യിസ്രായേൽ

യിസ്രായേൽ (Israel)

ആധുനിക യിസ്രായേൽ

‘ദൈവത്തിന്റെ പോരാളി’ എന്നർത്ഥം. തിരുവെഴുത്തുകളിൽ ‘യിസ്രായേൽ’ എന്ന നാമത്തിനു നാലു അർത്ഥതലങ്ങളുണ്ട്. 1. യിസ്ഹാക്കിന്റെ പുത്രനായ യാക്കോബ് എന്ന വ്യക്തി. 2. യാക്കോബിന്റെ സന്തതികളായ പന്ത്രണ്ടു ഗോത്രങ്ങൾ. 3. അവിഭക്ത യിസ്രായേൽ. 4. വിഭക്ത യിസ്രായേൽ. 

പെനീയേലിൽ വച്ച് യാക്കോബ് ഒരു രാത്രി ദൈവദൂതനുമായി മല്ലുപിടിച്ചു. അതിൽ യാക്കോബ് ജയിച്ചു. അതിന്റെ ഫലമായി “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്നു യഹോവ പറഞ്ഞു. (ഉല്പ, 32:28). ബേഥേലിൽ വച്ച് യഹോവ വീണ്ടും യാക്കോബിനെ സന്ദർശിച്ചു പറഞ്ഞു; “നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നേ പേരാകേണം എന്നു കല്പിച്ചു അവനു യിസ്രായേൽ എന്നു പേരിട്ടു.” (ഉല്പ, 35:10). അതിനുശേഷം യാക്കോബിനു പകരം യിസ്രായേൽ എന്ന പേര് പഴയനിയമത്തിൽ പ്രചുരമായി പ്രയോഗിച്ചിരിക്കുന്നതു കാണാം. യാക്കോബിന്റെ പ്രന്തണ്ടു പുത്രന്മാരും അക്ഷരാർത്ഥത്തിൽ യിസ്രായേലിന്റെ പുത്രന്മാർ ആണ്. (ഉല്പ, 42:5; 45:21). യാക്കോബിന്റെ പിൻഗാമികൾ യിസ്രായേൽ മക്കൾ (ബെനേ യിസായേൽ) എന്നറിയപ്പെട്ടു. (ഉല്പ, 46:8). യിസ്രായേലിന്റെ പന്ത്രണ്ടു മക്കളിൽ ആരംഭിച്ച ആ രാഷ്ട്രം ‘യിസായേൽ’ (ഉല്പ, 34:7), ‘യിസ്രായേൽ ജനം’ (പുറ, 1:9), ‘യിസ്രായേൽ (12) ഗോത്രങ്ങൾ’ (ഉല്പ, 49:16, 28), ‘യിസ്രായേൽ മക്കൾ’ (ഉല്പ, 32:32) എന്നീ പേരുകളിൽ അറിയിപ്പെട്ടു. ഈജിപ്റ്റിലെ രാജാവായ മെറെൻപ്തായുടെ ലിഖിതമാണ് യിസ്രായേൽ എന്ന രാഷ്ട്രത്തെക്കുറിച്ചു ആദ്യമായി പരാമർശിച്ചിട്ടുള്ള ബാഹ്യരേഖ, ബി.സി. 1230-ലേതാണത്. അടുത്ത പരാമർശം അശ്ശൂർ രാജാവായ ശല്മനേസർ മൂന്നാമന്റെ ലിഖിതത്തിലാണ്. (853 ബി.സി). യിസ്രായേൽ രാജാവായ ആഹാബിനെക്കുറിച്ച് അതിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു പ്രശസ്തി ശിലയിൽ (830 ബി.സി) അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്, ‘യിസായേൽ എന്നേക്കുമായി നശിച്ചു.’ 

യിസ്രായേലിന്റെ ആരംഭം: യിസ്രായേലിന്റെ ചരിത്രാരംഭം ഈജിപ്റ്റിൽ നിന്നുള്ള പുറപ്പാടു മുതലാണ്. കനാൻ ദേശത്തു ഭയങ്കരമായ ക്ഷാമം ബാധിച്ചപ്പോൾ ഇടയന്മാരായിരുന്ന അവരുടെ പൂർവ്വപിതാക്കന്മാർ ഭക്ഷണപദാർത്ഥങ്ങൾക്കായി ഈജിപ്റ്റിലേക്കു വരികയും ഗോശെൻ ദേശത്തു പാർപ്പുറപ്പിക്കുകയും ചെയ്തു. ഉദ്ദേശം പത്തു തലമുറകൾ കൊണ്ട് യിസ്രായേൽ മക്കൾ പുരുഷന്മാർ മാത്രം ആറുലക്ഷം ഉൾക്കൊള്ളുന്ന മഹാസമുഹമായി വർദ്ധിച്ചു. (പുറ, 12:37; സംഖ്യാ, 1:46). ഇവരുടെ അമിതമായ വർദ്ധനവു ഭരണാധികാരികളുടെ അസൂയയ്ക്കും ഭയത്തിനും കാരണമായി. അവർ യിസ്രായേല്യരെ വളരെയധികം പീഡിപ്പിക്കുകയും അവരെക്കൊണ്ടു ഊഴിയവേല ചെയ്യിപ്പിക്കുകയും ചെയ്തു. യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു. ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമം ഓർത്തു. (പുറ, 2:24-25). ദൈവം കത്തുന്ന മുൾപ്പടർപ്പിൽ മോശെക്കു പ്രത്യക്ഷനായി യിസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ മോശെയെ നിയോഗിച്ചു. (പുറ, 3:10). പത്തു ബാധകളിലൊടുവിലത്തേതായ കടിഞ്ഞൂൽ സംഹാരത്തിനു ശേഷമാണു കഠിനഹൃദയനായ ഫറവോൻ യിസ്രായേൽ മക്കളെ വിട്ടയച്ചത്. പുറപ്പാടിന്റെ 480-ാം വർഷത്തിലാണ് ശലോമോൻ ദൈവാലയം പണിയുവാൻ തുടങ്ങിയത്. അത് ബി.സി. 966-ലായിരുന്നു. (1രാജാ, 6:1). ഈ കണക്കനുസരിച്ച് പുറപ്പാട് സു. 1446 ബി.സി.യിലായിരിക്കണം. 

മോശെയുടെ നേതൃത്വത്തിൽ അവർ ഈജിപ്റ്റിൽ നിന്നും വളരെ കഷ്ടതകൾ സഹിച്ച് പദയാത്ര ചെയ്തു വാഗ്ദത്ത നാട്ടിലെത്തി. യാത്രാമദ്ധ്യേ സീനായി പർവ്വതത്തിൽ വച്ച് അവർ യഹോവയുമായി കൂടുതൽ അടുത്തു. അപ്പോൾ യഹോവയെ യിസ്രായേൽ ജനത പൂർണ്ണമായി അംഗീകരിച്ചു. യഹോവ യിസ്രായേലുമായി നിയമം ചെയ്തു. അവർക്കു വാഗ്ദത്തം നല്കി. “ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കുകയും ചെയ്താൽ നിങ്ങൾ എനിക്കു സകല ജാതികളിലും വെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിത രാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:5,6). സീനായി പർവ്വത്തിൽ വച്ച് ‘പത്തു കല്പനകൾ’ യിസ്രായേൽ മക്കൾക്കു നല്കി. അന്യദേവന്മാർക്ക് അസ്തിത്വം ഉണ്ടോ ഇല്ലയോ എന്നത് മോശെയുടെയോ അനുയായികളുടെയാ ചിന്തയിൽ സ്ഥാനം പിടിച്ചില്ല. യഹോവയെ പരമോന്നത ദൈവമായി അവർ അംഗീകരിച്ചുകഴിഞ്ഞു. ഇതിനെ ഏകദൈവവിശ്വാസം എന്നു വിളിക്കുന്നു. മോശെ യിസ്രായേലിന്റെ ആദ്യത്തെ നിയമദാതാവു മാത്രമായിരുന്നില്ല. അദ്ദേഹം ഒരു പ്രവാചകനും പുരോഹിതനും രാജാവും ആയിരുന്നു. ജനത്തിന്റെ വ്യവഹാരങ്ങളിൽ മോശെ തീർപ്പു കല്പിച്ചു. മതതത്വങ്ങൾ അവർക്കു വ്യാഖ്യാനിച്ചു മനസ്സിലാക്കിക്കൊടുത്തു. മോശെയുടെ മരണശേഷം അവർ പഴയ അടിമകളെപ്പോലെ ആയിരുന്നില്ല. കനാൻദേശം കീഴടക്കാനും താമസിക്കാനും ശക്തിയാർജ്ജിച്ച ഒരു സൈന്യമായി അവർ മാറിക്കഴിഞ്ഞു. 

