മശീഹമാർ

അനേകർക്കും മശീഹ എന്നാൽ യേശു മശീഹയും ക്രിസ്തു എന്നാൽ യേശു ക്രിസ്തുവും മാത്രമാണ്. അതായത്, ബൈബിളിലെ ഏക ക്രിസ്തു യേശു മാത്രമാണെന്നാണ് പലരുടെയും ധാരണ. മറ്റൊരു മശീഹ അഥവാ, ക്രിസ്തു എന്നു കേൾക്കുന്നതുതന്നെ പലർക്കും അസ്വസ്ഥതയാണ്. എന്നാൽ, ബൈബിളിൽ അനേകം മശീഹമാർ ഉള്ളതായി പറഞ്ഞിട്ടുണ്ട്.

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു.

പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേശുവാണ്. (യെശ, 61:1-2; ലൂക്കൊ, 4:18; പ്രവൃ, 10:38). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ട് അഭിഷിക്തനുണ്ട്: മോശെയും. (എബ്രാ, 11:24-26) യിസ്രായേലും. (ഗലാ, 3:16).അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് പറഞ്ഞിട്ടില്ലെങ്കിലും യോഹന്നാൻ സ്നാപകനും അഭിഷിക്തനാണ്. (ലൂക്കൊ, 1:15; 1:41). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11).

പഴയനിയമത്തിൽ, മോശെ തുടങ്ങിയുള്ള പ്രവാചകന്മാരും, അഹരോൻ തുടങ്ങിയുള്ള പുരോഹിതന്മാരും, ശൗൽ തുടങ്ങിയുള്ള രാജാക്കന്മാരും അഭിഷിക്തർ ആണെങ്കിലും, “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:10), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ വിശേഷിപ്പിക്കുന്നതും; “നിൻ്റെ അഭിഷിക്തൻ” (സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) “തൻ്റെ അഭിഷിക്തൻ” (സങ്കീ, 20:6; 28:8) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്ത രാജാവ് ദാവീദിൻ്റെ സ്വന്തപുത്രനല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 89:3-4,29,36,37; ദാനീ, 7:13-14,18,21,27). ഈ വാഗ്ദത്ത സന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ, മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). അതുകൊണ്ടാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ്റെ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു ലോകത്തിൽ വെളിപ്പെട്ടപ്പോൾ, ദാവീദിൻ്റെ പുത്രനെന്ന് അറിയപ്പെട്ടത്: (മത്താ, 1:1,21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; 2തിമൊ, 2:8; എബ്രാ, 2:14,15).

ബൈബിളിൽ അഭിഷിക്തരെന്ന് മനസ്സിലാക്കാൻ കഴിയുന്നവരും പേർ പറയപ്പെട്ടവരുമായ ഇരുപത് പേരുണ്ട്. അതിൽ താരതമ്യേന വ്യത്യസ്തരായ അഞ്ച് പേരുണ്ട്. അവർ യഥാക്രമം; യിസ്രായേൽ, മോശെ, കോരെശ്, യോഹന്നാൻ സ്നാപകൻ, യേശുക്രിസ്തു എന്നിവരാണ്. അവരെക്കുറിച്ച് അല്പമായി പറഞ്ഞശേഷം, മുഴുവൻ മശീഹമാരെയും കാണാം:

