റ വചനം ജഡമായി തീർന്നവൻ അഥവാ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ ഐഹികജീവകാലമൊഴികെ (യോഹ, 1:1), നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30; 14:9). [കാണുക: ദൈവഭക്തിയുടെ മർമ്മം]

അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മരണം വരിച്ചുയിർത്തത് ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ തന്നെയാണ്. (യിരെ, 10:10). അല്ലാതെ, ദൈവത്തിനില്ലാത്ത ഒരു പുത്രനെ ഭൂമിയിലേക്ക് അയക്കുകയല്ല ചെയ്തത്. അബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ് പുതിയനിയമത്തിൽ മനുഷ്യനായി വെളിപ്പെട്ടതും. (ഉല്പ, 18:1-19:1; യോഹ, 8:56). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നീ അഭിധാനങ്ങളിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഈ വസ്തുതയാണ് സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിന് ഒന്നിലധികം ദൈവമോ വ്യക്തിയോ ഇല്ല; ഒരുത്തൻ മാത്രമാണ് ദൈവം: “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

യേശുവെന്ന മനുഷ്യൻ്റെ പദവികൾ: അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആദ്യജാതൻ (റോമ, 8:29), ആദ്യഫലം (1കൊരി, 15:23), ഇടയൻ (യോഹ, 10:2), ഇടയശ്രേഷ്ടൻ (1പത്രൊ, 5:4), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മത്താ, 16;16), ക്രിസ്തു എന്ന രക്ഷിതാവ് (ലൂക്കൊ, 2:11), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ വേര് (വെളി, 22:14), ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (ലൂക്കൊ, 1:32,35), ദൈവപ്രതിമ (2കൊരി, 4:4), ദൈവവചനം (വെളി, 19:13), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പാപികളുടെ സ്നേഹിതൻ (മത്താ, 11:19), പാറ (1കൊരി,10:4), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രിയൻ (മത്താ, 12:17), പ്രവാചകൻ (പ്രവൃ, 3:22), പ്രായശ്ചിത്തം (1യോഹ, 2:2), ഭുജം (യോഹ, 12:38), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1 തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 4:15), മുന്തിരിവള്ളി (യോഹ 15:1), മുള (യെശ,11:1), മൂലക്കല്ല് (എഫെ, 2:20), യാഗം (എഫെ, 5:2), യോസേഫിന്റെ മകൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (തീത്തൊ, 2:12), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 9:29), ലോകരക്ഷിതാവ് (യോഹ, 4:42), വചനം (യോഹ, 1:1), വലിയ ഇടയൻ (എബ്രാ, 13:20), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), സ്ത്രീയുടെ സന്തതി (ഉല്പ, 3:15; ഗലാ, 4:4). മേല്പറഞ്ഞതെല്ലാം യേശുവിൻ്റെ അസ്തിത്വമല്ല; ദൈവം പൂർണ്ണമനുഷ്യനായി വെളിപ്പെട്ടപ്പോൾ എടുത്ത അഭിധാനങ്ങളാണ്. മേല്പറഞ്ഞ ക്രിസ്തുവിൻ്റെ പദവികളിൽ “ദൈവപുത്രൻ” എന്നതുമാത്രം ക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വമാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണെന്ന് വചനവിരുദ്ധമായി ഇനിയും ഒരുത്തൻ വിശ്വസിച്ചാൽ; അവനെ തിരുത്താൻ ദൈവത്തിനുപോലും കഴിയുമെന്ന് തോന്നുന്നില്ല.

ഇനി, മേല്പറഞ്ഞ ബൈബിൾ തെളിവുകളും വസ്തുതകളും എല്ലാം മറന്നുകൊണ്ട് ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടെന്നു ആശെക്കു വിരോധമായി ആശയോടെ നമുക്കു വിശ്വസിക്കാം. അങ്ങനെയെങ്കിൽ ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ദൈവം തന്നെയായിരിക്കുമല്ലോ. എന്നാലത് യഹോവ സമ്മതിക്കുമോ? യഹോവയല്ലാതെ മറ്റൊരു ദൈവമില്ല: “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയ്ക്കു സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6), സദൃശ്യനുമില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവ ഒരുത്തനെയും അറിയുന്നുമില്ല. (യെശ, 43:10). ഇനി, യഹോവയ്ക്കുപോലും അറിയാത്തൊരു പുത്രനാണ് അവനുള്ളതെന്നാണ് നിങ്ങളുടെ വാദമെങ്കിൽ, ഒന്നും പറയാനില്ല; സമ്മതിച്ചിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8,9. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായാണ്. ദാവീദെന്ന മനുഷ്യൻ്റെ സന്തതി ദൈവമാണെന്ന് പറയുന്നവർ; മറിയ ദൈവമാതാവാണെന്ന് കത്തോലിക്കർ വിശ്വസിക്കുമ്പോലെ, ദാവീദ് ദൈവപിതാവാണെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു.

കാണുക:

ഏകസത്യദൈവം

ദൈവം തന്റെ പുത്രനെ അയച്ചു

മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും

Leave a Reply

Your email address will not be published. Required fields are marked *