യിസ്രായേൽ ജനത കനാൻ ദേശത്ത് എത്തുന്നതിനു മുൻപുതന്നെ അവരുടെ പ്രന്തണ്ടു ഗോത്രങ്ങളും ഒരു സഖ്യത്തിലേർപ്പെട്ടു കഴിഞ്ഞിരുന്നു. അവരുടെ ഉടമ്പടിബദ്ധ ഐക്യത്തിന്റെ അടയാളമാണ് നിയമപെട്ടകം. അവർ ഒരിടത്തു താവളമടിക്കുമ്പോൾ സമാഗമനകൂടാരം പാളയത്തിനു മദ്ധ്യത്തിലായിരിക്കും. നിയമപ്പെട്ടകം സമാഗമനകൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തു സൂക്ഷിച്ചിരുന്നു. കേന്യർ, കെനിസ്യർ, യെരഹ്മെല്യർ മുതലായവരുമായി യിസ്രായേല്യർക്ക് ബന്ധം ഉണ്ടായിരുന്നു. പില്ക്കാലത്തു ഇവരെല്ലാം യെഹൂദാഗോത്രവുമായി ഇഴുകിച്ചേർന്നു. യിസ്രായേല്യർ തലമുറ തലമുറകളായി അമാലേക്യരുമായി ശത്രുതയിലാണ്. ഒരിടത്തു സ്ഥിരമായി താമസിച്ചു കൃഷിചെയ്ത് ജീവിക്കുന്ന കനാന്യരോടുള്ള സഖ്യതയും നാടോടികളായ ഇടയന്മാരോടുള്ള സഖ്യതയും തമ്മിൽ വ്യത്യാസമുണ്ട്. കനാന്യരുടെ കാമപൂരിതമായി അനുഷ്ഠാനങ്ങളോടു കൂടിയ പ്രകൃതിപൂജ യഹോവയുടെ ആരാധനയ്ക്ക് എതിരാണ്. 

മരുഭൂമി പ്രയാണകാലത്തു ‘കാദേശ് ബർന്നേയ’ ആയിരുന്നു അവരുടെ കേന്ദ്രം. ആ പ്രദേശം അവരുടെ വിശുദ്ധമന്ദിര സ്ഥാനവും (പേര് അതു വ്യക്തമാക്കുന്നു) പരാതികൾ കേട്ട് വിധി കല്പിക്കുന്ന സ്ഥലവും (അന്യനാമമായ എൻമിഷ്പാത്ത്) ആയിരുന്നു. അവർ കാദേശ് ബർന്നേയയിൽ നിന്നും യാത്ര തിരിച്ചപ്പോൾ അവരിൽ കുറച്ചുപേർ വടക്കു മധ്യനെഗീവീലേക്കു കടന്നു. എന്നാൽ അധികം പേരും ചാവുകടലിന്റെ തെക്കു കിഴക്കു ഭാഗത്തേക്കു ഏദോമ്യർ, അമ്മോന്യർ, മോവാബ്യർ എന്നിവരുടെ അതിരിലൂടെ കടന്നുപോയി. അകലെ വടക്കു അമോര്യ രാജാക്കന്മാരായ സീഹോന്റെയും ഓഗിന്റെയും സാമ്രാജ്യങ്ങൾ സ്ഥിതിചെയ്തിരുന്നു. സീഹോനും ഓഗും യിസ്രായേല്യരെ എതിർത്തു. എന്നാൽ യിസ്രായേല്യർ അവരെ തോല്പിച്ചു അവരുടെ പ്രദേശങ്ങൾ പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ പില്ക്കാലത്ത് രൂബേൻ, ഗാദ്, പൂർവ്വ മനശ്ശെ എന്നീ പേരുകളിലറിയപ്പെട്ടു. യോർദ്ദാൻ കടക്കുന്നതിനു മുമ്പുതന്നെ യിസ്രായേല്യ സമൂഹത്തിലൊരു ഭാഗം കർഷകരായി മാറിക്കഴിഞ്ഞു. (സംഖ്യാ, 32). ശേഷിച്ച ഗോത്രങ്ങൾക്കു പശ്ചിമ കനാൻ വിഭജിച്ചു നല്കാനുള്ള ക്രമീകരണം മോശൈ ചെയ്തു. (സംഖ്യാ, 33-34). ഇക്കാലത്ത് യിസ്രായേലിനെ ശപിക്കാൻ ബിലെയാമിനെ കൊണ്ടുവന്നപ്പോൾ ബിലെയാം യിസ്രായേലിനെ അനുഗ്രഹിക്കുകയും മശീഹയുടെ ആഗമനത്തെ മുന്നറിയിക്കുകയും ചെയ്തു. “ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽ നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽ നിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.” (സംഖ്യാ, 24:17). അനന്തരം മോശെ തന്റെ പിൻഗാമിയായി യോശുവയെ അഭിഷേകം ചെയ്തു. (സംഖ്യാ, 27:33). നെബോ പർവ്വതത്തിൽ പിസ്ഗാ മുകളിൽ കയറി വാഗ്ദത്തദേശം കണ്ടശേഷം മോശെ മരിച്ചു. യഹോവ അവനെ അടക്കി. (ആവ, 34:5,6). 

