ബൈബിൾ എന്ന പദം വചനത്തിലില്ലേ❓

ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിനെ (Father, the only true God) തള്ളി, മൂന്നു വ്യത്യസ്ത വ്യക്തികൾ ഉണ്ടെന്ന് വരുത്തുകയും അവരെ ഒരുപോലെ ദൈവമാക്കുകയും ചെയ്യണമെങ്കിൽ, ത്രിത്വമെന്ന ഉപദേശം വചനത്തിൽ ഉണ്ടെന്ന് വ്യാജമായി സ്ഥാപിക്കണം: (യോഹ, 17:3; യോഹ, 5:44 → 1കൊരി, 8:6; എഫെ, 4:6). നിർഭാഗ്യവശാൽ, ത്രിത്വമെന്ന പദമോ, ആശയമോ വചനത്തിലില്ല: [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?, ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?]. “ത്രിത്വം” എന്നപദം ദൈവവചനത്തിൽ ഇല്ലാത്തതിനെ ന്യായീകരിക്കാൻ, “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായ പദങ്ങൾ വചനത്തിൽ ഇല്ലെന്നാണ് ട്രിനിറ്റിയുടെ കണ്ടെത്തൽ. അതായത്, “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായ പദങ്ങൾ ബൈബിളിൽ ഇല്ലാതിരുന്നിട്ടും, ആ പദങ്ങൾ ഉപയോഗിക്കുന്നുണ്ടല്ലോ, അതിനാൽ, ദൈവം “ത്രിത്വം” ആണെന്നു പറഞ്ഞാൽ കുഴപ്പമില്ലെന്നാണ് അവരുടെ വാദം. അതിനോടുള്ള ബന്ധത്തിൽ രണ്ടു കാര്യങ്ങൾ ആമുഖമായി പറയാം: 1.  “ത്രിത്വം” എന്ന പദം മാത്രമല്ല; ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുവ്യക്തി, സാരാംശത്തിലൊന്ന് തുടങ്ങി, നിങ്ങൾ “ത്രിത്വം” എന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും വചനത്തിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് ത്രിത്വവിശ്വാസം. 2. “ബൈബിൾ, സർവ്വജ്ഞാനി, സർവ്വവ്യാപി” മുതലായവ പഥങ്ങൾ അങ്ങനെതന്നെ പറയണമെന്ന് ആർക്കാണിത്ര നിർബന്ധം? തന്നെയുമല്ല, ആ പദങ്ങൾ ഉണ്ടെന്നോ, ഇല്ലെന്നോ വാദിക്കാൻ അതാരുടെയും ഉപദേശമല്ല; ആദ്യത്തേത്, പഴയപുതിയനിയമങ്ങളെ പൊതുവായ പറയുന്ന ഒരു പേരും അടുത്ത രണ്ടെണ്ണം, ദൈവത്തിൻ്റെ അപ്രദേയ ഗുണങ്ങൾ അല്ലെങ്കിൽ, സവിശേഷ ഗുണങ്ങളുമാണ്. അതിനെ അതങ്ങനെതന്നെ പറയണമന്ന് യാതൊരു നിർബന്ധമില്ല. ഇനി, ട്രിനിറ്റിയുടെ ഈ ന്യായവാദത്തിൻ്റെ വൈകല്യമെന്താണെന്ന് പരിശോധിക്കാം:

1️⃣ ബൈബിൾ: “ബൈബിൾ” (The Bible) എന്ന പദത്തിൻ്റെ അർത്ഥം “പുസ്തകങ്ങൾ” (The Books) എന്നാണ്. പഴയപുതിയനിയമങ്ങളെ കുറിക്കുന്ന “പുസ്തകങ്ങൾ” (The Books) എന്നർത്ഥമുള്ള, “ബൈബിൾ” (THE BIBLE) എന്ന പദമുണ്ടായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്കു സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന “റ്റാ ബിബ്ലിയ” (τὰ βιβλία – ta biblia) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്: (2രാജാ, 19:14; 1തിമൊ, 4:13 → 1മക്കാ, 1:56; 1മക്കാ, 12:9 2രാജാ, 20:12; സഭാ, 12:12; യോഹ, 21:25; വെളി, 20:12). 