1. യിസ്രായേൽ: പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രേയേലാണ്. പഴയനിയമം: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ  രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 105:15; 132:10; വിലാ, 4:20; ഹബ, 3:13.. പുതിയനിയമം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 12:10; 20:4; 20:6). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്.. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34). ആ ക്രിസ്തു യിസ്രായേലാണ്. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; സങ്കീ, 89:29-37; യെശ, 55:3; പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, അവൻ്റെ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-16). വാഗ്ദത്തം ലഭിച്ച സന്തതിയായ യിസ്രായേലിനെയും അവൻ്റെ ഉദ്ധാരണത്തിനായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുവിനെയും പൗലൊസ് തൻ്റെ ലേഖനത്തിൽ വേർതിരിച്ചു കാണിച്ചിട്ടുണ്ട്. (ഗലാ, 3:16-19). സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, മലയാളം ബൈബിൾ നൂതന പരിഭാഷയോ, കെ.ജെ.വിയോ നോക്കുക. ലോകാവകാശി എന്നാണ് പൗലൊസ് യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). എന്തെന്നാൽ, ഈ ഭൂമിയുടെ അവകാശിയും ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27). അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ പേർ വിളിക്കപ്പെട്ടവനും. ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ ബൈബിളിലെ ഏകജാതിയും യിസ്രായേലാണ്. (യെശ, 49:1-3). രണ്ടാം സങ്കീർത്തനത്തിലെ യഥാർത്ഥ അഭിഷിക്തൻ യിസ്രായേലാണ്. എന്നാൽ, അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൽ ആ പ്രവചനം ആരോപിച്ചിട്ടുണ്ട്. യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നത്. അതുകൊണ്ടാണ് ആ പ്രവചനം യേശുവെന്ന ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 13:32-39; 3:25-26). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന അഭിഷിക്തൻ യിസ്രായേലാണെന്ന് ചരിത്രത്തിലേക്ക് നോക്കിയാലും മനസ്സിലാക്കാം. യിസ്രായേലിൻ്റെ അനുഗ്രഹങ്ങളും അഭിധാനങ്ങളും വാഗ്ദത്തങ്ങളും അനവധിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തുവിനെ അഥവാ, അഭിഷിക്തനായ രാജാവിനെ അറിയാതെയും പഠിക്കാതെയും ബൈബിൾ യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, യേശു ലോകത്തിൽ വന്നത്, ന്യായപ്രമാണത്തെ അഥവാ, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ സകലതും നിവൃത്തിക്കാനാണ്. (മത്താ, 5:17-18).

2. മോശെ: പഴയനിയമത്തിൽ മശീഹ എന്ന് മോശെയെ അക്ഷരംപ്രതി പറഞ്ഞിട്ടില്ല; പുതിയനിയമത്തിലാണ് പറഞ്ഞിട്ടുള്ളത്. എന്തെന്നാൽ, പഴയനിയമത്തിൽ മോശെയുടെ കാലത്ത് അവനെ അഭിഷേകം ചെയ്യിക്കാൻ ഒരു പ്രവാചകനോ, അഭിഷിക്തനോ ഇല്ലായിരുന്നു. എന്നാൽ, മോശെയെ ദൈവം നേരിട്ട് പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയുണ്ട്. ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.” (സംഖ്യാ, 11:16-17). ദൈവം മോശെയെ ആത്മാവിനാൽ അഭിഷേകം ചെയ്തിരുന്നു എന്നതിൻ്റെ തെളിവാണ് മേല്പറഞ്ഞ വേദഭാഗം. അടുത്തവാക്യം നോക്കുക: “എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.” (സംഖ്യാ, 11:25). മോശെയുടെ മേലുള്ള ദൈവത്തിൻ്റെ ആത്മാവിനെ കുറേ എടുത്ത്, എഴുപതു പുരുഷന്മാർക്കു കൊടുത്തപ്പോൾ അവരും പ്രവാചകന്മാരായി മാറിയതായി കാണാം. തന്മൂലം, ദൈവം മോശെയെ ശക്തമായി അഭിഷേകം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ്, “യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” എന്ന് പഴയനിയമം പറയുന്നത്. (ആവ, 34:12). “മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു” എന്ന് പുതിയനിയമവും പറയുന്നു. (പ്രവൃ, 7:22). അതുകൊണ്ടാണ്, മോശെ എന്ന പുരുഷൻ, ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നത്. (സംഖ്യാ, 12:3). ദൈവം മോശെയെക്കുറിച്ച് പറഞ്ഞൊരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ  എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും.” (സംഖ്യാ, 12:7). തന്നെയുമല്ല, മോശെ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആണെന്ന് പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത് എബ്രായലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ക്രൈസ്തവരാകെ, ഈ വേദഭാഗം തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, യേശുക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും, മശീഹയെ (Messiah) അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്തു. (ദാനീ, 9:25,26). അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. ആ നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ മൂന്ന് തെളിവുകൾ തരാം: 1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തന്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവത്തിൻ്റെ നിന്ദയല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണില്ല. 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15,18). പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെന്ന് യേശുവിനെയും വാക്കിലും പ്രവൃത്തിയിലും സമർത്ഥനെന്ന് മോശെയെയും പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:19; പ്രവൃ, 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല. തന്മൂലം, എബ്രായലേഖകൻ പറയുന്ന അഭിഷിക്തൻ യേശുവെല്ല; മോശെയാണെന്ന് മനസ്സിലാക്കാം. മോശെ പ്രവാചകനും (ആവ, 18:15,18) പുരോഹിതനുമാണ്. (സങ്കീ, 99:6).