കനാൻ ആക്രമണം: യിസ്രായേല്യർ യോർദ്ദാൻ കടന്നതിനുശേഷം യെരീഹോ മതിൽ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം അവർ ആ പ്രദേശത്തിന്റെ ഹൃദയഭാഗത്തേക്കു ചെന്നു. കോട്ടകൾ ഓരോന്നായി അവരുടെ മുമ്പിൽ വീണു. ഈജിപ്റ്റ് കനാന്യരെ സഹായിക്കുവാനുള്ള ഒരു നിലയിലായിരുന്നില്ല. പടിഞ്ഞാറെ തീരത്തുള്ള ഒരു റോഡു മാത്രമെ ഈജിപ്റ്റിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രവുമല്ല, ഫെലിസ്ത്യർ ഈ പ്രദേശത്തു ഈജിപ്ഷ്യൻ ശക്തിയുടെ വളർച്ചയ്ക്ക് വിഘ്നമായി നിലകൊണ്ടു. ദക്ഷിണഭാഗത്ത് ഗിബെയോൻ കീഴടങ്ങുകയും തന്ത്രപൂർവ്വം നാശം ഒഴിവാക്കുകയും ചെയ്തു. (യോശു, 9:15). ഇതിൽ പ്രകോപിതരായ അഞ്ചു രാജാക്കന്മാർ യെരൂശലേം രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേല്യരുടെ തെക്കു ഭാഗത്തേക്കുള്ള നീക്കത്തെ തടഞ്ഞു. തെക്കുള്ള ഗിബെയോന്യരും ഹിവ്യരും യിസ്രായേല്യർക്കു കീഴടങ്ങിയിരുന്നു. യിസ്രായേല്യർ ഈ അഞ്ചു പേരടങ്ങുന്ന സഖ്യത്തെ ബേത്ത്-ഹോരെനിൽ വച്ചു തോല്പിക്കുകയും തെക്കു ഭാഗത്തേക്കുള്ള പാത ആക്രമണകാരികൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. കനാന്യരുടെ തേർപ്പട ഇവരെ തടഞ്ഞുവെങ്കിലും അവർ വേഗം മധ്യദക്ഷിണ മലമ്പ്രദേശങ്ങളും ജെസ്രീൽ സമഭൂമിക്കു വടക്കുള്ള ഗലീലാ പ്രദേശങ്ങളും കീഴടക്കി. യിസ്രായേലിൽ മെഡിറ്ററേനിയൻ മുതൽ യോർദ്ദാൻ വരെയുള്ള കോട്ടകൾ വടക്കുഭാഗത്തു താമസിച്ചിരുന്ന യിസായേല്യ ഗോത്രങ്ങളെ മദ്ധ്യ കനാനിലെ ഗോത്രക്കാരിൽ നിന്നും ഒറ്റപ്പെടുത്തിക്കളഞ്ഞു. ഇരുനൂറു വർഷങ്ങളായി കനാന്യരുടെ അധികാരത്തിലിരുന്ന യെഹൂദയെ യെരുശലേം കോട്ട കെട്ടി മധ്യഭാഗത്തുള്ള ഗോത്രക്കാരിൽ നിന്നും അകറ്റി. യിസ്രായേലിലെ പട്ടാള മേധാവികൾക്കെതിരെ വടക്കും മധ്യഭാഗത്തുള്ളതുമായ ഗോത്രക്കാർ തിരിഞ്ഞു. അവിടെ യുദ്ധം ഉണ്ടായി; പെട്ടെന്നു ഒരു കൊടുങ്കാറ്റടിച്ചു ജലം പൊങ്ങിയതു കൊണ്ട് കനാന്യരുടെ രഥപ്പടയ്ക്ക് യുദ്ധം ചെയ്യാനായില്ല. അങ്ങനെ യിസ്രായേല്യർ കീശോൻ യുദ്ധത്തിൽ വിജയം കൈവരിച്ചു. വടക്കും മധ്യഭാഗത്തും ഉള്ള ഗോത്രക്കാർക്ക് വീണ്ടും വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ യെഹൂദ മറ്റുള്ള ഗോത്രങ്ങളിൽ നിന്നും അകന്നു കിടന്നതുകൊണ്ട് അവരെ ഇതൊന്നും ബാധിച്ചില്ല. 

ന്യായാധിപന്മാർ: കനാന്യരെ പൂർണ്ണമായി നീക്കിക്കളയണം എന്നു യഹോവ യിസ്രായേല്യരോടു കല്പിച്ചിരുന്നു. (ആവ, 7:2). അതനുസരിച്ചു യെഹൂദാമക്കൾ യെരുശലേമിനോടു യുദ്ധം ചെയ്ത നഗരം തീയിട്ടു ചുട്ടുകളഞ്ഞു. (ന്യായാ, 1:8). എഫ്രയീമും പശ്ചിമ മനശ്ശെയും ബേഥേലിനെ നശിപ്പിച്ചു. (ന്യായാ, 1:25). യിസ്രായേല്യർ കനാന്യരെ ഒഴിപ്പിക്കാതെ തങ്ങളുടെ ഇടയിൽ പാർക്കാൻ അനുവദിച്ചു. തത്ഫലമായി യിസ്രായേലിനു പരാജയം നേരിട്ടു തുടങ്ങി. ദാന്യരെ അമോര്യർ താഴ്വരയിലേക്കിറങ്ങാൻ സമ്മതിക്കാതെ മലനാട്ടിൽ ഒതുക്കിക്കളഞ്ഞു. (ന്യായാ, 1:27-34). യഹോവയെ വിട്ടകന്നു അന്യദൈവങ്ങളെ സേവിച്ച യിസ്രായേൽ ജനത്തെ ജാതികൾ ഞെരുക്കി; കവർച്ചക്കാർ അവരെ കൊള്ളയടിച്ചു. ഈ ഘട്ടത്തിൽ അവരെ രക്ഷിക്കാൻ ദൈവം ന്യായാധിപന്മാരെ എഴുന്നേല്പിച്ചു. പതിനാലു ന്യായാധിപന്മാരുടെ കാലം (ന്യായാധിപന്മാരിൽ പ്രന്തണ്ടും 1ശമുവേലിൽ ഏലിയും ശമുവേലും) യിസ്രായേലിന്റെ പിന്മാറ്റത്തിന്റെയും പുന:സ്ഥാപനത്തിന്റെയും കാലമായിരുന്നു. 

ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിനെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ജാതികൾ അനേകമാണ്. പലസ്തീനു വടക്കുള്ള ഹിത്യരും, തെക്കുള്ള മിസ്രയീമ്യരും യിസ്രായേൽ മക്കളെ കഷ്ടപ്പെടുത്തി. യിസ്രായേലിനുണ്ടായ ആദ്യപീഡനം മെസൊപൊത്താമ്യയിലെ രാജാവായി ‘കുശൻ രിശാഥയീമിൽ’ നിന്നായിരുന്നു. ഒത്നീയേൽ കുശൻ രിശാഥയീമിനെ തോല്പിച്ചു. തുടർന്നു നാല്പതു വർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:8-11). മോവാബു രാജാവായ എഗ്ലോനെ യിസ്രായേല്യർ പതിനെട്ടു വർഷം സേവിച്ചു. ഏഹൂദ് മോവാബ്യരിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചു. തുടർന്നു ദേശത്തിനു എൺപതു വർഷം സ്വസ്ഥത ലഭിച്ചു. (ന്യായാ, 3:12-30). സഞ്ചാരജാതികളായ മിദ്യാന്യരും അമാലേക്യരും യിസ്രായേലിനെ കൊള്ളയടിച്ചു. അവരിൽ നിന്ന് യിസ്രായേലിനെ രക്ഷിച്ചതു ഗിദെയോനായിരുന്നു. (ന്യായാ, 6;1-8:35). ഗിദെയോന്റെ മകനായ അബീമേലെക്കു യിസ്രായേലിൽ രാജാവാകാൻ ശ്രമം നടത്തി. തുടർന്നുണ്ടായ കുഴപ്പത്തിൽ നിന്നു മോചനം നല്കിയതു തോലയും യായീരും ആയിരുന്നു. യിസ്രായേൽമക്കൾ യഹോവയ്ക്കു അനിഷ്ടമായതു പ്രവർത്തിച്ചു. ദൈവം അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. അമ്മോന്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും ഉള്ളവരായിരുന്നു. യിഫ്താഹ് അമ്മോന്യരിൽ നിന്നും യിസ്രായേലിനെ വിടുവിച്ചു. 