ഗ്രീക്ക് പുതിയനിയമത്തിൻ്റെ ആദ്യ വാക്ക്, “പുസ്തകം” (The Book) എന്നർത്ഥമുള്ള “ബിബ്ലോസ്” (βίβλος – biblos) എന്നാണ്: (മത്താ, 1:1). മത്തായി സുവിശേഷത്തിൻ്റെ പ്രാരംഭഭാഗം ഇപ്രകാരമാണ്: “ബിബ്ലോസ് ജെനെസെയോസ് യീസൗ ഖ്രിസ്റ്റൗ” (Βίβλος γενέσεως Ἰησοῦ Χριστοῦ – Biblos geneseōs Iēsou Christou). ഇംഗ്ലീഷിൽ, “The book of the generation of Jesus Christ” എന്നാണ്. “ബിബ്ലോസിൻ്റെ” (βίβλος – biblos) ബഹുവചനരൂപമാണ് “ബിബ്ലിയ” (βιβλία – biblia). “റ്റാ” (τὰ – ta) അഥവാ, “The” എന്നത്, ഒരു പ്രത്യേക വ്യക്തി, സ്ഥലം അല്ലെങ്കിൽ, വസ്തു എന്നിവയെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു നിശ്ചിത വിശേഷണമാണ് (definite article). ബിബ്ലിയ എന്ന ഗ്രീക്കുപദത്തിനും ബൈബിൾ എന്ന ഇംഗ്ലീഷ് പദത്തിനും “പുസ്തകങ്ങൾ അല്ലെങ്കിൽ ചുരുളുകൾ എന്നാണർത്ഥം. അതിനാൽ, ബൈബിൾ എന്ന പദം വചനത്തിൽ ഇല്ലെന്ന് പറയുന്നതിൽ യാതൊരടിസ്ഥാനവുമില്ല. അതായത്, “ബൈബിൾ” എന്നത് ദൈവവചനത്തിലുള്ള “ബിബ്ലിയ” എന്ന ഗ്രീക്കുപദത്തിൻ്റെ ഇംഗ്ലീഷ് രൂപമാണ്. അല്ലാതെ, വചനത്തിൽ ഇല്ലാത്തതല്ല. “ബൈബിൾ” എന്ന് അക്ഷരംപ്രതി വചനത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്ന വ്യസനമുള്ളവർ, ഇന്നു മുതൽ “ബിബ്ലിയ” എന്ന മൂലഭാഷയിലുള്ള പേരു പറഞ്ഞാൽ മതി. അല്ലാതെ ഏകസത്യദൈവമായ പിതാവിനെ (Father, the only true God) ത്രിത്വബഹുദൈവം ആക്കാനാള്ള കുറുക്കുവഴിയായി അതിനെ കാണാമെന്ന് വിചാരിക്കണ്ട.

പഴയപുതിയനിയമ പുസ്ങ്ങതകങ്ങളെ “ബൈബിൾ” എന്നുതന്നെ വിളിക്കണമെന്ന് വചനം പറയുന്നില്ല. ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വേറെയും പല പേരുകളുണ്ട്. “ബൈബിൾ” എന്ന പേർ പറയാൻ ബുദ്ധിമുട്ടുള്ള ആരെങ്കിലുമുണ്ടെങ്കിൽ, അതിൽ ഏതെങ്കിലും ഒന്നു പറഞ്ഞാൽപ്പോരേ? ഉദാഹരണം കാണുക:
ദൈവവചനം: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്ര, 4:12). ഇത് ഏതെങ്കിലും ഒരു ഭാഗത്തെയോ, പുസ്തകത്തെയോ കുറിക്കുന്ന പ്രയോഗമല്ല; പഴയപുതിയ നിയമങ്ങളെ മുഴുവൻ കുറിക്കുന്നതാണ്. അടുത്തവാക്യം: “ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?” (1കൊരി, 14:36). ഇവിടെയും ഏതെങ്കിലുമൊരു വചനത്തെക്കുറിച്ചോ, പുസ്തകത്തെക്കുറിച്ചോ അല്ല; മുഴുവൻ പുസ്തകങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
തിരുവെഴുത്തുകൾ: “എല്ലാ തിരുവെഴുത്തും (scripture) ദൈവശ്വാസീയം” എന്ന് പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:16). ഈ വേദഭാഗത്ത്, തിരുവെഴുത്തിനെ (The scripture) കുറിക്കുന്ന ഗ്രീക്കുപദം, “ഗ്രാഫേ” (γραφὴ -graphē) ആണ്. അതിൻ്റെ ബഹുവചരൂപമായ “തിരുവെഴുത്തുകളെ” (The Scriptures) കുറിക്കാൻ “ഗ്രാഫൈ” γραφαὶ – graphai) എന്ന പദവും കാണാം: (മത്താ, 26:54: 26:56; മർക്കൊ, 14:49). “എല്ലാ തിരുവെഴുത്തും” (All scripture) എന്ന പൗലൊസിൻ്റെ പ്രയോഗം പഴയപുതിയനിയമങ്ങളെ മുഴുവനായി സൂചിപ്പിക്കുന്നതാണ്. അതിനാൽ, “തിരുവെഴുത്തുകൾ” (The Scriptures) എന്ന ബഹുവചന പ്രയോഗം പഴയപുതിയനിയമങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാം. 
ജീവൻ്റെ വചനം: “ജീവൻ്റെ പുസ്തകം” (Book of Life) എന്ന മറ്റൊരു പേര് പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിട്ടുണ്ട്. (സങ്കീ, 69:28; വെളി, 20:12; മത്താ, 15:6). കൂടാതെ, സത്യഗ്രന്ഥം (ദാനീ, 10:21), യഹോവയുടെ പുസ്തകം (യെശ, 34:16), വിശുദ്ധരേഖ (റോമ, 1:1), ദൈവത്തിന്റെ അരുളപ്പാടുകൾ (റോമ, 3:2), വിശ്വാസവചനം: (റോമ, 10:8) നീതിയുടെ വചനം (എബ്രാ, 5:13), സത്യവചനം (2തിമൊ, 2:15), നീതിയുടെ വചനം (എബ്രാ, 5:13) എന്നിവയൊക്കെ ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ല. [കാണുക: മറ്റുപേരുകൾ]