3. കോരെശ്: “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യെശ, 45:1). അഭിഷിക്തന്മാരിൽ ഏകജാതീയ രാജാവ് കോരെശാണ്. ബാബേൽ പ്രവാസത്തിൽനിന്നു യിസ്രായേൽ ജനത്തെ വിടുവിക്കാനാണ് ജാതീയ രാജാവായ കോരെശിനെ ദൈവം അഭിഷേകം ചെയ്തത്. (41:25; 44:28; 45:1-13; 48:14-20). ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും എസ്രായിലുമുള്ളത്. (36:22-23; 1:1,2).

4. യോഹന്നാൻ സ്നാപകൻ: “അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15). അടുത്തവാക്യം: “മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു.” (ലൂക്കൊ, 1:41). യോഹന്നാനെ എവിടെയും അഭിഷിക്തൻ അഥവാ, ക്രിസ്തു എന്ന് വിളിച്ചതായി കാണുന്നില്ല. എന്നാൽ, യോഹന്നാൻ അമ്മയുടെ ഉദരത്തിൽ ഇരിക്കെതന്നെ ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതായി മേല്പറഞ്ഞ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. സാധാരണ നിലയിൽ ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാനുള്ള പ്രായവും പക്വതയും ആകുമ്പോഴാണ് ദൈവം അവനെ അഭിഷേകം ചെയ്യുന്നത്. ലേവ്യർ മുപ്പത് വയസ്സുമുതലാണ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. (ലേവ്യ, 4:2,23; സംഖ്യാ, 4:30). യേശുവും ഏകദേശം മുപ്പത് വയസ്സ് മുതലാണ് ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 3:23). എന്നാൽ, യോഹന്നാൻ സ്നാപകൻ പ്രവചനംപോലെ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവനാണ്. എന്തന്നാൽ, ദൈവമുഖം കാണാതെയും ദൈവശബ്ദം കേൾക്കാതെയുമിരുന്ന നാന്നൂറ് വർഷത്തെ ഇരുണ്ട കാലഘട്ടത്തിനു ശേഷമാണ്, യോഹന്നാൻ വന്നത്. തന്മൂലം, അവനെ അഭിഷേകം ചെയ്യാൻ ന്യായപ്രമാണത്തിലെ മറ്റൊരു പ്രവാചകനും ഇല്ലായിരുന്നു. തന്നെയുമല്ല, ലോകസ്ഥാപനംമുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുവിന് വഴി ഒരുക്കേണ്ടവനാണ് യോഹന്നാൻ. (ഉല്പ, 3:15). അതുകൊണ്ടാണ്, ദൈവം അവനെ ഗർഭത്തിൽവെച്ചുതന്നെ അഭിഷേകം ചെയ്ത്, അവനെ ലോകത്തിൻ്റെ മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചത്. അവൻ യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾവരെ അവൻ്റെ വാസം മരുഭൂമിയിൽ ആയിരുന്നു എന്നതും ഓർക്കുക. (ലൂക്കൊ, 1:80). ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായിരുന്നു യോഹന്നാൻ. (ലൂക്കൊ, 16:16).

5. യേശുക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ബൈബിളിലെ അവസാനത്തെ ക്രിസ്തുവും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തിയും നമ്മുടെ കർത്താവായ യേശുവാണ്. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40,46; 2കൊരി, 5:21). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് എന്ന് പറയുന്നത്. (1തിമൊ, 3:14-16; മത്താ, 1:21; ലൂക്കൊ, 1:68). അതായത്, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോഴാണ്, യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിയായി, ദൈവം അവനെ പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്തത്. (യെശ, 61:1-2; ലൂക്കൊ, 3:22-23; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ ദൈവപിതാവിനാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്. (ലൂക്കൊ, 1:32,35; 3:22). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതെന്ന്, നസറെത്തിലെ പള്ളിയിൽവെച്ച് ശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.. (യെശ, 61:1-2; ലൂക്കൊ, 4:16-21). പേർപറയപ്പെട്ട ഇരുപത് അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ടെങ്കിലും യേശുവിനെപ്പോലെ അഭിഷേകം പ്രാപിച്ഛ മറ്റൊരാളില്ല. “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു” എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്. (ലൂക്കോ, 3:22). അതായത്, യേശുവിൻ്റെ മുഴുവൻ ശരീര രൂപത്തിലാണ് പരിശുദ്ധാത്മാവ് അവനിൽ വന്ന് ആവസിച്ചത്. അതുകൊണ്ടാണ്, “അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു” എന്ന് പൗലൊസ് പറഞ്ഞത്. (കൊലൊ, 2:9). യിസ്രായേലിനെപ്പോലെ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ പദവികൾ യേശുവിനുമുണ്ട്. (എബ്രാ, 3:1; ലൂക്കൊ, 24:19; മത്താ, 2:2). പഴയനിയമത്തിൽ യേശുവെന്ന അഭിഷിക്തനില്ല; അവനെക്കുറിച്ചുള്ള പ്രവചനമാണ് ഉണ്ടായിരുന്നത്. (യെശ, 61:1-2; ലൂക്കൊ, 4:16-21. ഒ.നോ: ഉല്പ, 3:15; യെശ, 7:14; 9:6).