യിസായേല്യ സ്വാതന്ത്യത്തിനു കഠിനമായ എതിർപ്പു നേരിടേണ്ടി വന്നതു പടിഞ്ഞാറുഭാഗത്തു നിന്നായിരുന്നു. യിസ്രായേല്യർ യോർദ്ദാൻ കടന്നു വളരെക്കാലം കഴിയുന്നതിനു മുൻപ് ഏജിയൻ ദ്വീപിൽ നിന്നും തീരദേശത്തു നിന്നും സമുദ്രജനത കൂട്ടമായി കനാന്റെ പടിഞ്ഞാറെ തീരത്ത് താമസമുറപ്പിക്കുകയും അഞ്ച് നഗരരാഷ്ട്രങ്ങൾ രൂപികരിക്കുകയും ചെയ്തു. അവ അസ്തോദ്, അസ്ക്കെലോൻ, എക്രോൻ, ഗസ്സ, ഗത്ത് എന്നിവയായിരുന്നു. ഈ ഫെലിസ്ത്യർ കനാന്യരുമായി വിവാഹത്തിലേർപ്പെടുകയും ഭാഷയിലും മതത്തിലും അവർ പെട്ടെന്നു കനാന്യരാവുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സൈനിക കാര്യങ്ങളിലും മറ്റും അവർ തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമങ്ങളെ പിൻതുടർന്നു. പഞ്ചനഗരത്തിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞശേഷം അവർ തങ്ങളുടെ അധികാരം യിസ്രായേലിന്റെ കൈവശത്തുള്ള പ്രദേശത്തു കൂടെ വ്യാപിപ്പിക്കുവാൻ ശ്രമിച്ചു. യിസ്രായേല്യർ സൈനിക ബലത്തിൽ പിന്നോക്കമായിരുന്നു. ഫെലിസ്ത്യർക്ക് ഇരുമ്പായുധങ്ങൾ നിർമ്മിക്കാൻ അറിയാമായിരുന്നു. അത് അവരുടെ കുത്തകയായി നിലനിന്നു. യിസ്രായേല്യർ കൃഷി ചെയ്യുന്നതിനു ഇരുമ്പായുധങ്ങൾ ഉപയോഗിക്കുമ്പോൾ ഫെലിസ്ത്യർ പറയുമായിരുന്നു; “നിങ്ങൾ ഞങ്ങളുടെ കൊല്ലന്മാരുടെ അടുക്കൽ ആയുധങ്ങൾ മൂർച്ച കൂട്ടാനായി വരേണ്ടിവരും.” യിസ്രായേല്യർക്കു ആയുധങ്ങൾ മൂർച്ചകൂട്ടാനറിഞ്ഞുകൂടായിരുന്നു. 

ജെസ്രീൽ മുതൽ യോർദ്ദാൻ വരെ ഫെലിസ്ത്യർ തങ്ങളുടെ സാമാജ്യം വികസിപ്പിച്ചു. അവരുടെ അധികാരം യിസ്രായേല്യരുടെ അസ്തിത്വത്തിനു ഭീഷണിയായില്ലങ്കിലും അവരുടെ ദേശീയതയെ ബാധിച്ചു. എഫ്രയീമിലെ ശീലോവിലായിരുന്നു വിശുദ്ധമന്ദിരം. അവിടെ നിയമപ്പെട്ടകം സൂക്ഷിച്ചിരുന്നു. അഹരോന്റെ വംശാവലിയിൽപ്പെട്ടവർ ഇവിടെ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചിരുന്നു. ഫെലിസ്ത്യരോട് യുദ്ധം ഉണ്ടായപ്പോൾ യിസ്രായേല്യർ വിജയത്തിനായി നിയമപ്പെട്ടകം കൊണ്ടുവന്നു. ഈ യുദ്ധത്തിൽ ഏലിയും പുത്രന്മാരും മരിച്ചു. നിയമപ്പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുക്കുകയും ശീലോവും വിശുദ്ധമന്ദിരവും നശിപ്പിക്കുകയും ചെയ്തു. പൗരോഹിത്യം തുടച്ചു നീക്കപ്പെട്ടു (സു. 1050 ബി.സി). യിസ്രായേൽ ഗോത്രങ്ങളെ ഒരുമിച്ചു നിറുത്തിയിരുന്ന ദൃശ്യബന്ധങ്ങളെല്ലാം അപ്രത്യക്ഷമായി; അതോടൊപ്പം അവരുടെ രാഷ്ട്രീയ ഐക്യവും. എന്നാൽ യിസ്രായേലിന്റെ ഏറ്റവും വലിയ നായകനായ ശമൂവേലിന്റെ ഇടപെടൽ മൂലം അവരുടെ രാഷ്ട്രീയ ഐക്യം കൂടുതൽ കരുത്തുറ്റതായിത്തീർന്നു. മോശയെപ്പോലെ ശമൂവേലും ഒരു പ്രവാചകനും പുരോഹിതനും ന്യായാധിപനുമായിരുന്നു. അദ്ദേഹം യിസ്രായേൽ ജനത്തെ യഹോവയോടടുപ്പിച്ചു. ഏബനേസറിൽ വച്ചു നടന്ന രണ്ടാമത്തെ യുദ്ധത്തിൽ ശമുവേൽ പ്രവാചകൻ ഫെലിസ്ത്യരെ നിശ്ശേഷം പരാജയപ്പെടുത്തി. (1ശമൂ, 7:6-13). അനന്തരം ശമൂവേൽ പ്രവാചകൻ ന്യായാധിപന്റെ അധികാരങ്ങൾ പലതും അഴിമതിക്കാരായ പുത്രന്മാർക്കു നല്കി. (1ശമൂ, 8:3). വീണ്ടും ഫെലിസ്ത്യർ ക്രൂരന്മാരായി രംഗപ്രവേശം ചെയ്തു. അവർ അസംഘടിതരായ യിസ്രായേൽ ജനത്തെ കീഴടക്കാൻ ശ്രമിച്ചു. 