2️⃣ സർവ്വജ്ഞാനി: “മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?” (ഇയ്യോ, 37:16). ഈ വേദഭാഗത്ത്, ദൈവത്തിൻ്റെ ജ്ഞാസമ്പൂർണ്ണതയെ കുറിക്കാൻ, “തെമീം ദേയീം” (תְּמִ֣ים דֵּעִֽים – temim deim) എന്ന രണ്ട് പദമാണ് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന്, പരിപൂർണ്ണ ജ്ഞാനമുള്ളവൻ, സർവ്വജ്ഞതയുടെ പൂർണ്ണതയുള്ളവൻ, കുറ്റമറ്റ അറിവുള്ളവൻ, സർവ്വജ്ഞാനി എന്നൊക്കെയാണ് അർത്ഥം. Perfect in knowledge (Tanakh, NKJV),  Perfect knowledge (KJV, NIV) എന്നിങ്ങനെ കാണാം. അതായത്, സർവ്വജ്ഞാനി എന്ന് അക്ഷരംപ്രതി ഇല്ലെന്നേയുള്ളു; സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരുന്ന “ജ്ഞാനസമ്പൂർണ്ണൻ” എന്ന പദത്തിൻ്റെ പര്യായമാണ് “സർവ്വജ്ഞാനി” (Omniscient) എന്ന പദം. ദൈവം സർവ്വജ്ഞാനി ആണെന്നുന്നുപറഞ്ഞ് ആരും ബുദ്ധിമുട്ടണമെന്നില്ല; ജ്ഞാനസമ്പൂർണ്ണൻ എന്ന ബൈബിളിലുള്ള പദം ഉപയോഗിച്ചാൽ മതി, 

3️⃣ സർവ്വവ്യാപി: “ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 23:23-24). എബ്രായയിൽ ആകാശങ്ങൾ അഥവാ, സ്വർഗ്ഗങ്ങൾ (The heavens and the earth) എന്നാണ്: (Tanakh, → 2കൊരി, 12:2). ദൈവം ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണ്. “സർവ്വവ്യാപി” (Omnipresent) എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ് വചനത്തിലുള്ള “ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ” എന്നത്. അടുത്തവാക്യം: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” (യെശ, 66:1). അടുത്തവാക്യം: “ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1രാജാക്ക,  8:27 → 2ദിന, 2:6; 2ദിന, 6:8). അടുത്തവാക്യം: “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). അടുത്തവാക്യം: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 7:28). ഈ വാക്യങ്ങളൊക്കെ, ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നവനാണ് എന്നതിൻ്റെ തെളിവുകളാണ്. ദൈവത്തെ “സർവ്വവ്യാപി” എന്നെ വിശേഷിപ്പിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല; വചനത്തിൽ പറഞ്ഞിട്ടുള്ള “ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ” എന്ന് പറഞ്ഞാൽ മതി. 

വചനം വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവത്തെ ത്രിത്വദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. വ്യാജങ്ങളുടെ കോട്ടകെട്ടി സ്വയം അപഹാസ്യരാകാതെ. ഏകസത്യദൈവമായ പിതാവിലും (Father, the only true God) അവൻ്റെ ക്രിസ്തുവിലും വിശ്വസിച്ച് രക്ഷപ്രാപിക്കാൻ നോക്കുക. ഇല്ലാത്ത ത്രിത്വത്തിൻ്റെ പുറകേപോയി ജീവിതം കോഞ്ഞാട്ടയാക്കരുത്.

ദൈവം ഒരുത്തൻ മാത്രം:
➼ “ദൈവം ഏകൻ (ഒരുത്തൻ മാത്രം)” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.” (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം:
➼ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം:
➼ “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29).  “ദൈവം ഒരുത്തൻ മാത്രം – The only God” (യോഹ, 5:44), “ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God”  (യോഹ, 17:3), “പിതാവിനെ മാത്രം ആരാധിക്കണം” (മത്താ, 4:10; ലൂക്കൊ, 4:8), “എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു” (മത്താ, 24:36), “എന്റെ പിതാവു എല്ലാവരിലും വലിയവൻ” (യോഹ, 10:29), “പിതാവു് എന്നെക്കാൾ വലിയവനാണു” (യോഹ, 14:28), “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19), “മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” (യോഹ, 8:40), “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം:
➼ “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), “യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. 
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം:
➼ “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “ഏകജ്ഞാനിയായ ദൈവം – The only wise God” (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
➼ “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?

Leave a Reply

Your email address will not be published. Required fields are marked *