അഭിഷിക്തന്മാർ: ‘അഭിഷേകം’ എബ്രായയിൽ മശാഹ് (masah – Anoint) ആണ്. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനാണ് മശീഹാ അഥവാ, ക്രിസ്തു. (2ശമൂ, 23:1; മത്താ, 1:1). ‘അഭിഷിക്തൻ’ എബ്രായയിൽ മശീഹ (masiah) ആണ്. ഗ്രീക്കിൽ ക്രിസ്റ്റൊസ് (christos) ആണ്. പഴയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന മശാഹ് എഴുപതോളം പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന മശീഹ നാല്പതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്നു ക്രിയൊ, ക്രിസ്മ എന്നിങ്ങനെ രണ്ട് പദങ്ങൾ എട്ടു പ്രാവശ്യമുണ്ട്. അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ, ക്രിസ്റ്റൊസ് അഞ്ചൂറ്റി എഴുപതോളം പ്രാവശ്യമുണ്ട്. പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന മശീഹ (Messias) എന്ന പദം സത്യവേദപുസ്തകത്തിൽ അഞ്ചുപ്രാവശ്യമുണ്ട്. എന്നാൽ, മൂലഭാഷയിൽ രണ്ടുപ്രാവശ്യമാണ് ഉള്ളത്. (യോഹ, 1:41; 4:25). ഇനി പഴയപുതിയ നിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന എല്ലാ മശീഹമാരെയും അറിയാം:

1. പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ. “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8)

2. പ്രവാചകനും പുരോഹിതനുമായ മോശെ. “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26)

3. ആദ്യത്തെ മഹാപുരോഹിതനായ അഹരോൻ. “അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.” (ലേവ്യ, 8:12. ഒ.നോ: പുറ, 40:13-16)

4. അഹരോൻ്റെ ആദ്യജാതനും പുത്രനും പുരോഹിതനുമായനാദാബ്. (പുറ, 40:13-16)

5. അഹരോൻ്റെ രണ്ടാമത്തെ പുത്രനും പുരോഹിതനുമായഅബീഹൂ. (പുറ, 40:13-16)

6. അഹരോൻ്റെ മൂന്നാമത്തെ പുത്രനും പുരോഹിതനുമായ എലെയാസാർ. (പുറ, 40:13-16)

7. അഹരോൻ്റെ നാലാമത്തെ പുത്രനും പുരോഹിതനുമായ ഈഥാമാർ. “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. പുരോഹിത ശുശ്രൂഷ ചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ.” (സംഖ്യാ, 3:2. ഒ.നോ: പുറ, 40:13-16)

8. യിസ്രായേലിലെആദ്യത്തെ രാജാവായ ശൗൽ. “ദാവീദ് തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (1ശമൂ, 24:6. ഒ.നോ: 12:3; 12:5; 24:6; 24:10; 26:9; 26:11; 26:16; 26:23; 2ശമൂ, 1:14; 1:16)

9. യിസ്രായേലിലെ രണ്ടാമത്തെ രാജാവും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനുമായ ദാവീദ്. “ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ. (2ശമൂ, 23:1. ഒ.നോ: 22:51;  2ദിന, 6:42; സങ്കീ, 89:20; 132:17)

10. ദാവീദ് രാജാവിൻ്റെ മൂന്നാമത്തെ പുത്രനും ഹെബ്രോനിൽ രാജാവുമായ അബ്ശാലോം. “നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.” (2ശമൂ, 19:10)

11. യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവുംദൈവം ജ്ഞാനികളിൽ ജ്ഞാനിയുമാക്കിയ ശലോമോൻ. “സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.” (1രാജാ, 1:39. ഒ.നോ: 1:34; 1:45; 5:1; 1ദിന, 29:22)

12. പുരോഹിതനായ സാദോക്ക്. “സാദോക്കിനെ പുരോഹിതനായിട്ടു അഭിഷേകം ചെയ്തു.” (1ദിന, 29:22)

13. അരാം രാജാവായ ഹസായേൽ. “യഹോവ ഏലീയാവിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.” (1രാജാ, 19:15)

14. വിഭക്ത യിസ്രായേലിലെ പതിനൊന്നാമത്തെ രാജാവായ യേഹൂ. “നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം.  (1രാജാ, 19:16. ഒ.നോ: 2രാജാ, 9:1-6; 9:12; 2ദിന, 22:7)

15. പ്രവാചകനായഎലീശ. “ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം. (1രാജാ, 19:16)

16. യെഹൂദയിലെ എട്ടാമത്തെ രാജാവായ യോവാശ്: “അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.” (2രാജാ, 11:12. ഒ.നോ: 2ദിന, 23:11)

17. യെഹൂദയിലെ പതിനേഴാമത്തെ രാജാവായ യെഹോവാഹാസ്: “പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.” (2രാജാ, 23:30)

18. പേർഷ്യൻ ചക്രവർത്തിയായകോരെശ്. “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു – അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകൾ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകൾ അടയാതിരിക്കേണ്ടതിന്നും ഞാൻ അവന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”  (യെശ, 45:1)

19. യേശുവിന് വഴിയൊരുക്കിയയോഹന്നാൻ സ്നാപകൻ: അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.” (ലൂക്കോ, 1:15).

20. പുരോഹിതനും പ്രവാചകനും രാജാവുമായ നമ്മുടെ കർത്താവായയേശുക്രിസ്തു. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38).

പുതിയനിയമത്തിൽ അഭിഷിക്തനെ കുറിക്കുന്ന ക്രിസ്തു അഥവാ ക്രിസ്റ്റൊസ് (Christos) എന്ന പദം അഞ്ചൂറ്ററുപതോളം പ്രാവശ്യം യേശുവിനെയാണ് കുറിക്കുന്നത്. ഏഴ് വാക്യം യിസ്രായേലിനെ കുറിക്കുന്നു. (യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6), ഒരു വാക്യം മോശെയെയും (എബ്രാ, 11:26) ഒരു വാക്യം പഴയനിയമ പ്രവാചകന്മാരെയും കുറിക്കുന്നു. (1പത്രൊ, 1:11).

പഴയനിയമ പ്രവാചകന്മാർ: “നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രൊ, 1:10,11). ഈ വേദഭാഗവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പ്രവാകന്മാരിൽ ഉണ്ടായിരുന്നത്, ക്രിസ്തുവിൻ്റെ ആത്മാവാണ്. എന്നാൽ, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ആത്മാവ് അല്ല. Spirit of Christ എന്നത് അഭിഷിക്തന്റെ ആത്മാവ് എന്ന് കൃത്യമായി പരിഭാഷപ്പെടുത്തിയാൽ, പ്രവാചകന്മാരിൽ വ്യാപരിച്ചിരുന്ന അഭിഷിക്തന്റെ ആത്മാവ്, ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ആരാഞ്ഞുനോക്കി” എന്ന് കിട്ടും. അതായത്, ദൈവത്തിൻ്റെ അഭിഷിക്തന്മാരായ പ്രവാചകന്മാർ, അവരിലുണ്ടായിരുന്ന ദൈവത്തിൻ്റെ ആത്മാവിനാൽ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാലാണ് വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് ആരാഞ്ഞുനോക്കിയത്. അല്ലാതെ, യേശുവെന്ന ക്രിസ്തുവിൻ്റെ ആത്മാവിനാലല്ല.