ഐക്യയിസ്രായേൽ: ശമൂവേൽ പ്രവാചകൻ വൃദ്ധനായപ്പോൾ അനന്തരാവകാശിയെ കുറിച്ചുള്ള പ്രശ്നമുയർന്നു. ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. തങ്ങളുടെ യുദ്ധം ചെയ്യേണ്ടതിനു മറ്റു ജാതികൾക്കുള്ളതുപോലെ ഒരു രാജാവിനെ അവർ ആവശ്യപ്പെട്ടു. (1ശമൂ, 8:5, 20). ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ശമൂവേലിനെ അധികാരപ്പെടുത്തി. (1ശമൂ, 8:22; 10:10). ശൗലിന്റെ രാജത്വ സ്ഥീരീകരണത്തിനു മൂന്നു ഘട്ടങ്ങളുണ്ടായിരുന്നു. 1. ശമൂവേൽ പ്രവാചകൻ സ്വകാര്യമായി ശൗലിനെ അഭിഷേകം ചെയ്യുകയും ദൈവത്തിന്റെ ആത്മാവു അവന്റെ മേൽ വരികയും ചെയ്തു. (1ശമൂ, 10:10). 2. മിസ്പയിൽ വച്ചു ശൗലിനെ പരസ്യമായി തിരഞ്ഞെടുത്തു. (1ശമൂ, 10:24). 3. അമ്മോന്യരുടെ ആക്രമണത്തിൽ നിന്നും യാബേശ്-ഗിലെയാദിനെ മോചിപ്പിച്ചതിനുശേഷം ഗില്ഗാലിൽ വച്ചു ശൗലിന്റെ രാജത്വം പൊതുജന സമക്ഷം സ്ഥീരീകരിക്കപ്പെട്ടു. (1ശമൂ, 11). ശൗലിന്റെ നാല്പതു വർഷത്തെ ഭരണത്തിൽ പ്രധാനപ്രശ്നം ഫെലിസ്ത്യരായിരുന്നു. ശമൂവേലിന്റെ പാത പിൻതുടർന്നപ്പോൾ ശൗൽ എല്ലായിടത്തും വിജയം വരിച്ചു. ബെന്യാമീനിലെ ഗിബെയയായിരുന്നു തലസ്ഥാനം. അവിടെനിന്നും ശത്രുക്കളെയെല്ലാം തുരത്തി വീരപരാക്രമം കാട്ടി. (1ശമൂ, 14:47,48). യിസ്രായേലിന്റെ അജയ്യ ശത്രുക്കളായിരുന്ന അമാലേക്യരെ നശിപ്പിക്കണമെന്നു കല്പന കൊടുത്തിട്ടും ശൗൽ അനുസരിക്കാതെ അവരുടെ രാജാവിനെയും ദൈവത്തിനു വഴിപാടു അർപ്പിക്കാനെന്ന വ്യാജേന കൊള്ളയിലെ വിശിഷ്ടവസ്തുക്കളെയും കേടു കൂടാതെ സൂക്ഷിച്ചു. ‘അനുസരിക്കുന്നതു യാഗത്തേക്കാളും നല്ലതു’ എന്നു ശമൂവേൽ വ്യക്തമാക്കി. (1ശമൂ, 15:22). അനുസരണക്കേടു മൂലം രാജത്വത്തിൽ നിന്നും ശൗൽ നിഷ്ക്കാസിതനായി. യിശ്ശായീ പുത്രനായ ദാവീദിനെ ശമൂവേൽ പ്രവാചകൻ രഹസ്യമായി യിസ്രായേൽ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:13). അഭിഷേകം ചെയ്യപ്പെടുമ്പോൾ ദാവീദിനു പതിനഞ്ചു വയസ്സിനടുത്തു പ്രായമേയുള്ളൂ. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ ജയിച്ചതോടുകൂടി ദാവീദു പരക്കെ അറിയപ്പെട്ടു. ശൗലിന്റെ അസൂയ നിമിത്തം കൊട്ടാരം വിട്ടു പോകേണ്ടിവന്ന ദാവീദ് യുദ്ധങ്ങളിൽ പ്രഖ്യാതനായി. രാജാവിന്റെ വൈരം നിമിത്തം ദാവീദും കൂട്ടരും പ്രവാസികളായി. യെഹൂദയിൽ അവർ നിയമ ഭ്രഷ്ടരായി. ഒടുവിൽ ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ശൗൽ ദാവീദിനെ പിന്തുടരുന്ന കാലത്തു ഫെലിസ്ത്യർ യിസ്രായേലിന്റെ മേൽ മൂന്നാമതു ഒരാക്രമണത്തിനു വട്ടം കൂട്ടുകയായിരുന്നു. ബി.സി. 1010-ൽ ഗിൽബോവാ പർവ്വതത്തിൽ വച്ചു നടന്ന യുദ്ധത്തിൽ ശൗൽ ആത്മഹത്യ ചെയ്തു. 

ശൗലിന്റെ മരണത്തെക്കുറിച്ചറിഞ്ഞ ദാവീദ് ഹെബ്രാനിൽ പോയി. അവിടെവെച്ചു ദാവീദ് യെഹൂദാ ഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. (2ശമൂ, 2:4). എന്നാൽ ശൗലിന്റെ അനുകൂലികൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ വടക്കും കിഴക്കുമുള്ള ഗോത്രങ്ങൾക്കു രാജാവാക്കി. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ദാവീദ് വിജയിച്ചു. ഹെബ്രോനിൽവച്ചു ദാവീദിനെ യിസ്രായേൽ ഗോത്രങ്ങളെല്ലാം രാജാവായി അംഗീകരിച്ചു. യിസ്രായേലിൽ നിന്നു ഫെലിസ്ത്യരെ തോല്പിച്ചോടിച്ചതു ദാവീദായിരുന്നു. ദാവീദ് യിസ്രായേലിനു രാജാവായി എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ വന്നു ദാവീദിനെ പിടിപ്പാൻ ശ്രമിച്ചു. ബാൽ-പെരാസീമിൽ വച്ചു ദാവീദ് അവരെ തോല്പിച്ചു. വീണ്ടും ദാവീദ് ഫെലിസ്ത്യരെ തോല്പിക്കുകയും അവരുടെ ഗത്ത് പിടിച്ചെടുക്കുകയും ചെയ്തു. ഭരണത്തിന്റെ ഏഴാം വർഷത്തിൽ ദാവീദ് യെരൂശലേം പിടിച്ചടക്കി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. യെരുശലേം ഒരു മതകേന്ദ്രമായി മാറി. പ്രവാസത്തിൽ നിന്നും നിയമപെട്ടകം തിരികെക്കൊണ്ടു വന്നു സീയോൻ മലയിലെ ആലയത്തിൽ സ്ഥാപിച്ചു. 

കനാൻ ദേശത്തു യിസ്രായേലിന്റെ സ്വാതന്ത്ര്യവും അധികാരവും സ്ഥാപിച്ചശേഷം ദാവീദ് പല പ്രദേശങ്ങളും കീഴടക്കി. ദാവീദിന്റെ സാമ്രാജ്യം ഈജിപ്തിന്റെ അതിർത്തി മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചിരുന്നു. യെരുശലേമിൽ യഹോവയ്ക്ക് ഒരു മന്ദിരം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. അധികം രക്തം ചിന്തിയതു കൊണ്ടു ദൈവാലയം പണിയുവാനുള്ള അധികാരം ദാവീദിനു നല്കിയില്ല. “യഹോവ നിനക്കൊരു ഗൃഹം ഉണ്ടാക്കുമെന്നു” പ്രവാചകൻ ദാവീദിനെ അറിയിച്ചു. (2ശമൂ, 7:11). ദാവീദിന്റെ സന്തതി സ്ഥിരപ്പെടുകയും അവൻ ആലയം പണിയുകയും ചെയ്യുമെന്നു ഉറപ്പു നല്കി. (2ശമൂ, 7:13,14). ദാവീദിന്റെ പില്ക്കാല ജീവിതം ശോഭനമായിരുന്നില്ല. വ്യഭിചാരം, കൊലപാതകം തുടങ്ങിയ പാപങ്ങൾക്കു വിധേയനായ അദ്ദേഹം പുത്രന്മാരെ നിയന്ത്രിച്ചില്ല. ഇവയുടെയൊക്കെയും ഫലം ദാവീദ് അനുഭവിച്ചു. അബ്ശാലോമിന്റെ മത്സരം ഉത്തര യിസ്രായേലും ദക്ഷിണ യെഹൂദയും തമ്മിലുള്ള വൈരം വളർത്തി. (2ശമൂ, 19:41-43). വളരെ വിസ്തൃതമായ സാമ്രാജ്യമാണു ദാവീദ് പുത്രനായ ശലോമോനു കൈമാറിയത്. 

രക്തച്ചൊരിച്ചിലോടു കൂടിയാണ് ശലോമോൻ സിംഹാസനത്തിൽ സ്ഥിരപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ വാഴ്ചക്കാലം സമാധാനപൂർണ്ണവും സംസ്കാരസമ്പന്നവും ആഡംബരഭരവുമായിരുന്നു. നാല്പതു വർഷത്തെ ഭരണത്തിൽ ഒരു യുദ്ധമാണു് ശലോമോനു ചെയ്യേണ്ടിവന്നത്. (2ദിന, 8:3). ഈജിപ്റ്റിലെ ഫറവോനുമായി വിവാഹ ബന്ധത്തിലൂടെ സഖ്യതനേടി. (1രാജാ, 3:1). അനുപമമായ ജ്ഞാനത്തിനു പ്രഖ്യാതി നേടിയ ശലോമോൻ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും മറ്റനേകം കൃതികളും രചിച്ചു. ദാവീദ് സംഭരിച്ചു വച്ചിരുന്ന വസ്തുക്കളുപയോഗിച്ചു മനോഹരമായ യെരുശലേം ദൈവാലയം പണിതു. ദൈവാലയനിർമ്മാണത്തിനും മറ്റു വികസനപദ്ധതികൾക്കും കൊട്ടാരത്തിലെ നിത്യ ചെലവുകൾക്കുമായി രാജ്യത്തു ഭാരിച്ച നികുതി ചുമത്തുകയും നിർബ്ബന്ധമായ ഊഴിയവേല ഏർപ്പെടുത്തുകയും ചെയ്തു. നികുതിപിരിവിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി സാമ്രാജ്യത്തെ 12 ഭരണപരമായ ജില്ലകളായി തിരിച്ചു. നികുതിഭാരം ജനത്തിനു അസഹ്യമായിത്തീർന്നു. ഭരണകാലത്തിന്റെ ഒടുവിൽ ശലോമോനു കീഴടങ്ങിയിരുന്ന പല രാഷ്ട്രങ്ങളും സ്വത്രന്തമായി. ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ആധിക്യം (700 കുലീന പതികൾ + 300 വെപ്പാട്ടികൾ) ശലോമോന്റെ ആത്മിക തകർച്ചയ്ക്ക് കാരണമായി. കൂടിക്കലർച്ച അരുതെന്നു യഹോവ കല്പിച്ചിരുന്ന പരജാതീയരിൽ നിന്നായിരുന്നു ഇവരിലധികവും. ഇക്കാരണത്താൽ ശലോമോന്റെ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുമെന്നു യഹോവ അരുളിച്ചെയ്തു. (1രാജാ, 11:8-12). ബി.സി. 930-ൽ ശലോമോൻ മരിച്ചു. രാജത്വം ഉറപ്പിക്കുവാൻ രെഹബെയാം ശെഖേമിലേക്കു ചെന്നു. ശലോമോന്റെ സേച്ഛാധിപത്യത്തിൽ നിന്നുള്ള വിടുതൽ ജനം ആവശ്യപ്പെട്ടു. രെഹബെയാം അതു നിരസിച്ചപ്പോൾ വടക്കുള്ള പത്തു ഗോത്രങ്ങൾ വേർപെട്ടു എഫ്രയീമ്യനായ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ രാജ്യമായിത്തീർന്നു. (1രാജാ, 12:4). അങ്ങനെ യിസ്രായേൽ തെക്ക് യെഹൂദാ എന്ന പേരിലും വടക്കു യിസ്രായേൽ എന്ന പേരിലും രണ്ടു രാജ്യങ്ങളായി. ദാവീദിന്റെയും ശലോമോന്റെയും പിൻഗാമികൾ യെരുശലേം തലസ്ഥാനമാക്കി യെഹൂദാ ഭരിച്ചു.

വിഭക്തയിസായേൽ: യിസ്രായേലിലെ പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ കീഴിൽ യിസ്രായേൽ എന്നും തെക്കുള്ള രണ്ടു ഗോത്രങ്ങൾ (യെഹൂദയും ബെന്യാമീനും) യെഹൂദയെന്നും അറിയപ്പെട്ടു. യെഹൂദ മൂന്നുറ്റി അമ്പതോളം വർഷം (സു. 931-586 ബി.സി) നിലനിന്നു. ദാവീദിന്റെ വംശമാണു യെഹൂദയെ ഭരിച്ചത്. ഭൂവിസ്തൃതി, ഫലപുഷ്ടി, വിദേശവാണിജ്യ ബന്ധങ്ങൾ എന്നിവകളാൽ അനുഗൃഹീതമായിരുന്നു ഉത്തരയിസ്രായേൽ. എന്നാൽ സമ്പത്തിന്റെ ആധിക്യം അവരെ യഹോവയിൽ നിന്നകറ്റി. ഭരണത്തിന്റെ അസ്ഥിരതയായിരുന്നു യിസ്രായേലിനെ ബാധിച്ച ഏറ്റവും വലിയ പ്രശ്നം. വെറും 210 വർഷം (സു. 931-722 ബി.സി) നിലനിന്ന യിസ്രായേലിനെ ഭരിച്ചതു ഒമ്പതു രാജവംശങ്ങളാണ്. പത്തൊമ്പതു രാജാക്കന്മാർ യിസ്രായേലിനെ ഭരിച്ചപ്പോൾ ഇരുപതു രാജാക്കന്മാരാണ് യെഹൂദയെ ഭരിച്ചത്. ഒരു നല്ല രാജാവിനെ എടുത്തു കാണിക്കുവാൻ യിസ്രായേലിൽ ഇല്ലെന്നു തന്നെ പറയാം. ഏറ്റവുമധികം ദുഷ്ടത പ്രവർത്തിച്ച രാജാവായി ചിരപ്രതിഷ്ഠ നേടിയ നാമം ആഹാബിന്റേതാണ്.  

വിഭക്ത യിസ്രായേലിന്റെ സ്ഥാപകനായ യൊരോബെയാം ദാനിനെയും (വടക്കെ അറ്റം) ബേഥേലിനെയും (യെഹുദയുടെ അതിരിനടുത്ത്) ദേശീയ പ്രാധാന്യമുള്ള വിശുദ്ധമന്ദിര സ്ഥാനങ്ങളാക്കി മാറ്റി. ബേഥേലിലും ദാനിലും യൊരോബെയാം രണ്ടു സ്വർണ്ണ കാളക്കുട്ടികളെ ഉണ്ടാക്കി പ്രതിഷ്ഠിക്കുകയും യഹോവയ്ക്കു പകരം അവയെ ആരാധിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. യഹോവയുടെ അദൃശ്യ സിംഹാസനത്തിന്റെ ദൃശ്യപാദങ്ങളായിട്ടാണു ഈ കാളക്കുട്ടികളെ വിഭാവനം ചെയ്തത്. യെരുശലേം ദൈവാലയത്തിലെ സ്വർണ്ണ കെരൂബുകളുടെ സ്ഥാനമായിരുന്നു ഇവയ്ക്ക്. യൊരോബെയാമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ മിസ്രയീമ്യർ ശീശക്കിന്റെ നേതൃത്വത്തിൽ രണ്ടു എബ്രായ സാമ്രാജ്യങ്ങളെയും ആക്രമിച്ചു. തെക്കുഭാഗത്തുള്ള യെഹൂദയാണ് ഏറെ പീഡിപ്പിക്കപ്പെട്ടതാ. അതിനാൽ ദാവീദ് വംശം തങ്ങൾക്കു നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചെടുക്കുമെന്നു യിസ്രായേല്യർക്കു ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. അനന്തരം യൊരോബെയാം രെഹബെയാമിന്റെ പുത്രനായ അബീയാമിനെ ആക്രമിച്ചു. യെഹൂദ്യർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയം പ്രാപിച്ചു. (2ദിന, 13:18). എന്നാൽ ഉത്തര ഭാഗത്തു നിന്നു ഒരു കഠിനഭീഷണി ഉയർന്നു. ശലോമോന്റെ വാഴ്ചക്കാലത്തു സ്ഥാപിതമായ ദമ്മേശെക്കിലെ അരാമ്യ സാമ്രാജ്യമായിരുന്നു ആ ഭീഷണി. അവർ യിസ്രായേലിന്റെ പ്രദേശങ്ങൾ ആക്രമിക്കാൻ തുടങ്ങി. അരാമും യിസ്രായേലും തമ്മിൽ നൂറുവർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ തുടക്കം ഇതായിരുന്നു. ഈ യുദ്ധം യിസ്രായേലിനെ നിരാശയിലാഴ്ത്തി. 