വിശ്വാസികളുടെ അഭിഷേകം: പുതിയനിയമത്തിൽ അഭിഷേകത്തെ കുറിക്കുന്ന ക്രിയൊ (chrio) എന്ന ഗ്രീക്കുപദം അഞ്ച് പ്രാവശ്യമുണ്ട്. അതിൽ മൂന്നെണ്ണം യേശുവിൻ്റെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (ലൂക്കൊ, 4:18; പ്രവൃ, 4:27; 10:38). ഒരെണ്ണം സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (2കൊരി, 1:21). ഒരെണ്ണം യിസ്രായേലിൻ്റെ അഭിഷേകത്തെയും കുറിക്കുന്നു. (എബ്രാ, 1:9). അഭിഷേകത്തെ കുറിക്കുന്ന ക്രിസ്മ (chrîsma) എന്ന പദം രണ്ട് വാക്യങ്ങളിലായി മൂന്നു പ്രാവശ്യമുണ്ട്. അത് സഭയുടെ മേലുള്ള അഭിഷേകത്തെ കുറിക്കുന്നു. (1യോഹ, 2:20; 2:27). അതായത്, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ സ്നാപകൻ ഉൾപ്പെടെ പഴയനിമത്തിൽ അനേകം ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാരുണ്ട്. എന്നാൽ, പുതിയനിയമ വിശ്വാസികളെ ആരെയും ക്രിസ്തു അഥവാ, മശീഹ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

പുതിയനിയമത്തിൽ വേർതിരിക്കപ്പെട്ട ശുശ്രൂഷകന്മാരുണ്ട്. (1കൊരി, 12:28; എഫെ, 4:11). എന്നാൽ, അഭിഷിക്തരെന്നും അനഭിഷിക്തരെന്നും ഒരു വേർതിരിവ് ബൈബിളിലില്ല. എന്തെന്നാൽ, വിശ്വാസികളെ ആരെയും ദൈവം വ്യക്തിപരമായി അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. എന്നാൽ, മൂന്ന് വാക്യങ്ങളിലായി നാലുപ്രാവശ്യം സഭയെ അഥവാ, വിശ്വാസികളെ അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (2കൊരി, 1:21; 1യോഹ, 2:20,27). അതായത്, നമ്മുടെ കർത്താവായ ക്രിസ്തു സഭയുടെ തലയാണ്. (എഫെ, 1:22; 4:15; 5:23; കൊലൊ, 1:18; 2:19). ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരത്തിൻ്റെ അവയവങ്ങളാണ് വിശ്വാസികൾ. (റോമ, 12:5; 1കൊരി, 6:15; 12:18-20; 12:27; എഫെ, 5:20). തന്മൂലം, സഭയുടെ തലയായ ക്രിസ്തുവിനെ മാത്രമാണ് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്നത്. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യേശുക്രിസ്തുവിലൂടെ രക്ഷിക്കപ്പെട്ട്, സഭയായ അവൻ്റെ ശരീരത്തിലെ അവയവങ്ങൾ ആകുന്നവർ, ക്രിസ്തുവിലുള്ള അഭിഷേകത്തിന് കൂട്ടാളികൾ ആകുകയാണ് ചെയ്യുന്നത്. “തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നതു” എന്ന് പൗലൊസ് പറയുന്നത് നോക്കുക. (കൊലൊ, 2:19). മഹാപുരോഹിതനായ അഹരോൻ്റെ തലയിലൊഴിച്ച അഭിഷേകതൈലം അവൻ്റെ താടിയിലൂടെ ഒഴുകി ശരീരത്തിലേക്ക് വ്യാപിക്കുന്നതായി 133-ാം സങ്കീർത്തനത്തിൽ ദാവീദ് വർണ്ണിച്ചിരിക്കുന്നതും കാണുക. സഭയെന്ന ശരീരത്തിൻ്റെ തലയായ ക്രിസ്തുവിനെ അഭിഷേകം ചെയ്തിട്ട്, ശരീരത്തിലെ അവയവങ്ങളായ നമ്മളെ; പ്രത്യേകം പ്രത്യേകം അഭിഷേകം ചെയ്യേണ്ടതില്ല.  തന്മൂലം, വേർതിരിക്കപ്പെട്ട അഭിഷിക്തന്മാർ ദൈവസഭയ്ക്ക് ഇല്ല. യേശുക്രിസ്തു തലയായിരിക്കുന്ന; അവൻ്റെ ശരീരമായ സഭയോട് ചേർന്നവർ എല്ലാവരും ഒരുപോലെ അഭിഷിക്തരും, തങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തിരഞ്ഞെടുക്കപ്പെട്ട രാജകീയ പുരോഹിത വർഗ്ഗവുമാണ്. (1പത്രൊ, 2:9). സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യട്ടെ!

Leave a Reply

Your email address will not be published. Required fields are marked *