രാജവംശത്തിലുണ്ടായ മാറ്റങ്ങളും മറ്റു വിപ്ലവങ്ങളും യിസ്രായേല്യരുടെ സുരക്ഷ വിഷമത്തിലാക്കി. ഒമ്രിയും (880 ബി.സി), യേഹൂവും (841 ബി.സി) സ്ഥാപിച്ച രണ്ടു രാജവംശങ്ങൾ മാത്രമാണ് രണ്ടു തലമുറയിലധികം നിലനിന്നത്. യൊരോബെയാമിന്റെ മകൻ അധികാരം ഏറ്റെടുത്തതിന് അടുത്തവർഷം അദ്ദേഹത്തിന്റെ പട്ടാള മേധാവിയായ ബയെശ നാദാബിനെ വധിച്ചു. ബയെശ ഇരുപതു വർഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ മകനും യൊരോബെയാമിന്റെ മകനെപ്പോലെ മരിച്ചു. തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ഒമ്രി വിജയിയായി. 

ഒമ്രി ശമര്യയെ പുതിയ തലസ്ഥാനമാക്കി ഭരണം തുടങ്ങി. ചാവുകടലിനു കിഴക്കുള്ള മോവാബിനെ കീഴടക്കി ഒമ്രി തന്റെ നില ഭദ്രമാക്കി. ഫിനീഷ്യയുമായി സാമ്പത്തിക ബന്ധത്തിലേർപ്പെട്ടു. ഒമ്രിയുടെ മകൻ ആഹാബ് ഫിനീഷ്യൻ രാജകുമാരിയായ ഈസേബലിനെ വിവാഹം കഴിച്ചു. അയാൾ യെഹൂദയുമായി സൗഹൃദം പുലർത്തി. ഒമ്രിയുടെ രാജവംശം നിലനിന്ന കാലം മുഴുവനും അവർക്കു തമ്മിൽ ശത്രുത്വം ഇല്ലാതിരുന്നു. ഫിനീഷ്യയുമായുള്ള ബന്ധം വാണിജ്യപരമായ പല നേട്ടങ്ങൾക്കും കാരണമായി. എന്നാൽ അതു യിസ്രായേലിൽ ബാൽ വിഗ്രഹാരാധന വളർത്തി. അതിനു പ്രധാന പങ്കു വഹിച്ചതാ ആഹാബിന്റെ ഭാര്യയായ ഈസേബൈൽ ആയിരുന്നു. ഇക്കാലത്തു യഹോവയുടെ ആരാധനയ്ക്കു വേണ്ടി ജീവന്മരണപോരാട്ടം നടത്തിയ നേതാവായിരുന്നു ഏലീയാ പ്രവാചകൻ. ഒമ്രിയുടെ രാജവംശത്തിനു വരാനിരുന്ന നാശത്തെക്കുറിച്ചു അദ്ദേഹം മുന്നറിയിപ്പു നല്കി. ഒമ്രിയുടെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും കാലത്തു ദമ്മേശെക്കുമായുള്ള യുദ്ധം തുടർന്നു. അശ്ശൂർ രാജാവായ ശല്മനേസ്സർ മൂന്നാമന്റെ ആക്രമണത്തെ ചെറുത്തുനില്ക്കാനായി ആഹാബിന്റെ കാലത്തു യിസ്രായേലിലെയും ദമ്മേശെക്കിലെയും മറ്റു അയൽ രാജ്യങ്ങളിലെയും രാജാക്കന്മാർ ഒരു സൈനികസഖ്യം രൂപീകരിച്ചു. ഓറന്റീസിലെ കാർക്കാർ എന്ന സ്ഥലത്തു വച്ചുണ്ടായ യുദ്ധത്തിൽ (ബി.സി. 853) അശ്ശൂർ രാജാവിനെ അവർ തോല്പ്പിച്ചു. പിന്നീടു 12 വർഷം അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ആക്രമിച്ചില്ല. എന്നാൽ അശ്ശൂർ രാജാവു പിന്മാറിയപ്പോൾ ഇവരുടെ സഖ്യം തകരുകയും യിസ്രായേലും ദമ്മേശെക്കും തമ്മിലുള്ള ശത്രുത്വം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. യെഹോശാഫാത്ത് രാജാവു ആഹാബിന്റെ പുത്രിയായ അഥല്യയെ തന്റെ മകനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ഇതു യഹോവയ്ക്കു പ്രസാദമായിരുന്നില്ല. (1ദിന, 19:2). രാമോത്ത്-ഗിലെയാദിൽ വച്ചു ആഹാബിന്റെ പക്ഷം ചേർന്നുള്ള യുദ്ധത്തിൽ യെഹോശാഫാത്ത് മരിക്കേണ്ടിയിരുന്നു. (1രാജാ, 22:32-35). അഹസ്യാവിനോടു സഖ്യം ചെയ്തതുകൊണ്ടു യെഹോശാഫാത്തിന്റെ കപ്പൽപ്പണികൾ തകർന്നു. (2ദിന, 20:35-37). മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. (2രാജാ, 1:1). യേഹൂവിന്റെ കാലത്തുണ്ടായ വിപ്ലവത്തിൽ (841 ബി.സി) യേഹൂ ഒമ്രിയുടെ ഭവനക്കാരെയെല്ലാം കൊന്നൊടുക്കി. 

യെഹൂദയിലെ യുവരാജാവായ അഹസ്യാവിനെയും യേഹൂ കൊന്നു. (2രാജാ, 9:27). മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ അഥല്യ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു അധികാരം പിടിച്ചെടുത്തു. (2രാജാ, 11:1). ഒമ്ഷിയുടെ കുടുംബത്തോടു യാതൊരു സ്നേഹവുമില്ലാത്ത പ്രവാചകഗണങ്ങൾ യേഹുവിന്റെ വിപ്ലവത്തെ പിന്താങ്ങി. എന്നാൽ ഈ വിപ്ലവം യിസ്രായേലിനെ ക്ഷയിപ്പിച്ചു. യേഹൂവിന്റെ രാജവംശത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ നാല്പതു വർഷം യിസ്രായേൽ ജനത വളരെ കഷ്ടതകൾ സഹിച്ചു. അരാമ്യർ യിസ്രായേലിന്റെ യോർദ്ദാനക്കരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു; വടക്കൻ പ്രദേശങ്ങളും ആക്രമിച്ചു. അവർ യിസ്രായേൽ ആക്രമിക്കുകയും മെഡിറ്ററേനിയൻ സമുദ്രതീരത്തു കൂടി തെക്കുഭാഗത്തു വരെ എത്തുകയും ചെയ്തു. അശ്ശൂർ രാജാവായ അദാദ്-നിരാരി മൂന്നാമൻ സിറിയ ആക്രമിച്ചു ദമ്മേശെക്ക് കൊള്ളയടിച്ചു. ഇതു യിസ്രായേലിനു ആശ്വാസമായി. (2രാജാ, 13:5). ദമ്മേശെക്കിൽ നിന്നും യിസ്രായേലിനു മോചനം കിട്ടിയപ്പോൾ തങ്ങൾക്കു നഷ്ടപ്പെട്ട പല പ്രദേശങ്ങളും യിസ്രായേല്യർ അരാമ്യരിൽ നിന്നും തിരികെ പിടിച്ചു. ഈ കാലമത്രയും യഹോവയിലുള്ള വിശ്വാസത്തിൽ എലീശാപ്രവാചകൻ പതറാതെ നിന്നു. എലീശയുടെ മരണശയ്യയിൽ യിസ്രായേൽ രാജാവു അദ്ദേഹത്തെ സംബോധനം ചെയ്തതു ഇപ്രകാരമായിരുന്നു. “യിസായേലിന്റെ തേരും തേരാളികളുമായുള്ളാവേ.” (2രാജാ, 13:14). അരാമ്യരുടെ മേൽ യിസ്രായേൽ ജനത വിജയം കരസ്ഥമാക്കുമെന്നു പ്രവചിച്ചു കൊണ്ടാണു എലീശാ പ്രവാചകൻ മരിച്ചത്. 

ബി.സി. എട്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ യേഹൂവിന്റെ വംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തു (782-753) യിസ്രായേൽ വീണ്ടും അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്തു യെഹൂദാ ഭരിച്ചിരുന്നതു ഉസ്സീയാവായിരുന്നു. രണ്ടു രാജ്യങ്ങളും മുപ്പതു വർഷം സമാധാനത്തിലും സഹവർത്തിത്വത്തിലും കഴിഞ്ഞു. വിദേശീയാക്രമണത്തിൽ നിന്നും ഇരുരാജ്യങ്ങളും മുക്തമായി. ഇരുപത്തിമൂന്നാം രാജവംശത്തിൻ കീഴിൽ ഈജിപ്റ്റ് നിദ്രാണമായി. അശ്ശൂരിന്റെ ആക്രമണത്തിൽ ക്ഷയിച്ച ദമ്മേശെക്കിനു പുതിയ ആക്രമണങ്ങൾ നടത്താനുള്ള കഴിവു നഷ്ടപ്പെട്ടു. ശക്തമായ നേതൃത്വം നഷ്ടപ്പെട്ട അശ്ശൂരിനു തങ്ങളുടെ അധികാരം അടിച്ചേല്പിക്കാൻ ശക്തി ഇല്ലാതെയായി. ഈ ചുറ്റുപാടിൽ യൊരോബെയാം രണ്ടാമൻ സാമ്രാജ്യം വികസിപ്പിക്കുകയും രാഷ്ട്രസമ്പത്തു വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സമ്പത്തു കൂടുതലായും കേന്ദ്രീകരിച്ചതു അവിടത്തെ വലിയ വ്യാപാരികളുടെയും ഭൂവുടമകളുടെയും കൈകളിലായിരുന്നു. ആദ്യകാലത്തു തങ്ങളുടെ കൈവശമുണ്ടായിരുന്ന കുറച്ചു ഭൂമി കൃഷി ചെയ്ത് ജീവിച്ചിരുന്നവർക്കു പില്ക്കാലത്തു ഭൂവുടമകളുടെ അടിമകളാകേണ്ടി വന്നു. ഭൂവുടമകളും അടിമകളും തമ്മിലുള്ള വ്യത്യാസം ചോദ്യം ചെയ്തുകൊണ്ടു ആമോസ്, ഹോശേയ എന്നീ പ്രവാചകന്മാർ മുന്നോട്ടു വന്നു. യഹോവയുടെ ദിവസത്തിൽ ആസന്നമായ ന്യായവിധിയെക്കുറിച്ചു ആമോസ് പ്രവചിച്ചു. (5:18). യിസ്രായേല്യർ പ്രവാസികളായി അശ്ശൂരിലേക്കു പോകുമെന്നു ഹോശേയ പ്രവചിച്ചു.  (10:6). എന്നാൽ ഭാവിയിൽ അവർ തിരിഞ്ഞു യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. മശീഹയുടെ വാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു. (ഹോശേ, 2:20; 3:5). 

ബി.സി. 752-ൽ യൊരോബെയാമിന്റെ പുത്രൻ കൊല്ലപ്പെട്ടു. കൊലയും വിപ്ലവവും കാരണം ബി.സി. 745-ൽ യേഹൂവിന്റെ വംശം നശിച്ചു. അതേ വർഷം തിഗ്ലത്ത് പിലേസ്സർ മൂന്നാമൻ (പൂൽ) അശ്ശൂർ രാജാവായി. അദ്ദേഹം പല പ്രദേശങ്ങളും കീഴടക്കി. ബി.സി. 733-ൽ യിസ്രായേലിന്റെ ഉത്തരഗോത്രങ്ങളെ അദ്ദേഹം ബദ്ധരാക്കിക്കൊണ്ടു പോയി. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താണു് (740-732) ഇതു സംഭവിച്ചത്. (2രാജാ, 15:29). യിസ്രായേൽ രാജാവായ മെനഹേം തിഗ്ലത്ത്-പിലേസ്സറിനു കപ്പം കൊടുത്തു. എന്നാൽ പേക്കഹ് (736-732 ബി.സി) അശ്ശൂരിനെതിരായ നയമാണു പിന്തുടർന്നത്. ഈ ഉദ്ദേശ്യത്തോടുകൂടി പേക്കഹ് ദമ്മേശെക്കുമായി അടുപ്പത്തിലായി. തിഗ്ലത്ത്-പിലേസ്സർ ദമ്മേശെക്ക് കീഴടക്കുകയും അവിടത്തെ രാജവാഴ്ചയെ ഉന്മൂലനം ചെയ്യുകയും അവരുടെ ദേശം അശ്ശൂർ സാമ്രാജ്യത്തിന്റെ പ്രവിശ്യയാക്കി മാറ്റുകയും ചെയ്തു. യിസ്രായേലിന്റെ ഉത്തരഭാഗവും യോർദ്ദാനക്കരെയുള്ള പ്രദേശങ്ങളും വേർപെടുത്തി അശ്ശൂർ പ്രവിശ്യകളാക്കി. അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ജനത്തെയും അവിടെനിന്നും മാറ്റുകയും അശ്ശൂരിൽ നിന്നും ജനത്തെ കൊണ്ടുവന്നു ഈ പ്രദേശങ്ങളിൽ പാർപ്പിക്കുകയും ചെയ്തു. യിസ്രായേലിലെ ഒടുവിലത്തെ രാജാവായ ഹോശേയ മിസ്രയീമ്യ പ്രേരണയ്ക്കു വിധേയപ്പെട്ടു കപ്പം നിർത്തലാക്കി. അശ്ശൂർ രാജാവു അയാളെ തടവിലാക്കി. മൂന്നു വർഷത്തെ നിരോധനത്തിനു ശേഷം ബി.സി. 722-ൽ ശമര്യ അശ്ശൂരിനു കീഴടങ്ങി. ശമര്യ ഒരു അശ്ശൂർ പ്രവിശ്യയുടെ തലസ്ഥാനമായി. അശ്ശൂർ രാജാവായ സർഗ്ഗാൻ രണ്ടാമൻ 27290 പേരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:3-7). യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽ രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു. യഹോവ യിസായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാ ഗോത്രമല്ലാതെ ആരും ശേഷിച്ചില്ല. (2രാജാ, 17:8, 18).

One thought on “യിസ്രായേൽ”

Leave a Reply

Your email address will not be published. Required fields are marked *